ഇടുക്കിയിൽ പ്രതീക്ഷയുടെ സീ പ്ലെയിനിറങ്ങി
1478559
Tuesday, November 12, 2024 7:40 AM IST
തൊടുപുഴ: ജലാശയങ്ങളുടെ നാടായ ഇടുക്കിയിൽ സീ പ്ലെയിൻ ഇറങ്ങിയതോടെ വിനോദസഞ്ചാര മേഖലയിൽ പ്രതീക്ഷയുടെ ചിറകടി. എന്നാൽ മുൻകാലങ്ങളിൽ ആരംഭിച്ച പല പദ്ധതികൾക്കും തുടക്കത്തിൽ കാണിച്ച ആവേശം പിന്നീടുണ്ടായില്ലെന്നാണ് വിലയിരുത്തൽ. ജില്ലയിലെ വിവിധ ജലാശയങ്ങളെ ബന്ധിപ്പിച്ച് സീ പ്ലെയിൻ സർവീസ് നടത്തിയാൽ വിനോദസഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം കൈവരിക്കാനാകുമെന്നാണ് ടൂറിസം മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
പദ്ധതി വിദേശികളടക്കമുള്ള സഞ്ചാരികൾക്ക് ഏറെ സഹായമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ പദ്ധതിയുടെ ആരംഭഘട്ടത്തിൽ തന്നെ വനംവകുപ്പ് ഉയർത്തിയ തടസവാദം ആശങ്കയുടെ കാർമേഘം ഉയർത്തുന്നുണ്ട്.
ജില്ലയിൽ വിവിധ ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ഇത്തരത്തിൽ ജലവിമാന സർവീസ് ആരംഭിക്കാനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്നലെ സീ പ്ലെയിൻ ലാൻഡു ചെയ്ത മാട്ടുപ്പെട്ടിക്കു പുറമേ ഇടുക്കി, മലങ്കര, ചെങ്കുളം തുടങ്ങി ജില്ലയിലെ പല ജലാശയങ്ങളിലും പദ്ധതി നടപ്പാക്കാനാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇതു യാഥാർഥ്യമായാൽ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികൾക്ക് ഇടുക്കി ജലാശയവുമായി ബന്ധപ്പെട്ട ചെറുതോണി, അഞ്ചുരുളി തുടങ്ങി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ എളുപ്പം എത്താൻ സാധിക്കും.
റോഡ് മാർഗം ഈ സ്ഥലങ്ങളിൽ എത്തുന്പോഴുള്ള സമയനഷ്ടം, ഗതാഗത പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കുന്നതിനൊപ്പം ആകാശയാത്രയുടെ വേറിട്ടൊരു കാഴ്ചാനുഭവം കൂടി സഞ്ചാരികൾക്ക് സമ്മാനിക്കാനും കഴിയും. ടൂറിസത്തിനു പുറമേ ദുരന്തനിവാരണത്തിനും മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥർക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീ പ്ലെയിൻ പ്രയോജനപ്പെടുത്താം എന്നതും പദ്ധതിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.
ആദ്യഘട്ടത്തിൽ ജലവിമാനത്തിന്റെ പരീക്ഷണ പ്പറക്കൽ കൊച്ചിയിൽ നിന്ന് ഇടുക്കി ജലാശയത്തിലേക്ക് നടത്താനാണ് നിശ്ചയിച്ചിരുന്നത്. വനംവകുപ്പിന്റെ എതിർപ്പിനെത്തുടർന്നാണ് പിന്നീട് ഇതു മാട്ടുപ്പെട്ടിയിലേക്ക് മാറ്റിയതെന്നാണ് സൂചന.
മാട്ടുപ്പെട്ടിയിൽ വനംവകുപ്പ് ഉയർത്തിയ തടസവാദം പദ്ധതിക്ക് വിലങ്ങുതടിയായേക്കാം. വിമാനത്തിന്റെ ശബ്ദം വന്യമൃഗങ്ങൾക്ക് അലോസരമുണ്ടാക്കുമെന്നതും പാരിസ്ഥിതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് പദ്ധതിയുടെ ആരംഭഘട്ടത്തിൽതന്നെ രംഗത്തെത്തിയത്.
നേരത്തേ സംസ്ഥാനത്തെ ഡാമുകൾ കേന്ദ്രീകരിച്ച് ഫ്ളോട്ട് പ്ലെയിൻ, ഹെലികോപ്റ്റർ സർവീസുകൾ തുടങ്ങാൻ കെഎസ്ഇബി പദ്ധതിയിട്ടിരുന്നു. ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളുമുള്ള കന്പനികളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം.
