തൃക്കരിപ്പൂർ: കൃഷിവകുപ്പിന്റെ വിജ്ഞാന വ്യാപന പദ്ധതികളുടെ ഭാഗമായി തൃക്കരിപ്പൂരിൽ ഞാറ്റുവേല ചന്തക്കും കർഷകസഭകൾക്കും തുടക്കമായി. തൃക്കരിപ്പൂർ കൃഷിഭവനും പഞ്ചായത്തും സംയുക്തമായി നടത്തിയ ഞാറ്റുവേല ചന്തയിൽ കർഷകരുടെ നിരവധി നടീൽ വസ്തുക്കളും കാർഷികോത്പന്നങ്ങളും ജൈവ വളങ്ങളും വിപണനം നടത്തി.
കുറ്റികുരുമുളക് തൈ, കമുകിൻ തൈ, തെങ്ങിൻ തൈ, വെണ്ട, പച്ചമുളക് തുടങ്ങിയ പച്ചക്കറി തൈകൾ, ചെണ്ടുമല്ലി തൈ, ഇഞ്ചി വിത്തുകൾ എന്നിവയുടെ വിതരണം നടന്നു. കർഷകരുടെ ഉത്പന്നമായ വെള്ളരി, ജൈവവളം, ജൈവ കുമൾ നാശിനി, വിവിധ തരം സൂക്ഷ്മമൂലകങ്ങൾ എന്നിവയും ഞാറ്റുവേല ചന്തയിൽ വിൽപന നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ എ.കെ.ഹാഷിം അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.ഷൈമ, കെ.വി.രാധ, സീത ഗണേഷ്, കെ.വി.കാർത്യായനി, കൃഷി ഓഫീസർ എ.രജീന, അസി.കൃഷി ഓഫീസർ പി.സതീശൻ എന്നിവർ പ്രസംഗിച്ചു.