ഇടവെട്ടിയിൽ പ്രസിഡന്റിനെ എൽഡിഎഫ് ഉപരോധിച്ചു
1478556
Tuesday, November 12, 2024 7:40 AM IST
ഇടവെട്ടി: ഒൻപത് വാർഡുകളിലൂടെ കടന്നുപോകുന്ന എംവിഐപി കനാൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി മാലിന്യമുക്തമാക്കുക, പൊതു ശ്മശാനം യാഥാർഥ്യമാക്കുക, പ്രളയത്തിൽ തകർന്ന വള്ളക്കടവ് കന്പിപ്പാലത്തിന്റെ ലോഹഭാഗങ്ങൾ നഷ്ടപ്പെട്ടതിൽ പഞ്ചായത്തംഗത്തിന്റെ പങ്ക് അന്വേഷിക്കുക, കല്ലാനിക്കൽ പാർക്കിന്റെ സാന്പത്തിക തട്ടിപ്പിനെക്കുറിച്ച് വിജിലൻസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിനെ എൽഡിഎഫ് പ്രവർത്തകർ ഉപരോധിച്ചു.
കനാൽ വൃത്തിയാക്കുന്നതിന് ഒക്ടോബർ 30ന് ചേർന്ന ഭരണ സമിതി യോഗത്തിൽ അജൻഡനിശ്ചയിച്ചിരുന്നു. എന്നാൽ യുഡിഎഫ് അംഗങ്ങളുടെ എതിർപ്പിനെത്തുടർന്ന് അജൻഡ ചർച്ച ചെയ്യാതെ മാറ്റിവയ്ക്കുകയായിരുന്നു.
ഇതേത്തുടർന്ന് എൽഡിഎഫ് അംഗങ്ങൾ ഇതേ അജൻഡ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒന്നിന് രേഖാമൂലം കത്ത് നൽകുകയും പരിഗണിക്കാതെ വന്നതിനെത്തുടർന്ന് കഴിഞ്ഞ നാലു ദിവസമായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹമനുഷ്ഠിക്കുകയായിരുന്നു.
അജൻഡ ഉൾപ്പെടുത്തിയ കമ്മിറ്റി നോട്ടീസിൽ എൽഡിഎഫ് അംഗങ്ങളെക്കൊണ്ട് ഒപ്പിടുവിച്ചതിനെത്തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു. ടി.എം. മുജീബ്, ഇ.കെ. അജിനാസ്, സണ്ണി കടുത്തലക്കുന്നേൽ, ഷീല ദീപു, വി.ഇ. അൻഷാദ്, പി.എം. യൂസഫ്, സിബി കോടമുള്ളിൽ എന്നിവർ നേതൃത്വം നൽകി.