ഭൂപ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയമെന്ന്
1467316
Friday, November 8, 2024 4:08 AM IST
ഇടുക്കി: വന്യജീവിശല്യവും ഭൂപ്രശ്നങ്ങളും പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം ആരോപിച്ചു. ജനകീയ ആവശ്യങ്ങൾ അവഗണിക്കുന്ന രീതിയാണ് സർക്കാരിന്റേത്. കൃഷി നശിപ്പിക്കുന്ന വന്യജീവികളെ കൃഷിസ്ഥലത്തുതന്നെ നശിപ്പിക്കുവാൻ നിയമമുണ്ടാക്കണമെന്ന് യോഗം സർക്കാരുകളോടാവശ്യപ്പെട്ടു.
കൃഷി നാശത്തിനും വന്യമൃഗ ആക്രമണം നേരിടുന്നവർക്കുമുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നും അത് കാലതാമസം കൂടാതെ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജിൽ എല്ലാത്തരം വായ്പകളുടെയും പലിശ എഴുതിത്തള്ളാൻ 2,000 കോടി രൂപ മാറ്റിവയ്ക്കണം.
സിഎച്ച്ആർ വിഷയത്തിൽ ജനപക്ഷ നിലപാടുകൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16ന് ചെറുതോണിയിൽ നടത്തുന്ന സമര പ്രഖ്യാപന കൺവൻഷനിൽ എല്ലാ മണ്ഡലങ്ങളിൽനിന്നു പ്രതിനിധികളെ പങ്കെടുപ്പിക്കും.
ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ. ജേക്കബ്, അഡ്വ. തോമസ് പെരുമന, നോബിൾ ജോസഫ്, വർഗീസ് വെട്ടിയാങ്കൽ, വി.എ. ഉലഹന്നാൻ, ജോയി കൊച്ചുകരോട്ട്, ബാബു കീച്ചേരിൽ, എം.ജെ. കുര്യൻ, ഫിലിപ്പ് ജി. മലയാറ്റ്, ടോമി തൈലംമനാൽ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.