സമഗ്രശിക്ഷാ കേരളം ഹോസ്റ്റലിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ
1478993
Thursday, November 14, 2024 6:15 AM IST
ഇരിട്ടി: കേന്ദ്ര കേരള സർക്കാരുകളുടെ സഹായത്തോടെ ഇരിട്ടി കല്ലുമുട്ടിയിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ സമഗ്രശിക്ഷാ കേരളം പദ്ധതിക്കു കീഴിലെ ഹോസ്റ്റലിന്റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. പദ്ധതിയുടെ കേന്ദ്രവിഹിതമായ 60 ശതമാനം വരുന്ന തുക കഴിഞ്ഞ മാർച്ച് മുതൽ ലഭിക്കാതെ വന്നതോടെയാണ് പ്രവർത്തനങ്ങൾ താളം തെറ്റുന്നത്. യുപി സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെ പഠിക്കുന്ന 23 വിദ്യാർഥികളാണ് ഇപ്പോൾ ഹോസ്റ്റലിൽ താമസിച്ചു വരുന്നത്.
സ്കൂൾ വിദ്യാഭ്യാസം നിർത്തി വീടുകളിൽ ഇരിക്കുന്ന ആദിവാസി കുട്ടികളെ കണ്ടെത്തി തുടർവിദ്യാഭ്യാസം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി കേന്ദ്രം അറുപതും കേരളം 40 ശതമാനം തുകയാണ് ചെലവിടേണ്ടത്.
വിദ്യാർഥികളുടെ പഠനം ഭക്ഷണം താമസ സൗകര്യം ഉൾപ്പെടെയുള്ള ചിലവുകൾ ഇതിൽ ഉൾപ്പെടും. പദ്ധതിയിൽ കേന്ദ്ര വിഹിതം മുടങ്ങിയതോടെ ശമ്പളം, കുട്ടികളുടെ ഭക്ഷണ ചിലവുകൾ ഉൾപ്പെടെയുള്ള വലിയ ചെലവുകൾക്കുള്ള തുക കണ്ടെത്താൻ അധികൃതർ പാടുപെടുകയാണ്.
പ്രവർത്തിക്കുന്നത്
വാടകക്കെട്ടിടത്തിൽ
കല്ലുമുട്ടിയിലുള്ള ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിലെ ഒന്നാമത്തെ നിലയിലെ എട്ടു റൂമുകളിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. 10000 രൂപയാണ് വാടക ഇനത്തിൽ ബ്ലോക്കിനു നൽകേണ്ടത്. കുട്ടികളുടെ ഭക്ഷണ ചെലവ് ഏകദേശം ഒരു ലക്ഷത്തിനു മുകളിലാണ്. മറ്റ് പ്രഥമിക സൗകര്യങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തുന്നതിന് നല്ലൊരു തുക മാസം കണ്ടെത്തേണ്ടതുണ്ട്. കേരളത്തിന്റെ വിഹിതം കൊണ്ടു മാത്രം പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യമാണ്.
കെട്ടിടത്തിൽ അടുക്കള സൗകര്യം ഇല്ലാത്തതുകൊണ്ട് ഭക്ഷണം കാറ്ററിംഗ് ഏജൻസിയെയാണ് ഏല്പിച്ചിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരളം പദ്ധതി തുടങ്ങുന്നത് 2019ലാണ്. കോവിഡ് കാലത്ത് ഹോസ്റ്റൽ പൂട്ടിയതോടെ 2022 ജൂണിലാണ് പദ്ധതി വീണ്ടും സജീവമാകുന്നത്.
കേരളത്തിലെ അഞ്ചു ഹോസ്റ്റലുകളിൽ ഒന്നാണ് ഇരിട്ടിയിലെ ഹോസ്റ്റൽ. 50ന് മുകളിൽ വിദ്യാർഥികൾ ഉണ്ടെങ്കിൽ മാത്രമേ ഹോസ്റ്റലിന്റെ സ്ഥിരം സംവിധാനത്തെക്കുറിച്ച് പ്രപ്പോസൽ പോലും സമർപ്പിക്കാൻ കഴിയുകയുള്ളൂ. കേന്ദ്രം മുന്പ് നിർത്തിയ "ഊര് വിദ്യാകേന്ദ്രം' പോലുള്ള പദ്ധതിയായി ഇതും മാറുമോ എന്ന ആശങ്കയാണ് അധ്യാപകർ പങ്കുവയ്ക്കുന്നത് അതുപോലെ തന്നെ പ്രതിഭാ കേന്ദ്രങ്ങളുടെ എണ്ണം സർക്കാർ വെട്ടികുറച്ചിരുന്നു.