500 രൂപയിൽ താഴെ മുദ്രപത്രമില്ല; ചെറുകിട ഇടപാടുകാർ വലയുന്നു
1478593
Wednesday, November 13, 2024 3:38 AM IST
തൊടുപുഴ: ജില്ലയിൽ 500 രൂപയിൽ താഴെ മൂല്യമുളള മുദ്രപത്രങ്ങൾ കിട്ടാനില്ല. വിവിധ ആവശ്യങ്ങൾക്കായി ചെറിയ മുദ്രപത്രങ്ങൾ അന്വേഷിച്ചെത്തുന്ന സാധാരണക്കാർ വൻ തുക മുടക്കേണ്ട അവസ്ഥയാണ്. 50, 100 രൂപയുടെ മുദ്രപത്രങ്ങൾ ഉപയോഗിക്കേണ്ട ഇടപാടുകൾക്കെല്ലാം 500 രൂപ ചെലവഴിക്കേണ്ടി വരുന്നു.
ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകർപ്പ്, വിവിധ എഗ്രിമെന്റുകൾ, മുക്ത്യാർ, വാടകച്ചീട്ട് തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം 50, 100 രൂപ മുദ്രപത്രങ്ങൾ മാത്രം മതിയെന്നിരിക്കെയാണ് അഞ്ചിരട്ടി തുക മുടക്കാൻ ഇടപാടുകാർ നിർബന്ധിതരാകുന്നത്. ആധാരം എഴുത്തുകാരുടെ സംഘടനകൾ പലവട്ടം ഇത് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
പല ട്രഷറികളിലും 1,000 രൂപയുടെ മുദ്രപത്രങ്ങൾ പോലും കിട്ടാനില്ല. മുദ്രപത്ര ക്ഷാമം പരിഹരിക്കുന്നതിന് അഞ്ച്,10,20 ഡിനോമിനേഷനുള്ള മുദ്രപത്രങ്ങൾ 50,100 രൂപയുടെ മുദ്രപത്രങ്ങളായി റീവാല്യുവേറ്റ് ചെയ്ത് നൽകുന്നുണ്ടെങ്കിലും ആവശ്യത്തിന്റെ ചെറിയൊരു ഭാഗം നിറവേറ്റാൻ പോലും സാധിക്കുന്നില്ല.
സംസ്ഥാനത്ത് രജിസ്ട്രേഷൻ ഇതര ആവശ്യങ്ങൾക്കുള്ള നോണ്‍ ജുഡീഷ്യൽ മുദ്രപത്രങ്ങൾ 2023 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതേത്തുടർന്ന് എല്ലാ സ്റ്റാന്പ് വെണ്ടർമാരും കംപ്യൂട്ടർ പ്രിന്റർ, നെറ്റ് കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. സ്റ്റാന്പ് വെണ്ടർമാർക്ക് രണ്ടുതവണ ട്രഷറി ഡിപ്പാർട്ട്മെന്റ് ഇ-സ്റ്റാന്പ് എടുക്കുന്നതിനുള്ള പരിശീലനവും നൽകി.
ഇ-സ്റ്റാന്പ് വരുന്നത് കണക്കിലെടുത്ത് നാസിക്, ഹൈദരാബാദ് എന്നിവിടങ്ങളിലെ സെക്യൂരിറ്റി പ്രസുകളിൽ മുദ്രപത്രങ്ങളുടെ പ്രിന്റിംഗ് നിർത്തിവച്ചു. ഇതോടെയാണ് ചെറിയ ഇടപാടുകൾക്കുളള മുദ്രപത്രങ്ങൾക്ക് ക്ഷാമം നേരിടുന്നതിന് കാരണമായി പറയുന്നത്.