അണക്കെട്ടുകളിൽനിന്നു പറന്നുയരുന്ന ഒറ്റ എൻജിനുള്ള വിമാനത്തിൽ കുറഞ്ഞ ചെലവിൽ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടത്. മാട്ടുപ്പെട്ടിയടക്കമുള്ള ഡാമുകളിൽനിന്നു സർവീസ് ആരംഭിക്കാനായിരുന്നു പദ്ധതി. കെഎസ്ഇബിക്ക് സാന്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തിൽ നടപ്പാക്കാനുദ്ദേശിച്ചെങ്കിലും പ്രാരംഭ ഘട്ടത്തിൽത്തന്നെ പദ്ധതി നിലയ്ക്കുകയായിരുന്നു.
കുമളിയിൽനിന്നു മൂന്നാറിലേക്ക് സ്വകാര്യമേഖലയിൽ ആരംഭിച്ച ഹെലികോപ്റ്റർ സർവീസും ആരംഭഘട്ടത്തിൽത്തന്നെ നിലച്ചു. കുമളി പത്തുമുറിയിൽനിന്ന് സർവീസ് ആരംഭിച്ചെങ്കിലും വിനോദസഞ്ചാരികൾ പദ്ധതിയോട് മുഖം തിരിക്കുകയായിരുന്നു. അരമണിക്കൂർ യാത്രയ്ക്ക് 11,000 രൂപയായിരുന്നു ഈടാക്കിയത്.
ജില്ലയിലെ മലനിരകളുടെയും ജലാശയങ്ങളുടെയും ഉൾപ്പെടെ മനോഹര കാഴ്ചകൾ ആസ്വദിക്കാമെന്ന മേൻമ ഉയർത്തിക്കാട്ടിയെങ്കിലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇത് ഇല്ലാതായതോടെ പദ്ധതിയിൽ കരിനിഴൽ വീണു.
എതിർപ്പുമായി വനംവകുപ്പും സംഘടനകളും
മൂന്നാർ: പദ്ധതി യാഥാർത്ഥ്യമാകാൻ കാലതാമസം ഏറെയുണ്ടാകും എന്നു തെളിയിക്കുന്നതായിരുന്നു മൂന്നാറിൽ സീപ്ലെയിൻ എത്തിയപ്പോൾ ഉണ്ടായ സാഹചര്യം.
വന്യമൃഗങ്ങൾ ഏറെയുള്ള മാട്ടുപ്പെട്ടി പോലുള്ള പ്രദേശത്ത് പദ്ധതി നടപ്പിലാകുന്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വനം വകുപ്പ് രംഗത്ത് എത്തിയതോടെ തന്നെ പദ്ധതിക്കു വെല്ലുവിളികൾ ഏറെയുണ്ടെന്ന് ഉറപ്പുണ്ടായിട്ടുണ്ട്.
വന്യജീവികളെ ദോഷമായി ബാധിക്കുമെന്നും ഇപ്പോൾ തന്നെ വന്യജീവികളുടെ ആക്രമണംമൂലം പൊറുതിമുട്ടുന്ന മൂന്നാറിലെ ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾക്ക് ഇടയാകും എന്ന പരാതിയുമായി പ്രാദേശിക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
വനംവകുപ്പിന്റെ ആശങ്കകളെക്കുറിച്ച് പ്രതികരണം തേടിയപ്പോൾ മന്ത്രി റോഷി അഗസ്റ്റിന്റെയും മുൻമന്ത്രി എം.എം. മണിയുടെയും മറുപടിയിൽനിന്ന് വകുപ്പുകൾ തമ്മിലുള്ള ഭിന്നതയും വെളിപ്പെട്ടു.
ആനകൾ സ്ഥിരം വെള്ളം കുടിക്കാൻ എത്തുന്ന മാട്ടുപ്പെട്ടി ഡാമിലേക്കു വിമാനം എത്തുന്നതു തിരിച്ചടിയാകുമെന്ന് വനംവകുപ്പ് ചിന്തിക്കുന്നുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു വനംവകുപ്പുകാർ വെള്ളം കോരി ആനകളുടെ വായിലേക്ക് ഒഴിച്ചു കൊടുക്കട്ടെ എന്നായിരുന്നു എം.എം. മണിയുടെ മറുപടി.