തകർച്ചയുടെ പത്താം വയസിൽ അങ്കണവാടി കെട്ടിടം
1478553
Tuesday, November 12, 2024 7:40 AM IST
നെടുങ്കണ്ടം: തകര്‍ന്ന അങ്കണവാടി കെട്ടിടത്തിന് 10 വയസ്. അങ്കണവാടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് മറ്റൊരു വാര്‍ഡിലെ വാടകക്കെട്ടിടത്തില്‍. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ അണക്കരമെട്ട് അങ്കണവാടിക്കാണ് ഈ ദുര്‍ഗതി.
സാധാരണക്കാരായ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയാണ് പുഷ്പക്കണ്ടം അണക്കരമെട്ട്. ഇവിടത്തെ കുട്ടികള്‍ക്കായി 1993ലാണ് അങ്കണവാടി അനുവദിച്ചത്. പ്രാരംഭഘട്ടത്തില്‍ ഒരു വീട്ടില്‍ പ്രവര്‍ത്തിച്ചുവന്ന അങ്കണവാടിക്കായി പ്രദേശവാസി സൗജന്യമായി നല്കിയ അഞ്ച് സെന്റ്് സ്ഥലത്ത് പ്രദേശവാസികളുടെ സഹായവും ഐസിഡിഎസിന്റെ ഫണ്ടും ഉപയോഗിച്ച് കെട്ടിടം നിര്‍മിച്ചു.
എന്നാല്‍, 2005ഓടെ കെട്ടിടം ഉപയോഗശൂന്യമായി. കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായതോടെ അങ്കണവാടിയുടെ പ്രവര്‍ത്തനം 10-ാം വാര്‍ഡിലെ വാടകക്കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തുനിന്ന് ഇപ്പോഴുള്ള സ്ഥലത്തേക്ക് മൂന്ന് കിലോമീറ്ററോളം ദൂരമുണ്ട്.
സമീപത്തെങ്ങും മറ്റ് അങ്കണവാടികള്‍ ഇല്ലാത്തതിനാല്‍ രക്ഷിതാക്കള്‍ രാവിലെയും വൈകുന്നേരവും ഓട്ടോറിക്ഷകളില്‍ കുട്ടികളുമായി പോകേണ്ട സ്ഥിതിയാണ്. ദൂരക്കൂടുതലും മോശമായ വഴിയും ആയതിനെത്തുടര്‍ന്ന് അങ്കണവാടിയിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു. ഏഴു കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ എത്തുന്നത്. അങ്കണവാടി തകര്‍ന്ന് 10 വര്‍ഷം പിന്നിട്ടിട്ടും പുതിയ കെട്ടിടം നിര്‍മിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല.
സ്വന്തമായി സ്ഥലമുണ്ടെങ്കിലും കെട്ടിടനിര്‍മാണത്തിന് ഫണ്ടനുവദിക്കേണ്ട ഐസിഡിഎസും പഞ്ചായത്തും പ്രശ്നത്തില്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. നിരവധി തവണ നാട്ടുകാര്‍ ഈ ആവശ്യമുന്നയിച്ച് അധികൃതരെ സമീപിച്ചെങ്കിലും പ്രയോജനം ലഭിച്ചിട്ടില്ല. പ്രദേശത്തെ ഏക പൊതു സ്ഥാപനമായ അംങ്കണവാടി തകര്‍ന്നതോടെ ഇവിടുത്തെ ഗ്രാമസഭയും മറ്റ് പൊതു പരിപാടികളും വീടുകളുടെ മുറ്റത്തും മറ്റുമായാണ് നടത്തുന്നത്. പഞ്ചായത്ത് അധികൃതര്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.