കൊളത്തൂരില്‍ 75 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍
1477957
Sunday, November 10, 2024 6:30 AM IST
കൊളത്തൂര്‍: കൊളത്തൂരില്‍ 75 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡിലെ എസ്ഐ എന്‍. റിഷാദ് അലിയും സംഘവും കൊളത്തൂര്‍,
കുറുവ എന്നിവിടങ്ങളിലെ വാടക ക്വാര്‍ട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുറുവയില്‍ വച്ച് 75 ഗ്രാം സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎയുമായി പാങ്ങ് സ്വദേശി ചോമയില്‍ മുഹമ്മദ് അലി (35), വയനാട് വടുവഞ്ചാല്‍ സ്വദേശി ദിജിഭവന്‍ വീട്ടില്‍ ദീപക് (28) എന്നിവരെ അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട ഫ്ലാറ്റുകളും വാടക ക്വാര്‍ട്ടേഴ്സുകളും കേന്ദ്രീകരിച്ച് ലഹരി വില്‍പ്പനയും ഉപയോഗവും നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാപോലീസ് മേധാവി ആര്. വിശ്വനാഥിന് രഹസ്യവിവരം ലഭിച്ചിരുന്നു. ബംഗളൂരു കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖേനയാണ് പ്രതികള്‍ ലഹരിമരുന്ന് വാങ്ങിയത്.
നാലുദിവസം മുമ്പാണ് ബംഗളൂരുവില്‍ നിന്ന് ഇവര്‍ നാട്ടിലെത്തിയത്. ക്വാര്‍ട്ടേഴ്സില്‍ വച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി കുറുവ, പടപ്പറമ്പ്, കൊളത്തൂര്‍ ഭാഗങ്ങളില്‍ ലഹരിമരുന്ന് വില്‍പ്പന നടത്താനുള്ള പദ്ധതിയായിരുന്നു. പ്രതികളുടെ പാന്റിന്റെ പോക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ഗസറ്റഡ് ഓഫീസറായ പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധനാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ലഹരി വില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് സൂചന ലഭിച്ചതായി ഡിവൈഎസ്പി ടി.കെ.ഷൈജു, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ പി.സംഗീത് എന്നിവര്‍ അറിയിച്ചു. പിടിയിലായ മുഹമ്മദ് അലിയുടെ പേരില്‍ പെരിന്തല്‍മണ്ണ, വളാഞ്ചേരി സ്റ്റേഷനുകളില്‍ ലഹരിക്കേസുകളുണ്ട്.
ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡിലെ പി. പ്രശാന്ത്, എന്‍.ടി. കൃഷ്ണകുമാര്‍, എം.മനോജ് കുമാര്‍, കെ.ദിനേഷ്, കെ. പ്രഭുല്‍ എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. രണ്ടുപേരെയും പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.