നീലേശ്വരം: ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ മധ്യവേനലവധിക്കാലത്ത് സംഘടിപ്പിച്ച കുട്ടികളുടെ വായന പരിപോഷണ പദ്ധതിയിൽ മാതൃക തീർത്ത കുട്ടികൾക്കും ഗ്രന്ഥശാലകൾക്കും കൺവീനർമാർക്കും വായനാവെളിച്ചം പുരസ്കാരങ്ങൾ സമ്മാനിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ പി.വി.ഷാജികുമാർ പുരസ്കാര സമർപ്പണം നടത്തി.
മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്കാരം തെക്കെ മാണിയാട്ട് അനശ്വര റീഡിംഗ് റൂം ആന്റ് ലൈബ്രറി കരസ്ഥമാക്കി. മികച്ച കൺവീനർക്കുള്ള പുരസ്കാരം പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയത്തിലെ കെ.കെ.നാരായണന് സമ്മാനിച്ചു. മികച്ച കൈയെഴുത്തു മാഗസിനുള്ള സമ്മാനവും വിദ്യാപോഷിണി ഗ്രന്ഥാലയത്തിന് ലഭിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.വേണുഗോപാലൻ അധ്യക്ഷനായി. സെക്രട്ടറി വി.ചന്ദ്രൻ, താലൂക്ക് ബാലവേദി കോ-ഓർഡിനേറ്റർ സുനിൽ പട്ടേന, എം.പി.ശ്രീമണി, രമ രാമകൃഷ്ണൻ, കെ.ലളിത, പപ്പൻ കുട്ടമത്ത്, സി.വി.വിജയരാജ് എന്നിവർ പ്രസംഗിച്ചു.