പാതിവഴിയിലായി പാലാവയലിന്റെ കായികസ്വപ്നങ്ങൾ
1478999
Thursday, November 14, 2024 6:15 AM IST
മാത്യു അരീക്കാട്ട്
പാലാവയൽ: മലയോര മേഖലയുടെ കായികസ്വപ്നങ്ങൾ പ്രതീക്ഷയുടെ ചിറകുവിരിച്ചുയർന്നത് ഏതാണ്ട് പത്തുവർഷം മുമ്പായിരുന്നു. ജില്ലയുടെ നീന്തൽഗ്രാമമായ പാലാവയലിൽ സെന്റ് ജോൺസ് സ്കൂളിനോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ 50 ലക്ഷം രൂപ ചെലവിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ നീന്തൽകുളം നിർമിച്ചത് 2014ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ്. പാലാവയൽ പള്ളിയുടെ ചെലവിൽ അനുബന്ധ സൗകര്യങ്ങളുമൊരുക്കി.
ആ സമയത്താണ് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) ഡയറക്ടറായിരുന്ന ജിജി തോംസൺ പാലാവയലിലെത്തിയത്. സിന്തറ്റിക് ട്രാക്ക്, ഇൻഡോർ കോർട്ട്, സ്പോർട്സ് ഹോസ്റ്റൽ, ജിംനേഷ്യം തുടങ്ങി വിപുലമായ പദ്ധതികളാണ് അദ്ദേഹം പാലാവയലിന് വാഗ്ദാനം ചെയ്തത്. പദ്ധതിയുടെ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കാൻ കിറ്റ്കോയെ ചുമതലപ്പെടുത്തി.
കിറ്റ്കോയുടെ കൊച്ചി ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ പലതവണ പാലാവയൽ സന്ദർശിച്ചു. രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചു.
അതിനകം ജിജി തോംസൺ സായി ഡയറക്ടർ സ്ഥാനത്തുനിന്ന് മാറി സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്നു. മലയാളിയായ ജിജി തോംസൺ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറിയതോടെ സായി പദ്ധതിയുടെ കാര്യം മെല്ലെപ്പോക്കിലായി. സംസ്ഥാന സർക്കാരിനു കീഴിൽ തന്നെ പദ്ധതി നടപ്പാക്കാൻ ശ്രമം നടന്നെങ്കിലും അതിനു പിന്നാലെ സർക്കാരും മാറി. ഇതോടെ പാലാവയലിന്റെ കായികസ്വപ്നങ്ങൾ പാതിവഴിയിലായി.
പാലാവയൽ പള്ളിയും തലശേരി അതിരൂപതയുടെ കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുമൊക്കെ സ്വന്തം നിലയിൽ വീണ്ടും ലക്ഷങ്ങൾ മുടക്കിയാണ് പിന്നീട് നീന്തൽകുളത്തിന്റെ അറ്റകുറ്റപ്പണികളും കൂടുതൽ ആധുനിക സൗകര്യങ്ങൾ കൊണ്ടുവരാനുള്ള പ്രവൃത്തികളും നടത്തിയത്. ഇപ്പോൾ പ്രതിമാസം ഏതാണ്ട് നാല്പതിനായിരത്തോളം രൂപയാണ് നീന്തൽകുളത്തിന്റെ നടത്തിപ്പിനായി ചെലവഴിക്കുന്നത്.
സായ് അധികൃതർ വാഗ്ദാനം ചെയ്ത ബാസ്കറ്റ്ബോൾ കോർട്ടും പിന്നീട് പള്ളിയുടെയും കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെയും ചെലവിൽ യാഥാർഥ്യമാക്കി. പള്ളിയുടെ നേതൃത്വത്തിൽ 12 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് കഴിഞ്ഞ വർഷം നീന്തൽകുളം വീണ്ടും നവീകരിച്ചത്. പുറത്തുനിന്നും നീന്തൽ പരിശീലനത്തിനായി എത്തുന്ന കുട്ടികളിലും മുതിർന്നവരിലും നിന്ന് വാങ്ങുന്ന നാമമാത്രമായ ഫീസ് മാത്രമാണ് ആകെയുള്ള വരുമാനം.
സർക്കാരിന്റെയോ സായിയുടെയോ സഹായം ലഭിക്കുകയാണെങ്കിൽ ഇവിടെയുള്ള മികച്ച സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കാൻ സാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഇപ്പോൾതന്നെ കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ മലയോരമേഖലകളിൽ നിന്നുള്ള ഒട്ടനവധി കുട്ടികൾ നീന്തൽ പരിശീലനത്തിനായി സെന്റ് ജോൺസിലെത്തുന്നുണ്ട്. എന്നാൽ, ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പാലാവയലിൽ താമസിച്ച് പഠനവും നീന്തൽ പരിശീലനവും നടത്താൻ സൗകര്യമില്ല.
പാലാവയലിന് വാഗ്ദാനം ചെയ്ത സ്പോർട്സ് ഹോസ്റ്റൽ പിന്നീട് സംസ്ഥാന സർക്കാർ മറ്റിടങ്ങളിലേക്ക് മാറ്റി. അനുബന്ധ ചെലവുകളുടെയും ഹോസ്റ്റലിന്റെയും കാര്യത്തിൽ സർക്കാരിന്റെ പിന്തുണ ലഭിച്ചാൽ അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിക്കുന്ന നീന്തൽതാരങ്ങളെ ഇവിടെനിന്ന് വാർത്തെടുക്കാൻ കഴിയും.