ടെറസ് കൃഷിയിൽ വിജയഗാഥയുമായി ദന്പതികൾ
1478116
Monday, November 11, 2024 3:57 AM IST
കട്ടപ്പന: കൃഷിചെയ്യാൻ സ്ഥലത്തിന്റെ വിസ്തീർണം പ്രശ്നമല്ല. മനസുണ്ടെങ്കിൽ ടെറസിലും കൃഷിചെയ്തു വിജയം നേടാം. കട്ടപ്പന വെട്ടിക്കുഴക്കവല സ്വദേശികളായ ദമ്പതികളാണ് സ്ഥലപരിമിതിയെ വെല്ലുവിളിച്ച് കൃഷി ഇറക്കി മാതൃകയാകുന്നത്.
കായപ്ലാക്കൽ ശ്രീജയും ഭർത്താവ് മധുവുമാണ് വീടിന്റെ മുറ്റവും ടെറസുമടക്കം പച്ചക്കറി കൃഷിചെയ്ത് വിജയം നേടിയത്. ഇവർക്ക് വീട് ഉൾപ്പെടെ പത്ത് സെന്റ് സ്ഥലമാണ് ഉള്ളത്. ഈ സ്ഥലമാണ് മികച്ച രീതിയിൽ പച്ചക്കറി, ഫലവർഗ കൃഷിയിടമാക്കി മാറ്റിയത്. ജോലിക്കു ശേഷം കിട്ടുന്ന സമയങ്ങളിലാണ് ദന്പതികൾ കൃഷി ചെയ്യുന്നത്.
പയർ, പാവൽ, കപ്പ, ഇഞ്ചി, കാബേജ്,വെണ്ട, പാഷൻ ഫ്രൂട്ട്, പച്ചമുളക് തുടങ്ങിയവയാണ് ഇത്തിരി പോന്ന സ്ഥലത്ത് സമൃദ്ധമായി കൃഷിചെയ്യുന്നത്. രാവിലെയും വൈകുന്നേരവും അര മണിക്കൂർ വീതം സമയമാണ് ഇവർ കൃഷി പരിപാലനത്തിനായി മാറ്റിവയ്ക്കുന്നത്.
ചാക്കിലും ഗ്രോ ബാഗുകളിലും മണ്ണു നിറച്ചാണ് കൃഷി. ജൈവ രീതിയിലാണ് പരിപാലനം. നിലവിൽ മികച്ച വിളവാണ് ലഭിക്കുന്നത്. വീട്ടാവശ്യത്തിന് എടുത്ത ശേഷം സമീപത്തെ വീട്ടുകാർക്കും ഇവർ പച്ചക്കറികൾ നൽകുന്നുണ്ട്.