കരിയർ മാപ്പിംഗ് സെമിനാർ നടത്തി
1478613
Wednesday, November 13, 2024 3:52 AM IST
രാജാക്കാട്: രാജാക്കാട് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുജ്യോതി പബ്ലിക് സ്കൂളിൽ കരിയർ മാപ്പിംഗ് സെമിനാർ നടത്തി. രാജാക്കാട് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത് സെമിനാറാണ് ക്രിസ്തുജ്യോതിയിൽ സംഘടിപ്പിച്ചത്.
ഒൻപത്, 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ 249 കുട്ടികൾക്കുവേണ്ടിയാണ് സെമിനാർ സംഘടിപ്പിച്ചത്. പ്ലസ് ടു പാസായ ശേഷം കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഏത് കോഴ്സുകൾ പഠിക്കണമെന്നും ഏത് പഠന മേഖലയിലേക്ക് തിരിയണമെന്നുമുള്ള വ്യക്തമായ നിർദേശങ്ങളാണ് സെമിനാറിൽ അവതരിപ്പിച്ചത്.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സാധ്യതകൾ പഠിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനുമായി ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെയാണ് വിഷയത്തിൽ പരിശീലനം നേടിയ ഷൈനു സുകേഷ് ക്ലാസ് നയിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷെറിൻ അധ്യക്ഷത വഹിച്ചു. രാജാക്കാട് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി. വിനോദ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. ലയണ്‍സ് ക്ലബ് റീജൺ ചെയർമാൻ ബേസിൽ ടി.ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
രാജാക്കാട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ടി.എസ്. സുർജിത്, സെക്രട്ടറി പി.എം. രണ്‍ദീപ്, വി.എസ്. പുഷ്പജൻ, ജെയിൻ കുര്യാക്കോസ്, എം.ഡി. പ്രകാശ്, എ. ഹംസ എന്നിവർ പ്രസംഗിച്ചു.