ഇടുക്കിയിലും ജലവിമാനമിറങ്ങും; ആദ്യ ലാൻഡിംഗ് മാട്ടുപ്പെട്ടിയിൽ
1467569
Saturday, November 9, 2024 4:00 AM IST
തൊടുപുഴ: ജില്ലയിൽ ആദ്യമായി ജലവിമാനമെത്തുന്നു. മൂന്നാർ മാട്ടുപ്പെട്ടി ജലാശയത്തിലാണ് 11ന് സീപ്ലെയിൻ പറന്നിറങ്ങുക. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ജലവിമാനത്തിന് സ്വീകരണം നൽകും. കൊച്ചി ബോൾഗാട്ടി പാലസിൽ രാവിലെ 9.30ന് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ഫ്ളാഗ് ഓഫ് ചെയ്യുക.
കെഎസ്ഇബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ ടൂറിസം രംഗത്ത് ജില്ലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കൊച്ചിയിൽനിന്നും കോഴിക്കോടുനിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദസഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കും.
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി ആസ്വദിക്കാനുമാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക.
എയർ സ്ട്രിപ്പുകൾ നിർമിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്.
മാട്ടുപ്പെട്ടിക്കു പുറമേ മലന്പുഴ, വേന്പനാട്ട് കായൽ, അഷ്ടമുടിക്കായൽ, ചന്ദ്രഗിരിപ്പുഴ, കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർ തലത്തിൽ ആലോചന നടന്നു വരികയാണ്.