"കൂടെ’ പദ്ധതിയില്‍ വീട് നിര്‍മിച്ചു നല്കി
1477964
Sunday, November 10, 2024 6:30 AM IST
കോട്ടയ്ക്കല്‍: കോട്ടൂര്‍ എകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ "ഞങ്ങളുണ്ട് കൂടെ’ എന്ന പദ്ധതിയുടെ ഭാഗമായി പിതാവിന്റെ മരണത്തോടെ ദുരിതത്തിലായ വിദ്യാര്‍ഥിക്കും കുടുംബത്തിനും വീട് നിര്‍മിച്ചു നല്കി.
സ്കൂള്‍ ഓഡിറ്റോറിയത്തിന് നടന്ന ചടങ്ങില്‍ നഗരസഭ എട്ടാം വാര്‍ഡായ കാവതികളത്ത് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം സ്കൂള്‍ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിംഹാജി നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി. ഇഫ്തിഖാറുദീന്‍ അധ്യക്ഷത വഹിച്ചു. കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യമായ രണ്ടരസെന്റ് ഭൂമിയില്‍ നിര്‍മിച്ച വീടിനു വേണ്ടി 8.50 ലക്ഷം രൂപയാണ് ചെലവ് വന്നത്.
സ്കൂള്‍ മാനേജ്മെന്റിന്റെയും പിടിഎയുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹായത്തോടെയാണ് വീടു നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം. മുഹമ്മദ് ഹനീഫ,
പിടിഎ വൈസ് പ്രസിഡന്റ് കെ. സുധീഷ് കുമാര്‍, എംടിഎ പ്രസിഡന്റ് പി.വി. ഷാഹിന, പ്രിന്‍സിപ്പല്‍ അലി കടവണ്ടി, പ്രധാനാധ്യാപിക കെ.കെ സൈബുന്നീസ, എന്‍. വിനീത, കെ.റസിയ, പി.പി.യൂസുഫ്, എ. ഉണ്ണികൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.