സിബിഎസ്ഇ കലോത്സവം പ്രതിഭകളെ അനുമോദിച്ച് കോട്ടയ്ക്കല്‍ സേക്രഡ് ഹാര്‍ട്ട് സ്കൂള്‍
1478974
Thursday, November 14, 2024 5:32 AM IST
കോട്ടയ്ക്കല്‍: പാലക്കാട്ട് നടന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ മലപ്പുറം ജില്ല സഹോദയയില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകളോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കോട്ടയ്ക്കല്‍ സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ മത്സരവിജയികളെയും പരിശീലകരെയും അനുമോദിക്കുന്ന ചടങ്ങ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. പ്രശസ്ത പുല്ലാങ്കുഴല്‍ വാദകനും സംഗീതജ്ഞനുമായ രാജേഷ് ചേര്‍ത്തല ചടങ്ങില്‍ ഉദ്ഘാടകനും മുഖ്യാതിഥിയുമായിരുന്നു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സില്ല ജോര്‍ജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ബീന ചന്ദ്രശേഖരന്, പിടിഎ പ്രസിഡന്റ് ശരത്നാഥ്, സാമൂഹ്യശാസ്ത്ര വകുപ്പ് മേധാവി ശശിധരന്, സ്കൂള്‍ ഹെഡ് ഗേള്‍ സന്‍ഹ താപ്പി എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ ട്രഷറര്‍ ഷാന്‍, പിടിഎ വൈസ് പ്രസിഡന്റ് ഷൈനി എന്നിവര്‍ പങ്കെടുത്തു.ചടങ്ങില്‍ പാശ്ചാത്യസംഗീതവും ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതവും ചലച്ചിത്രഗാനങ്ങളും സമന്വയിപ്പിച്ചുള്ള രാജേഷ് ചേര്‍ത്തലയുടെ പുല്ലാങ്കുഴല്വാദന പ്രകടനം സദസിനെ വിസ്മയിപ്പിച്ചു.
നമ്മുടെ സര്‍ഗാത്മക കഴിവുകള്‍ ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയുന്ന അവസരങ്ങള്‍ പാഴാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയ വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച ദഫ്മുട്ട് പരിശീലകരായ സി.കെ. ഇര്‍ഷാദ്, അനസ് മണ്ണാര്‍ക്കാട്, ഫായിസ് മണ്ണാര്‍ക്കാട്, കോല്‍കളി പരിശീലകരായ മെഹ്റൂഫ് കോട്ടക്കല്‍, സലീഖ് കോട്ടക്കല്‍ എന്നിവരെയും കലോത്സവ കോ ഓര്‍ഡിനേറ്റര്‍മാരായ
റോസ്മേരി, ശാലിനി എന്നിവരെയും മത്സരവിജയികളായ വിദ്യാര്‍ഥികളെയും അവരുടെ രക്ഷാകര്‍ത്താക്കളെയും അനുമോദിച്ചു. വിജയികള്‍ക്ക് രാജേഷ് ചേര്‍ത്തല സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.