പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചു
1479005
Thursday, November 14, 2024 6:15 AM IST
പെരുമ്പടവ്: എരമം-കുറ്റൂർ പഞ്ചായത്തിലെ കക്കറ, വെള്ളോറ, അനിക്കം, കടവനാട്, താളിച്ചാൽ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടത് പുലിയാണെന്ന സംശയം വ്യാപകമായതോടെ പുലിക്കൂട് സ്ഥാപിച്ച് വനംവകുപ്പ്. അനിക്കം ശ്മശാനത്തിന് സമീപത്താണ് പുലിക്കൂട് സ്ഥാപിച്ചത്. പുലിയെ കണ്ടതായി നാട്ടുകാർ പറയുകയും ആടുകൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ കടിച്ചു കൊല്ലുകയും ചെയ്തത് പുലിയാണെന്ന സംശയത്തെ തുടർന്നാണ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞദിവസം പെരുവാമ്പയിൽ നിന്ന് വരികയായിരുന്ന റാഷിദ് എന്ന വ്യാപാരി പുലിയെ റോഡരികിൽ കണ്ടതായും പറയുന്നു. കൂടാതെ താളിച്ചാലിൽ പുലിയെ കണ്ടതായുള്ള വീഡിയോയും പ്രചരിച്ചിരുന്നു. ഇതോടെ യാണ് വനം വകുപ്പ് കൂടുതൽ ജാഗ്രതയിലായത്.
എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും നിരന്തര ഇടപെടൽ മൂലം വനംവകുപ്പ് പലസ്ഥലങ്ങളിലും കാമറ സ്ഥാപിച്ചിരുന്നെങ്കിലും ഇതിലൊന്നും പുലിയുടെ സാന്നിധ്യം ലഭ്യമായില്ല. എന്നാൽ, പുലിയെ കണ്ടതായി വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് അനിക്കം ശ്മശാനത്തിന് സമീപം സ്ഥാപിച്ചത്.
രണ്ടുതവണ പുലിയെ കണ്ട കായപ്പൊയിൽ പ്രദേശത്ത് ഇന്നലെ വൈകുന്നേരം ആർആർടിയുടെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടന്നു. റേഞ്ച് ഫോറിസ്റ്റ് ഓഫീസർ ടി. രതീശൻ, ആർആർടി ഡപ്യൂട്ടി റേഞ്ച് ഓഫീസർ ഷൈനികുമാർ, വെറ്ററിനറി സർജൻ ഡോ. എലിയാസ് റാവുത്തർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. പ്രദീപൻ, എം. രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ.കെ. ജിജേഷ്, കെ.വി. മുഹമ്മദ് ഷാഫി, പി.പി രാജീവൻ, മനോജ് വർഗീസ്, സി.പി. രജനീഷ് എന്നിവരുടെ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.