ഇടുക്കി മെഡി. കോളജ് അവഗണനയിൽ; യുഡിഎഫ് സമരത്തിലേക്ക്
1467318
Friday, November 8, 2024 4:08 AM IST
ഇടുക്കി: ജില്ലയിലെ ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയമായ ഇടുക്കി മെഡിക്കൽ കോളജിനോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കാത്ത പക്ഷം സമരങ്ങളാരംഭിക്കുന്നതിന് യുഡിഎഫ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയോഗം തീരുമാനിച്ചു.
ഇടുക്കിയിൽ മെഡിക്കൽ കോളജ് ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും കാർഡിയോളജി, ന്യൂറോ ഉൾപ്പെടെയുള്ള സ്പെക്ഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമായിട്ടില്ല. ഒ പി വിഭാഗങ്ങളിൽ പല ദിവസങ്ങളിലും ഡോക്ടർമാരുടെ എണ്ണം കുറവാണ്. ഡ്യൂട്ടിയിലുള്ള ഡോക്ടർമാരും രോഗികളും ഇതുമൂലം വളരെയേറെ കഷ്ടപ്പെടുകയാണ്.
പാരാമെഡിക്കൽ സ്റ്റാഫുകളുടെ എണ്ണക്കുറവ് പലപ്പോഴും ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി. കരാർ അടിസ്ഥാനത്തിലുള്ള ഡോക്ടർമാരോടൊപ്പം സീനിയേഴ്സായ പ്രഫസർമാരേയും ആവശ്യമായ പാരാമെഡിക്കൽ സ്റ്റാഫുകളെയും നിയമിക്കണം. എംആർഐ സ്ക്വാനിംഗ് സംവിധാനം ഉടൻ ആരംഭിക്കണം.
കിടപ്പു രോഗികൾക്കു പുറമേ ആവശ്യമായ എല്ലാ രോഗികൾക്കും സിടി സ്ക്വാൻ സൗകര്യം പ്രയോജനപ്പെടുത്തണം. മരുന്നുകളുടെ കുറവുമൂലം രോഗികളെ വിവിധ ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടിവരുന്ന അവസ്ഥ പരിഹരിക്കുവാൻ ആവശ്യമായ മരുന്നുകളെത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും സിഎച്ച്ആർ വിഷയത്തിൽ ഇടതുമുന്നണി സർക്കാരിന്റെ ഇരട്ടത്താപ്പ് നയം തിരുത്തി ജനപക്ഷ നിലപാടുകൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 16ന് രാവിലെ 10.30ന് ചെറുതോണി ടൗൺഹാളിൽ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തുന്ന സമരപ്രഖ്യാപന കൺവൻഷനിൽ 400 പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. യുഡിഎഫ് മണ്ഡലം കമ്മിറ്റി യോഗങ്ങൾ 11, 12 തീയതികളിൽ കൂടുന്നതിനും നിശ്ചയിച്ചു.
ഇടുക്കി ഡിസിസി ഓഫീസിൽ കൂടിയ യോഗം യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പ്രഫ.എം.ജെ. ജേക്കബ്, കൺവീനർ ജോയി കൊച്ചുകരോട്ട്, തോമസ് മൈക്കിൾ, നോബിൾ ജോസഫ്, വർഗീസ് വെട്ടിയാങ്കൽ, എം.കെ. നവാസ്, സാം ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.