രാത്രി വീട്ടിലെത്താൻ വൈകുന്നെന്ന് പരാതി : ബസുകൾ വഴിതിരിച്ചു വിടണം: വനിതാ ജീവനക്കാർ
1478111
Monday, November 11, 2024 3:57 AM IST
തൊടുപുഴ: മുനിസിപ്പൽ സ്റ്റാൻഡിൽനിന്നു രാത്രിസമയം കിഴക്കൻമേഖലയിലേക്ക് പോകുന്ന ബസുകൾ വഴിതിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി. നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലും ഓഫീസുകളിലും ജോലി ചെയ്ത് രാത്രി വീടുകളിലേക്ക് മടങ്ങുന്ന വനിതകളാണ് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയത്.
പന്നിമറ്റം, കലയന്താനി, കരിമണ്ണൂർ, ഉടുന്പന്നൂർ, തട്ടക്കുഴ, പെരിങ്ങാശേരി, വണ്ണപ്പുറം, പടിഞ്ഞാറേ കോടിക്കുളം, പാറപ്പുഴ, അഞ്ചിരി, തെന്നത്തൂർ, കാളിയാർ, ചെപ്പുകുളം തുടങ്ങി ഗ്രാമീണ മേഖലകളിലേക്കുള്ള ബസുകൾ ഇപ്പോൾ ബസ് സ്റ്റാൻഡിൽനിന്നു ഗാന്ധി സ്ക്വയറിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, കാഞ്ഞിരമറ്റം ജംഗ്ഷൻ വഴി മങ്ങാട്ടുകവലയിലെത്തിയാണ് പോകുന്നത്.
എന്നാൽ നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളിൽ ഏറിയ പങ്കും പ്രവർത്തിക്കുന്നത് മാർക്കറ്റ് റോഡ്, അന്പലം ബൈപാസ്, മൂവാറ്റുപുഴ റോഡ് എന്നി റൂട്ടുകളിലാണ്. ഇവിടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ളവർ രാത്രിയായാൽ ജോലി കഴിഞ്ഞ് പാലം കടന്ന് ഇക്കരെ ടൗണ്ഹാൾ ജംഗ്ഷനിലെത്തി വേണം ബസിൽ കയറാൻ.
പലപ്പോഴും ജോലി കഴിഞ്ഞ് ഓടിയെത്തുന്പോഴേയ്ക്കും ബസ് കടന്നു പോകുന്നതും പതിവാണ്. അതിനാൽ രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തുന്നത്. ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇവർ പറയുന്നു.
അതിനാൽ ബസുകൾ പാലത്തിന്റെ അക്കരെയുള്ള കാഡ്സ്, പഴയ കെഎസ്ആർടിസി കാഞ്ഞിരമറ്റം ബൈപാസ് വഴി കടന്നുപോവുകയാണെങ്കിൽ നേരത്തേ വീട്ടിലെത്താൻ കഴിയുമെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടി.