ക്രമക്കേടുകള്‍ കണ്ടെത്തിയ കടകള്‍ക്കെതിരേ നടപടി
1478431
Tuesday, November 12, 2024 6:22 AM IST
പെരിന്തല്‍മണ്ണ: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ നഗരസഭയിലെ കടകളില്‍ മിന്നല്‍ പരിശോധന നടത്തി.അരി, പലചരക്ക്, പച്ചക്കറി, മത്സ്യ, മാംസ വില്‍പ്പന ശാലകള്‍, ഹോട്ടലുകള്‍, മൊത്ത വ്യാപാരശാലകള്‍, റീട്ടെയില്‍ വില്പനശാലകള്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പെരിന്തല്‍മണ്ണ സബ് കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്.
അമിതവില ഈടാക്കുന്നതിനെതിരേയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനും വിലവിവരപ്പട്ടിക പ്രദര്ശിപ്പിക്കാതിരിക്കുന്നതിനെതിരേയുമുള്ള കര്‍ശന നടപടികളുടെ ഭാഗമായാണ് പരിശോധന നടത്തിയത്. വിലവിവരം രേഖപ്പെടുത്താത്തതിനും മറ്റു ക്രമക്കേടുകള്‍ കണ്ടെത്തിയതിനും കട ഉടമകള്‍ക്ക് നോട്ടീസ് നല്കി. വ്യക്തമായ രേഖകള്‍ കൈവശം വയ്ക്കാത്തവര്‍ക്ക് അവ ഹാജരാക്കുവാന്‍ നിര്‍ദേശം നല്കി.
പൊതുവിപണിയില്‍ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും പരിശോധന തുടരുമെന്ന് പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ വി. അബ്ദു അറിയിച്ചു. പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ കെ.സി. സഹദേവന്, ജി.കെ. ഷീന, ടി.എ. രജീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.