മാങ്കുളം ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കേണ്ടത് നാലു പാലങ്ങൾ : സാറൻമാരെ, ഞങ്ങൾക്കും വേണം പാലം
1477871
Sunday, November 10, 2024 3:53 AM IST
അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ നിര്‍മിക്കേണ്ടത് നാല് പാലങ്ങളാണ്. കള്ളക്കൂട്ടികുടി, പാറക്കുടി, മാങ്ങാപ്പാറക്കുടി എന്നിവിടങ്ങളിലേക്കും കുവൈറ്റ് സിറ്റിയില്‍ നല്ലതണ്ണിയാറിന് കുറുകേയുമാണ് പാലങ്ങൾ ആവശ്യമുള്ളത്. ഇതില്‍ കുവൈറ്റ് സിറ്റിയില്‍ നല്ലതണ്ണിയാറിന് കുറുകേയുണ്ടായിരുന്ന പാലവും പാറക്കുടി, കള്ളക്കൂട്ടികുടി തുടങ്ങിയ ഇടങ്ങളിലേക്കുണ്ടായിരുന്ന പാലവും 2018, 2019 സമയത്തെ പ്രളയങ്ങളിലാണ് തകര്‍ന്നത്.
മാങ്ങാപ്പാറക്കുടിയിലേക്ക് വാഹന ഗതാഗതം സാധ്യമാകുന്ന പാലം ഇനിയും നിര്‍മിക്കപ്പെട്ടിട്ടില്ല. പാലങ്ങളുടെ കുറവ് മഴക്കാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ വലയ്ക്കുകയാണ്. കഴിഞ്ഞ മഴക്കാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഈ വേനല്‍ക്കാലത്തെങ്കിലും പാലങ്ങളുടെ നിര്‍മാണം നടത്തണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
മാങ്ങാപ്പാറക്കുടികാര്ക്ക് നടപ്പാലം മാത്രം
പഞ്ചായത്തിലെ മാങ്ങാപ്പാറ കുടിയിലേക്ക് വാഹനങ്ങള്‍ എത്തണമെങ്കില്‍ പുഴ മുറിച്ചുകടക്കണം. മാങ്ങാപ്പാറക്കുടിയടങ്ങുന്ന പ്രദേശം പഞ്ചായത്തിലെ ഒന്നാം വാര്‍ഡാണ്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസി ഇടങ്ങളിലൊന്നാണ് മാങ്ങാപ്പാറക്കുടി. പാലം നിര്‍മിക്കണമെന്ന ആവശ്യമുയരുന്ന പുഴക്ക് കുറുകേ ഒരു നടപ്പാലമുണ്ട്. വേനല്‍ക്കാലത്ത് വാഹനങ്ങള്‍ പുഴയിലൂടെ അക്കരയിക്കരെ കടക്കും. എന്നാല്‍, മഴക്കാലത്ത് യാത്ര പ്രതിസന്ധിയിലാകും.
ഈ സാഹചര്യത്തിലാണ് വാഹന ഗതാഗതം സാധ്യമാകും വിധം പുഴക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന ആവശ്യമുയരുന്നത്. കുടിയില്‍നിന്ന് ആനക്കുളത്തെത്തിയാണ് കുടിനിവാസികളുടെ പുറംലോകത്തേക്കുള്ള യാത്ര. ആനക്കുളത്തുനിന്നു പരിമിതമായ യാത്രാസൗകര്യമേ മാങ്ങാപ്പാറയിലേക്കുള്ളു. മഴക്കാലത്താണ് പാലത്തതിന്റെ അഭാവം ആദിവാസി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. മഴ കനത്താല്‍ കുട്ടികളുടെ സ്കൂള്‍ യാത്രയും ആശുപത്രിയിലെത്താനുള്ള രോഗികളുടെ യാത്രയും ക്ലേശകരമാകും.
പാറക്കുടികാര്ക്കും പാലമില്ല
പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പാറക്കുടിയിലേക്കുള്ള പാലവും തകര്‍ന്നത് 2018ലും 2019ലും ഉണ്ടായ പ്രളയങ്ങളിലായിരുന്നു. നടപ്പാലമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 2018ലെ പ്രളയത്തില്‍ കരിന്തിരി പുഴയില്‍ വെള്ളമുയര്‍ന്നതോടെ പാം ഭാഗീകമായി തകര്‍ന്നു.
2019ല്‍ പെരുമഴക്കാലത്ത് പാലം പൂര്‍ണമായി ഒലിച്ചു പോയി.
