ലീഗല്‍ സര്‍വീസസ് സൊസൈറ്റി സാധാരണക്കാരന്റെ അത്താണി: കളക്ടര്‍
1467712
Saturday, November 9, 2024 6:25 AM IST
മലപ്പുറം: കേസുകളുടെ ചക്രത്തില്പ്പെട്ടുഴലുന്ന സാധാരണക്കാരനെ സഹായിക്കുന്ന ദൗത്യമാണ് ലീഗല്‍ സര്‍വീസസ് ഏറ്റെടുത്തിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ വി.ആര്.വിനോദ്. നിയമ സേവനദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സംഘടിപ്പിച്ച നിയമ അവബോധ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി നടപടികള്‍ക്കുള്ള ഭാരിച്ച ചെലവ് വഹിക്കാന്‍ കഴിയാത്തവര്‍ക്ക് അഥോറിറ്റി ഒരത്താണിയാണെന്നും
കളക്ടര്‍ പറഞ്ഞു. നിയമ സംവിധാനം ഒരു നൂലാമാലയാണെന്ന പൊതുധാരണ പൊളിച്ചെഴുതുകയാണ് നിയമ സേവന അഥോറിറ്റി ചെയ്യുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആര്.വിശ്വനാഥ്
മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയും സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജുമായ എം.ഷാബിര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ വി.എം.ആര്യ, ജില്ലാ സാമൂഹ്യനീതിവകുപ്പ് ഓഫീസര്‍ സി.കെ. ഷീബാ മുംതസ്, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ ആശാമോള്‍, ജില്ലാ ലേബര്‍ ഓഫീസര്‍ കെ. ജയപ്രകാശ് നാരായണന്, ട്രോമോ കെയര്‍ ജില്ലാ ട്രഷറര്‍ അഡ്വ. ഹാറൂണ്‍ അഷ്റഫ്, സെക്ഷന്‍ ഓഫീസര്‍ വി.ജി. അനിത, പെരിന്തല്‍മണ്ണ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി പ്രസൂണ്‍ റാം, പാനല്‍ അഭിഭാഷകന് എം.ടി.ഷാക്സ് എന്നിവര്‍ പ്രസംഗിച്ചു.