രജതജൂബിലി നിറവിൽ കാഡ്സ്
1478594
Wednesday, November 13, 2024 3:38 AM IST
തൊടുപുഴ: കേരള അഗ്രികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റി (കാഡ്സ്) യുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾ ആരംഭിക്കും. 2025 നവംബർ 14 വരെ നീളുന്ന ആഘോഷങ്ങൾക്കാണ് തുടക്കമാകുന്നത്. കാഞ്ഞിരമറ്റം ബൈപാസിലുള്ള കർഷക ഓപ്പണ് മാർക്കറ്റിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
2001 -ൽ കാഡ്സിന്റെ ഉദ്ഘാടനവേദിയിൽ ഉണ്ടായിരുന്ന വിശിഷ്ടാതിഥികളെ എല്ലാവരെയും അണിനിരത്തിയാണ് ജൂബിലി ആഘോഷ വേദിയിൽ ചടങ്ങുകൾ നടത്തുന്നത്. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കാഡ്സ് അങ്കണത്തിൽ നടക്കുന്ന ചടങ്ങ് പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ അധ്യക്ഷത വഹിക്കും. രക്ഷാധികാരിയായിരുന്ന പി.കെ. കൃഷ്ണൻ നായരുടെ ഛായാചിത്രം ഫ്രാൻസിസ് ജോർജ് എംപി അനാച്ഛാദനം ചെയ്യും. മികച്ച കർഷകരെയും ബാലകർഷകരെയും കാഡ്സിന്റെ അണിയറ പ്രവർത്തകരെയും യോഗത്തിൽ ആദരിക്കും.
വൈകുന്നേരം അഞ്ചുമുതൽ സ്നേഹവിരുന്നും പങ്കെടുക്കുന്നവർക്ക് സ്നേഹസമ്മാന വിതരണവും നടത്തും. തുടർന്ന് ആറു മുതൽ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നൃത്തോത്സവവും ഗാനമേളയും നടക്കും.
25 വർഷങ്ങൾക്കിടെ കാർഷികമേഖലയുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയതായി ഭാരവാഹികൾ പറഞ്ഞു. 2001-ൽ കാർഷികരംഗത്ത് സമാന്തര വിപണിക്ക് തുടക്കം കുറിച്ചു. പിന്നീട് ജൈവകൃഷി വ്യാപനവും സർട്ടിഫിക്കേഷനും കാഡ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
ജില്ലയിലെ 34 പഞ്ചായത്തുകളിലായി പതിനായിരത്തോളം കർഷകരെ ജൈവകൃഷി രംഗത്തേക്ക് കൊണ്ടുവന്നു. ഗ്രാമീണ ഭക്ഷണശാല, ലേല കേന്ദ്രം എന്നിവയും ആരംഭിച്ചു. വിത്ത് മഹോത്സവം, ചക്ക ഉത്സവം, മാന്പഴമേള, ആട് പ്രദർശനം, പുഷ്പമേള എന്നിവയും സംഘടിപ്പിച്ചു വരുന്നു. കുട്ടികൾക്കായുള്ള പച്ചക്കുടുക്ക പദ്ധതിയും ശ്രദ്ധപിടിച്ചു പറ്റി.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് കെ.ജി. ആന്റണി കണ്ടിരിക്കൽ, ട്രഷറർ സജി മാത്യു, ജോയിന്റ് സെക്രട്ടറി എൻ.ജെ. മാമച്ചൻ, ഡയറക്ടമാരായ കെ.എം. മത്തച്ചൻ, കെ.എം. ജോസ് എന്നിവർ പങ്കെടുത്തു.