ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ ശ്രാദ്ധാചരണം 21ന് കട്ടപ്പനയിൽ
1478552
Tuesday, November 12, 2024 7:40 AM IST
കട്ടപ്പന: ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ 19-ാം ശ്രാദ്ധാചരണം 13 മുതൽ 20 വരെ കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റൽ ചാപ്പലിലും 21നു കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദേവാലയത്തിലുമായി നടക്കുമെന്നു കട്ടപ്പന സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജോസ് മാത്യു പറപ്പളളിൽ, ബ്രദേഴ്സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സുപ്പീരിയർ ബ്രദർ റോയി ജോസഫ്, പാന്പാടി സെന്റ് ജോണ്‍ ഓഫ് ഗോഡ് സെന്റർ ഡയറക്ടർ ഫാ. ഫ്രാൻസിസ് മണ്ണാപറന്പിൽ, കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു വാലുപറന്പിൽ, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഒഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സൂപ്പീരിയർ ജനറൽ സിസ്റ്റർ നിർമല തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിന്റെയും ഇന്ത്യയിലെ മറ്റ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സ്ഥാപനങ്ങളുടെയും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിന്റെയും സ്ഥാപകപിതാവാണ് ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻഹൊയ്സർ.
1968ൽ ജർമനിയിൽനിന്നു കട്ടപ്പനയിലെത്തി ഹൈറേഞ്ചിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച ആളായിരുന്നു പാവങ്ങളുടെ വല്യച്ചൻ എന്നറിയപ്പെടുന്ന ബ്രദർ ഫോർത്തുനാത്തൂസ്.
2005 നവംബർ 21നാണ് വല്യച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 2014ൽ മാർ മാത്യു അറയ്ക്കൽ വല്യച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചു. 19-ാം ശ്രാദ്ധാചരണത്തിന്റെ ഭാഗമായി നടത്തുന്ന നവനാൾ പ്രാർഥനകളിൽ എല്ലാ ദിവസവും വൈകുന്നേരം 5.30ന് കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റൽ ചാപ്പലിൽ ദിവ്യബലിയും കബറിടത്തിൽ പ്രാർഥനയും നടക്കും.
അനുസ്മരണ ദിനമായ 21 നു വൈകുന്നേരം 4.30ന് മാർ ജേക്കബ് മുരിക്കൻ കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.തുടർന്നു സെന്റ് ജോണ്‍സ് ഹോസ്പിറ്റൽ ചാപ്പലിലുളള കബറിടത്തിലേക്കു പ്രദക്ഷിണവും പ്രാർഥനകളും നടത്തും.