വാഹനാപകടം: നടപടികളിൽ പോലീസിന് ഇരട്ടത്താപ്പെന്ന്
1478557
Tuesday, November 12, 2024 7:40 AM IST
തൊടുപുഴ: വാഹനാപകടത്തിനു ശേഷം പോലീസ് സ്വീകരിക്കുന്ന തുടർ നടപടികളിൽ ഭരണകക്ഷിയായ പാർട്ടി ഇടപെടുന്നതായി പരാതി. പലപ്പോഴും തുടർ നടപടികൾ പോലീസ് സ്വീകരിക്കണമെങ്കിൽ ഭരണ കക്ഷി നേതൃത്വത്തിന്റെ ഇടപെടൽ വേണമെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. തൊടുപുഴ മേഖലയിലാണ് ഇത്തരത്തിലുള്ള പരാതി ഉയർന്നിരിക്കുന്നത്.
അപകടങ്ങൾ ഉണ്ടായി യാത്രക്കാർക്ക് പരിക്കേൽക്കുന്ന സാഹചര്യത്തിൽ ബന്ധുക്കൾ പലപ്പോഴും രോഗിയുടെ ഒപ്പം ആശുപത്രികളിൽ ആയിരിക്കും. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡരികിൽ അനാഥാവസ്ഥയിൽ കിടക്കും. എന്നാൽ രാഷ്ട്രീയ നേതൃത്വം ശിപാർശ ചെയ്താൽ പോലീസ് ഇടപെട്ട് അപകടത്തിനിടയാക്കിയ വാഹനം സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി സുരക്ഷിതമാക്കും. പാർട്ടി നേതാക്കൾ ഇടപെടാത്ത വാഹനം പൊതുനിരത്തിൽ അനാഥമായി കിടക്കുമെന്നാണ് സ്ഥിതി.
മൂന്ന് ദിവസത്തിലേറെയായി തൊടുപുഴ വിമല സ്കൂളിന് സമീപം അപകടത്തിൽപ്പെട്ട ബൈക്ക് ഇത്തരത്തിൽ കിടക്കാൻ തുടങ്ങിയിട്ട്. നിരവധി പോലീസ് വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ടെങ്കിലും ഉടമസ്ഥനോ ബന്ധുക്കളോ സ്റ്റേഷനിൽ വന്നു പറഞ്ഞാലേ വാഹനം സ്റ്റേഷൻ കോന്പൗണ്ടിലേക്ക് മാറ്റൂ എന്നാണ് നിലപാട്.
ഒരാഴ്ച മുൻപ് കുന്നം ഭാഗത്ത് പിക്അപ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചപ്പോൾ അപകടം ഉണ്ടാക്കിയ പിക്അപ് പെട്ടെന്നുതന്നെ പോലീസ് ഇടപെട്ട് സ്റ്റേഷനിൽ എത്തിച്ചു. അപകടത്തിൽ മരിച്ച യുവാവിന്റെ ബൈക്ക് ദിവസങ്ങളോളം റോഡരികിൽ അനാഥമായി കിടന്നതിനുശേഷമാണ് സ്ഥലത്തുനിന്നു നീക്കിയത്.