വനംവകുപ്പ് റവന്യുഭൂമി കൈവശപ്പെടുത്തി; സ്വകാര്യ വ്യക്തി വ്യാജപട്ടയം സന്പാദിച്ചു
1467311
Friday, November 8, 2024 4:08 AM IST
കാഞ്ചിയാറിലെ ഭൂമിവിവാദം: ജില്ലാ കളക്ടർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു
കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ കാഞ്ചിയാർ പള്ളിക്കവലയിൽ വനംവകുപ്പ് കൈയടക്കി വച്ചിരിക്കുന്ന റവന്യു ഭൂമിയെക്കുറിച്ചും ഇവിടെത്തന്നെ വനംവകുപ്പു വക സ്ഥലം കൈവശപ്പെടുത്തുകയും വ്യാജ പട്ടയം സന്പാദിച്ച് സ്വകാര്യ വ്യക്തി പലർക്കായി മുറിച്ചു വില്പന നടത്തിയ സംഭവത്തെക്കുറിച്ചും അന്വേഷണം നടത്തുന്നതിനായി ജില്ലാ കളക്ടർ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
വനംവകുപ്പ് കോട്ടയം ഡിഎഫ്ഒ, കാഞ്ചിയാർ റേഞ്ച് ഓഫീസർ, ഇടുക്കി തഹസിൽദാർ, കാഞ്ചിയാർ വില്ലേജ് ഓഫീസർ എന്നിവർക്ക് 11ന് കളക്ടറേറ്റിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കത്തു നൽകിയിരിക്കുന്നത്.
ഭൂമികളെ സംബന്ധിച്ചിള്ള വിശദമായ റിപ്പോർട്ട് നേരത്തേ കാഞ്ചിയാർ വില്ലേജ് ഓഫീസർ തഹസിൽദാർക്കും തഹസീൽദാർ ജില്ലാ കളക്ടർക്കും നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ യോഗം വിളിച്ചിരിക്കുന്നത്.
നിലവിലെ ഫോറസ്റ്റ് സ്റ്റേഷനും അനുബന്ധ സ്ഥാപനങ്ങളും നിലനിർത്തി ബാക്കി ഭൂമി റവന്യുവകുപ്പിലേക്ക് അളന്നുതിരിച്ച് മാറ്റണമെന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവിടെയുള്ള 12 ഏക്കർ റവന്യു ഭൂമിയാണ് വനംവകുപ്പ് കൈവശപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങൾക്കു മുന്പ് ഈ സ്ഥലത്ത് ഗവണ്മെന്റ് കോളജ് സ്ഥാപിക്കുന്നതിനായി തറക്കല്ലിട്ടതാണ്.
പിന്നീട് ഗവണ്മെന്റ് കോളജ് കട്ടപ്പനയിലേക്കുമാറ്റി. ഇടുക്കി പദ്ധതി നിലവിൽ വന്നതോടെ വെള്ളത്താൽ മൂടപ്പെട്ട പഴയ അയ്യപ്പൻകോവിലിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് സ്റ്റേഷൻ ഇവിടെ പ്രവർത്തിപ്പിക്കുന്നതിനും ഭൂമി കൈയേറ്റങ്ങൾ ഉണ്ടാകാതെ നിരീക്ഷിക്കുന്നതിനുമായി റവന്യു ഭൂമി വനംവകുപ്പിനെ ഏൽപ്പിച്ചിരുന്നതാണെന്നും കളക്ടർക്കു നൽകിയിട്ടുള്ള റിപ്പോർട്ടിൽ പറയുന്നു.
കാഞ്ചിയാർ പള്ളിക്കവലയിൽ ജനവാസമേഖലയോടുചേർന്ന 04.83 ഹെക്ടർ പ്രദേശം മരങ്ങൾ വച്ചുപിടിപ്പിച്ച് വനം സൃഷ്ടിച്ചെടുക്കുകയായിരുന്നെന്നും ജണ്ടകെട്ടി തങ്ങളുടെ ഭൂമിയാണിതെന്നു സ്ഥാപിക്കുവാൻ വനംവകുപ്പ് ശ്രമം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
കാഞ്ചിയാർ പള്ളിക്കവലയ്ക്ക് സമീപംതന്നെയുള്ള വനംവകുപ്പ് ഭൂമി കൈയേറി സ്വകാര്യവ്യക്തി പട്ടയം സന്പാദിക്കുകയും പലർക്കായി ഭൂമി മുറിച്ചുവിറ്റതായും റിപ്പോർട്ടിലുണ്ട്.
കുട്ടിക്കാനം-പുളിയൻമല മലയോര ഹൈവേയോടു ചേർന്നാണ് സ്വകാര്യവ്യക്തി വ്യാജപട്ടയം സന്പാദിച്ചതിനുശേഷം മുറിച്ചുവിറ്റ ഭൂമി.
ഇവിടെ ഇരുനിലകളിലായി 20 ഓളം ഷട്ടറുകൾ ഉള്ള കെട്ടിടവും സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.