വഖഫ് മന്ത്രിയുടെയും ചെയർമാന്റെയും നിലപാട് പ്രതിഷേധാർഹം: കേരള കോൺഗ്രസ് -എം
1478998
Thursday, November 14, 2024 6:15 AM IST
കണ്ണൂർ: മുനമ്പം ഭൂമി വിഷയത്തിൽ വഖഫ് മന്ത്രിയുടെയും ചെയർമാന്റേയും നിലപാട് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ്-എം കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. മുനമ്പത്തു സാധാരണക്കാർ നടത്തുന്ന സമരത്തിന് നേതൃത്വം നല്കുന്ന പുരോഹിതരെ വർഗീയവാദികളായി ചിത്രീകരിച്ച മന്ത്രി അബ്ദുറഹ്മാൻ വഹിക്കുന്ന സ്ഥാനത്തിന്റെ പക്വത പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
മുനമ്പം ഭൂമി വഖഫ് അല്ല. ഭരണഘടന ഉറപ്പു നല്കുന്ന ജീവിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനു വേണ്ടിയാണ് മുനമ്പത്തെ ജനങ്ങളുടെ സമരം. രജിസ്ട്രേഷൻ നിയമപ്രകാരം ക്രയവിക്രയ അവകാശ ത്തോടുകൂടി 1992 ഓഗസ്റ്റ് മുനമ്പത്തെ കുടുംബങ്ങൾക്ക് വിലയാധാര പ്രകാരം വില്പന നടത്തിയതാണ് മുനമ്പത്തെ ഭൂമി.
ഇങ്ങനെ വില്പന നടത്തിയ ഭൂമിയുടെ മുന്നാധാരമടക്കമുള്ള രേഖകൾ പരിശോധിച്ച് റവന്യൂ ഡിപ്പാർട്ട്മെന്റ് ഈ സ്ഥലം വാങ്ങിയ വ്യക്തികളുടെ പേരിൽ പോക്കുവരവ് നടത്തി ഉടമസ്ഥാവകാശം കൊടുത്തിട്ടുള്ളതാണ്. ഇതിനുശേഷം ഈ ഭൂമി വാങ്ങിയവരും അവരുടെ അനന്തര അവകാശികളും 2022 വരെ കരമടച്ച് സർവസ്വാതന്ത്ര്യത്തോടെ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഏകദേശം 610 കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്. അതുകൊണ്ടുതന്നെ നിയമപരമായും നീതിപരമായും ഈ സ്ഥലം ഇന്നത്തെ ഭൂഉടമകൾക്ക് പൂര്‍ണമായും അവകാശപ്പെട്ടതാണെന്നതിൽ തർക്കമുണ്ടാകേണ്ട ഒരു സാഹചര്യവുമില്ലെന്നത് ഉറപ്പിച്ച് പറയാൻ കഴിയുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ജോയിസ് പുത്തൻപുര, മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, ജോസ് ചെമ്പേരി, കെ.ടി. സുരേഷ്കുമാർ, തോമസ് മാലത്ത്, ബിനു മണ്ഡപം, വി.വി. സേവി, സി.എം. ജോർജ്, സി.ജെ. ജോൺ, മാത്യു പുളിക്കക്കുന്നേൽ, മാത്യു കാരിത്താങ്കൽ, മോളി ജോസഫ്, ജയിംസ് മരുതാനിക്കാട്ട്, വിപിൻ തോമസ്, ബിജു പുതുക്കള്ളി, ഡെന്നി കാവാലം, ഡോ. ജോസഫ് തോമസ്, വർക്കി വട്ടപ്പാറ, അമൽ ജോയി കൊന്നക്കൽ, ജെയ്സൺ ജീരകശേരി, എബിൻ കുമ്പുക്കൽ, നോബിൻസ് ചെരിപുറം, എ.കെ. രാജു, ഏലമ്മ ഇലവുങ്കൽ, ടോംസ് പനക്കപ്പള്ളി എന്നിവർ പ്രസംഗിച്ചു.