അഞ്ചുരുളി ജലാശയത്തിലെ മാലിന്യം നീക്കംചെയ്തു
1477874
Sunday, November 10, 2024 3:53 AM IST
കട്ടപ്പന: ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയില്‍ അടിഞ്ഞുകൂടിയ മാലിന്യം കെഎസ്ഇബി ഡാംസേഫ്റ്റി വിഭാഗം നീക്കം ചെയ്തു. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റ ഭാഗമായി മൂന്നുദിവസമായി നടന്നുവന്ന ശുചീകരണത്തില്‍ 300 ചാക്ക് മാലിന്യമാണ് ജലാശയത്തില്‍നിന്ന് ശേഖരിച്ചത്.
കട്ടപ്പനയാറില്നിന്നാണ് കൂടുതലായി മാലിന്യം അണക്കെട്ടിലെത്തുന്നത്. കൂടാതെ, ഇരട്ടയാര്‍ ഡൈവേര്ഷന് ഡാമില്‍നിന്നുള്ള തുരങ്കംവഴിയും അഞ്ചുരുളിയില്‍ മാലിന്യമെത്തും.
ഇവ കാഞ്ചിയാര്‍ പഞ്ചായത്ത് ഹരിതകര്‍മസേനയ്ക്ക് കൈമാറും. മുന്‍വര്‍ഷങ്ങളില്‍ സന്നദ്ധസംഘടനകള്‍ ശുചീകരണം നടത്തിയിട്ടുണ്ടെങ്കിലും ഡാംസേഫ്റ്റി വിഭാഗം ശുചീകരണ യജ്ഞം നടത്തുന്നത് ഇതാദ്യമായാണ്.
കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎസ്ഇബി ഡാംസേഫ്റ്റി വിഭാഗത്തിന്റ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ജലസ്രോതസുകളില്‍ മാലിന്യം ഒഴുക്കുന്നത് തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ബോധവത്കരണം നടത്തും.