മഴക്കാലത്ത് ഈറ്റ ഉപയോഗിച്ച് താത്കാലിക തൂക്കുപാലം നിര്‍മിച്ചാണ് കുടുംബങ്ങളുടെ സാഹസിക യാത്ര. വേനല്‍ക്കാലത്ത് പുഴയിലൂടെയിറങ്ങി യാത്ര നടത്തും. പത്തോളം കുടുംബങ്ങളാണ് പാറക്കുടിയിലുള്ളത്. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും ആശുപത്രിയില്‍ പോകുന്നതിനുമെല്ലാം മഴക്കാലത്ത് ഇവര്‍ വലിയ പ്രയാസം അനുഭവിക്കുന്നു. നടപ്പാലമെങ്കിലും ഈ വേനല്‍ക്കാലത്ത് നിര്‍മിച്ച് നല്‍കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
പാലം വരുന്നതും കാത്ത് കള്ളക്കൂട്ടി കുടിക്കാര്
2018ലെ പ്രളയത്തിലാണ് കള്ളക്കൂട്ടി കുടിയിലേക്കുമുള്ള പാലവും തകര്‍ന്നത്. വേനല്‍ക്കാലത്ത് പുഴയില്‍ ഒഴുക്ക് കുറയുന്നതോടെ കുടുംബങ്ങള്‍ക്ക് പുഴ മുറിച്ചുകടന്ന് അക്കരെയിക്കരെയെത്താം.
എന്നാല്‍, മഴക്കാലമാരംഭിക്കുന്നതോടെ പുഴയുടെ അക്കരെയിക്കരെയുള്ള യാത്രക്കായി താത്കാലിക ഈറ്റപ്പാലമൊരുക്കുകയാണ് കുടുംബങ്ങള്‍ ചെയ്യുന്നത്. ഈ മഴക്കാലത്തും കുതിച്ചൊഴുകുന്ന കാട്ടാറിന് കുറുകേ ഈറ്റപ്പാലത്തിലൂടെ സാഹസികമായാണ് ആദിവാസി കുടുംബങ്ങള്‍ യാത്ര നടത്തിയത്.
അവശ്യവസ്തുക്കള്‍ വാങ്ങാനുള്‍പ്പെടെ കുടുംബങ്ങള്‍ക്ക് പുറത്തെത്തണമെങ്കില്‍ മഴക്കാലത്ത് ഈ ഈറ്റപ്പാലത്തെ ആശ്രയിക്കണം. മഴക്കാലങ്ങളിലുള്ള യാത്രാദുരിതം തിരിച്ചറിഞ്ഞ് ഈ വേനല്‍ക്കാലത്ത് പാലം യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം കുടുംബങ്ങളും മുമ്പോട്ട് വയ്ക്കുന്നു.
കള്ളക്കൂട്ടികുടിയിലേക്കുള്ള പാലത്തിന്റെയും റോഡിന്റെയും നിര്‍മാണം വൈകാതെ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ ആന്റണി പറഞ്ഞു.
റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട കരാര്‍, നടപടികള്‍ കഴിഞ്ഞതായും അനില്‍ ആന്റണി വ്യക്തമാക്കി.
കുവൈറ്റ് സിറ്റിയിലെ പാലവും പ്രളയം കവര്‍ന്നു
പഞ്ചായത്തിലെ കുവൈറ്റ് സിറ്റിയില്‍ നല്ലതണ്ണിയാറിന് കുറുകേയുണ്ടായിരുന്ന പാലം തകര്‍ന്നിട്ട് വര്‍ഷങ്ങളായി.
പെരുമ്പന്‍കുത്ത്-ആനക്കുളം റോഡില്‍ ഇപ്പോഴുള്ള കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുന്നതിനു മുമ്പ് പെരുമ്പന്‍കുത്തില്‍നിന്ന് ആനക്കുളത്തേക്ക് ആളുകളും വാഹനങ്ങളുമൊക്കെ സഞ്ചരിച്ചിരുന്നത് നല്ലതണ്ണിയാറിന് കുറുകേ കുവൈറ്റ് സിറ്റിയുമായി ബന്ധിപ്പിച്ചിരുന്ന പഴയപാലത്തിലൂടെയായിരുന്നു.
2019ലെ വര്‍ഷകാലത്ത് പുഴയില്‍ വെള്ളമുയര്‍ന്നതോടെ പാലം തകര്‍ന്നു. നല്ലതണ്ണിയാറിന് മറുകരയുള്ള ശേവല്കടി, തൊണ്ണൂറ്റാറ്, കുവൈറ്റ്സിറ്റി തുടങ്ങിയ ഇടങ്ങളിലെ ആളുകള്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നത് പെരുമ്പന്‍കുത്തിലെ റേഷന്കടയില്നിന്നുമാണ്.
പാലം തകര്‍ന്ന് ഇതുവഴിയുള്ള യാത്ര അവസാനിച്ചതോടെ കുടുംബങ്ങള്‍ പുതിയ പാലത്തിലൂടെ അധിക ദൂരം ചുറ്റിസഞ്ചരിച്ച് റേഷന്‍കടയില്‍ എത്തേണ്ട സ്ഥിതിയായി. തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കപ്പെട്ടാല്‍ പുഴയുടെ അക്കരെയിക്കരെയുള്ള പെരുമ്പന്കുത്തിലേക്കും കുവൈറ്റ് സിറ്റിയിലേക്കുമുള്ള ആളുകളുടെ യാത്ര കൂടുതല്‍ എളുപ്പമാകും.