അന്തര്‍സംസ്ഥാന ചന്ദനമോഷണ സംഘാംഗം പിടിയില്‍
1478547
Tuesday, November 12, 2024 7:40 AM IST
നെടുങ്കണ്ടം: അന്തര്‍സംസ്ഥാന ചന്ദന മോഷണ സംഘത്തിലെ ഒരാളെ വനംവകുപ്പിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടി. സന്യാസിയോടയില്‍ ചന്ദനത്തടികള്‍ ചെത്തി ഒരുക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. കൂടെയുണ്ടായിരുന്ന നാലുപേര്‍ ഓടി രക്ഷപ്പെട്ടു. തൊടുപുഴ ഉടുമ്പന്നൂര്‍ ചെരിവുപറമ്പില്‍ സനീഷ് ചെറിയാന് (36) ആണ് അറസ്റ്റിലായത്.
പല സ്ഥലങ്ങളില്‍നിന്നു മോഷ്ടിക്കുന്ന ചന്ദനത്തടികള്‍ സന്യാസിയോടയിലെ ചെരുവിള പുത്തന്‍വീട്ടില്‍ എസ്. ഷിബു എന്ന പൊക്കന്‍ ഷിബുവിന്റെ വീട്ടിലെത്തിച്ച് കാതല്‍ ചെത്തിയൊരുക്കിയാണ് കടത്തിയിരുന്നത്. ഇവിടെ ചന്ദനത്തടികള്‍ ഒരുക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതി കുടുങ്ങിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തിയതോടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അറസ്റ്റിലായ സനീഷിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇതിനിടെ ഷിബുവും തൂക്കുപാലത്തെ വര്‍ക്ക് ഷോപ്പ് തൊഴിലാളിയായ സച്ചു, തൂക്കുപാലം സ്വദേശി ബിജു, ഓട്ടോറിക്ഷാ തൊഴിലാളി കണ്ണന് എന്ന് വിളിക്കുന്ന അഖില്‍ എന്നിവരും രക്ഷപ്പെട്ടു.
രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 15 കിലോയോളം ഒരുക്കിയ ചന്ദനം, വാക്കത്തി, കോടാലി, വാള് തുടങ്ങിയവയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. മുമ്പ് പോലീസിന്റെ തണ്ടര്‍ബോട്ട് അംഗമായിരുന്നു പിടിയിലായ സനീഷ്.
സ്വഭാവ ദൂഷ്യത്തെത്തുടര്‍ന്ന് ഇയാളെ സേനയില്‍നിന്നു പിരിച്ചുവിടുകയായിരുന്നു. ഇയാളുടെ പേരില്‍ ചന്ദന മോഷണം, അബ്കാരി കേസുകള്‍, ക്രിമിനല്‍ കേസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ വിവിധ പോലീസ്, എക്സൈസ് സ്റ്റേഷനുകളില്‍ ഉണ്ട്. പട്ടയ ഭൂമികളിലെ ചന്ദനമരങ്ങളായിരുന്നു സംഘം പതിവായി കടത്തിയിരുന്നത്. കേരളത്തില്‍നിന്നു മോഷ്ടിക്കുന്ന ചന്ദനം തമിഴ്നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു പതിവ്.
പട്ടം കോളനി മേഖലയിൽ കഴിഞ്ഞ കുറേനാളുകളായി വ്യാപകമായി ചന്ദന മോഷണങ്ങള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് കുമളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ. അനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ജോജി എം. ജേക്കബിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മോഷ്ടാവ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഉദ്യോഗസ്ഥരായ പി.എസ്. നിഷാദ്, അരുണ്‍ ജോയി, ഇ.എസ്. ഷൈജു, പി.എസ്. ജോബിന്, വി.കെ. മഞ്ചേഷ്, ബി.എസ്. ബാദുഷ, പ്രിന്‍സ് ജോണ്‍, പി.ടി. വിനോദ് തുടങ്ങിയവര്‍ റെയ്ഡിൽ പങ്കെടുത്തു.