സഹ. ബാങ്ക് ഭരണസമിതിയുടെ അവകാശവാദം അടിസ്ഥാനരഹിതം: കോൺഗ്രസ്
1478610
Wednesday, November 13, 2024 3:50 AM IST
കട്ടപ്പന: വണ്ടന്മേട് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി കഴിഞ്ഞദിവസം കോണ്‍ഗ്രസിനെതിരേ നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് കോൺഗ്രസ് നേതാക്കള്‍. കഴിഞ്ഞ രണ്ടിന് വാര്‍ഷിക പൊതുയോഗം നടക്കാത്തത് നാലിലൊന്ന് അംഗങ്ങള്‍ ഹാജരാകാതിരുന്നതിനാലാണെന്നാണ് പ്രസിഡന്റിന്റെ വിശദീകരണം.
എന്നാല്‍, നൂറുകണക്കിന് അംഗങ്ങള്‍ നിശ്ചിതസമയത്തിന് മുമ്പ് തന്നെ പൊതുയോഗം നടക്കുന്ന ഹാളിന് പുറത്തുണ്ടായിരുന്നു. അംഗങ്ങളുടെ ഒപ്പ് രേഖപ്പെടുത്തി ഹാളിൽ പ്രവേശിപ്പിച്ചില്ല. നെഞ്ചുവേദന അനുഭവപ്പെട്ടെന്നു പറഞ്ഞ് പ്രസിഡന്റ് സ്വന്തം വാഹനം ഓടിച്ചുപോകുന്നത് എല്ലാവരും കണ്ടതാണ്. പൊതുയോഗം നടത്താത്തത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഉടുമ്പന്‍ചോല സഹകരണ സംഘം രജിസ്ട്രാര്‍ക്കും ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഏലത്തോട്ടങ്ങളില്‍ ജോലിക്ക് വന്നിട്ടുള്ള തൊഴിലാളികളെ ചില യൂണിയന് നേതാക്കളുടെ ഒത്താശയോടെ ബാങ്കില്‍ അംഗങ്ങളായി ചേര്‍ത്തിട്ടുണ്ട്. ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകാൻ രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെ സിപിഎമ്മിന്റെ പ്രധാന നേതാക്കളുടെ ബന്ധുക്കളെ ബാങ്കില്‍ ജീവനക്കാരായി നിയമിച്ചു.
സഹകരണ പരീക്ഷാ ബോര്‍ഡ് ടെസ്റ്റ് നടത്തിയാണ് നിയമനമെന്നുള്ള വാദം അസംബന്ധമാണ്. എല്‍ഡി ക്ലര്‍ക്ക് മുതല്‍ മുകളിലേക്കുള്ള തസ്തികകളിലാണ് പരീക്ഷ ബോര്‍ഡ് ടെസ്റ്റ് നടത്താറുള്ളത്.
നൈറ്റ് വാച്ച്മാന്മാരായി നിയമിച്ചിട്ടുള്ളവര്ക്ക് ബാങ്കുകളില്‍ കസേരയും മേശയും ലാപ്ടോപ്പും നൽകി കൃത്രിമ വോട്ടര്‍പട്ടിക ഉണ്ടാക്കാന്‍ ശ്രമിച്ചു. ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം നൽകിയിട്ടില്ല. അവരുടെ ശമ്പളം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപമായി രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.
നിലവിലെ പല അംഗങ്ങളും വായ്പ കുടിശികയുടെ പേരില്‍ ഭരണസമിതിയില്‍നിന്ന് പുറത്തു പോയവരാണ്. അതുപോലെ ഭരണസമിതിയില്‍പ്പെട്ട പല അംഗങ്ങളുടെയും ബന്ധുക്കളും മറ്റും ബിനാമിയായി വലിയ വായ്പ എടുത്തിട്ടുള്ളവരും കുടിശികക്കാരുമാണ്. ബാങ്ക് പ്രസിഡന്റ് മള്‍ട്ടി നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് കട്ടപ്പന എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്.
സർവീസ് ബാങ്കിലെ നിക്ഷേപകരുടെ വിവരങ്ങള്‍ മനസിലാക്കി ഇവിടെനിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിപ്പിച്ച് അദ്ദേഹം ജോലി ചെയ്യുന്ന ബാങ്കില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും ഇടതുപക്ഷം ഭരണം നടത്തിവരുന്ന പല ബാങ്കുകളും സര്‍ക്കാര്‍ ഭരണസ്വാധീനം ചെലുത്തി വലിയ ക്രമക്കേടുകള്‍ നടത്തുകയും പിന്നീട് പൂട്ടുകയും ചെയ്യുന്ന സ്ഥിതിയുണ്ട്.
ഇതേ അവസ്ഥ വണ്ടന്മേട് ബാങ്കിന് ഉണ്ടാകാതിരിക്കാന്‍ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ഭാരവാഹികളായ രാജാ മാട്ടുക്കാരന്‍, കെ.പി. സുദര്ശനന്, ബിജു അക്കാട്ടുമുണ്ട, ടോണി മക്കോറ, ജോബന്‍ പാനോസ്, രാജു ബേബി എന്നിവര്‍ ആവശ്യപ്പെട്ടു.