ആനക്കല്ലിലെ പ്രകമ്പനം : ദുരന്ത നിവാരണ അഥോറിറ്റി പരിശോധന നടത്തും
1467713
Saturday, November 9, 2024 6:25 AM IST
എടക്കര: പോത്തുകല്ല് ആനക്കല്ലില്‍ ഭൂമിക്കടിയില്‍ നിന്നുള്ള പ്രകമ്പനം സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. ഭൂമിക്കിടയില്‍ നിന്ന് പ്രകമ്പനവും ശബ്ദവും തുടരുന്ന സഹചര്യത്തില്‍ പ്രദേശവസികളുടെ ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘത്തെ ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം 15ന് മുമ്പ് ദുരന്ത നിവാരണ അഥോറിറ്റി സംഘം സ്ഥലത്തെത്തുമെന്നും അവരുടെ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം പ്രകമ്പനം തുടരുന്നതിനാല്‍ ഭീതിയോടെ കഴിയുന്ന കുടുംബങ്ങള്‍ക്കുള്ള രാത്രി ക്യാമ്പ് തുടരും. ഞെട്ടിക്കുളം എയുപി സ്കൂളിലെ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്. ഭീതി മാറുന്നത് വരെ രാത്രി സമയങ്ങളില്‍ ക്യാമ്പിലേക്ക് മാറാന്‍ അധികൃതര്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് തല ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്നാണ് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ തീരുമാനിച്ചത്. ആനക്കല്ല് പട്ടികവര്‍ഗ നഗറിലെ പന്ത്രണ്ട് കുടുംബങ്ങളാണ് ക്യാമ്പില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ആനക്കല്ലിലെ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള എട്ട് കുടുംബങ്ങളും ക്യാമ്പിലേക്ക് മാറിയിരുന്നു.
ചില കുടുംബങ്ങള്‍ ബന്ധുവീടുകളിലും കഴിയുന്നുണ്ട്. അതേസമയം ഇന്നലെ രാവിലെ മുതല്‍ രാത്രി വരെ ആനക്കല്ലില്‍ ഭൂമിക്കടിയില്‍ നിന്നുള്ള പ്രകമ്പനം ഉണ്ടായിട്ടില്ല. വ്യാഴാഴ്ച മൂന്ന് തവണ പ്രകമ്പനം ഉണ്ടായിരുന്നു. രണ്ടു മാസം മുമ്പാണ് മേഖലയില്‍ ആദ്യമായി ഇത്തരത്തില്‍ പ്രകമ്പനമുണ്ടായത്. പിന്നീട് കഴിഞ്ഞ മാസം 29 മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലായി ഇരുപതോളം തവണ പ്രകമ്പനം ഉണ്ടായിരുന്നു.
കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലായി അഞ്ച് തവണയും പ്രകമ്പനം അനുഭവപ്പെട്ടു. പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.എ. തോമസ്, പഞ്ചായത്തംഗങ്ങളായ ഓമന നാഗലോടി, മുസ്തഫ പാക്കട എന്നിവരാണ് കളക്ടറുമായി ചര്‍ച്ച നടത്തിയത്.