നിർമാണം എങ്ങുമെത്താതെ മൂലമറ്റം-കോട്ടമല റോഡ്
1478114
Monday, November 11, 2024 3:57 AM IST
മൂലമറ്റം: നിർമാണം പൂർത്തിയാകാതെ മൂലമറ്റം-കോട്ടമല റോഡ്. ഹൈറേഞ്ച് മേഖലയിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്ന റോഡിന്റെ നിർമാണമാണ് അധികൃതരുടെ അനാസ്ഥ മൂലം അനന്തമായി നീളുന്നത്. മൂലമറ്റം ടൗണിന്റെ വികസന സാധ്യതകൾക്ക് പുതുജീവൻ നൽകാൻ കഴിയുന്നതും ഹൈറേഞ്ച് മേഖലയിലേക്ക് വളരെ വേഗം എത്തിച്ചേരാനാവുന്നതുമായ റോഡാണ് ഇത്.
ഒന്നര കിലോമീറ്റർ ദൂരം മാത്രം ടാറിംഗ് പൂർത്തിയായാൽ ഈ പാത സഞ്ചാര യോഗ്യമാകും. ആശ്രമത്തിന് സമീപമുള്ള മേമുട്ടം മുതൽ ഉളുപ്പൂണി വരെയുള്ള ഭാഗമാണ് ടാറിംഗ് പൂർത്തിയാകാനുള്ളത്.
റോഡ് നിർമാണം പൂർത്തിയായാൽ എറണാകുളത്തുനിന്നു തേക്കടിയിലേക്കുള്ള ദൂരം 40 കിലോമീറ്ററും തൊടുപുഴ-കട്ടപ്പന ദൂരം 20 കിലോമീറ്ററും കുറയും. ഇതിനു പുറമേ മൂലമറ്റത്തെ പിന്നാക്ക മേഖലയായ പതിപ്പള്ളി, ഉളുപ്പൂണി, മേമുട്ടം പ്രദേശങ്ങളിലെ ജനങ്ങൾക്കും ഏറെ പ്രയോജനകരമാകും.
ഉളുപ്പൂണി, വാഗമണ്‍ വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള സഞ്ചാരികൾക്ക് ഇതുവഴി എളുപ്പത്തിൽ എത്താൻ കഴിയും. ഇപ്പോൾ ഹൈറേഞ്ച് മേഖലയിലേക്കുള്ള വാഹനങ്ങൾ അറക്കുളം അശോക കവലയിൽനിന്നു തിരിഞ്ഞ് കുളമാവ് വഴിയാണ് സഞ്ചരിക്കുന്നത്. എന്നാൽ കോട്ടമല റോഡ് യാഥാർഥ്യമായാൽ വാഹനങ്ങൾ മൂലമറ്റം ടൗണ്‍ വഴി കടന്നുപോകും. ഇത് മൂലമറ്റത്തെ വ്യാപാര മേഖലയ്ക്കും ഉണർവു നൽകും.
റോഡിന്റെ നിർമാണം പൂർത്തീകരിക്കുന്നതു സംബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിനെ വിവരങ്ങൾ ധരിപ്പിച്ചെന്ന് പഞ്ചായത്തംഗം പി.എ. വേലുക്കുട്ടൻ പറഞ്ഞു. മുടങ്ങിക്കിടക്കുന്ന ഭാഗം പൂർത്തികരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
നിലവിൽ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. നേരത്തെ അനുവദിച്ചതിൽനിന്നും കൂടുതൽ തുക ഇനിയുള്ള നിർമാണത്തിനു വേണ്ടിവരുമെന്നതിനാൽ അതിന് സർക്കാർ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.