പൊതുമരാമത്ത് ഓഫീസില്‍ ലീഗ് അക്രമം : നടപടിയില്ലാത്തതില്‍ ആക്ഷേപമുയരുന്നു
1477961
Sunday, November 10, 2024 6:30 AM IST
മഞ്ചേരി: പൊതുമരാമത്ത് ഓഫീസിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തെങ്കിലും ഒരാളെയും അറസ്റ്റു ചെയ്യാനായില്ല. സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളുണ്ടായിട്ടും പോലീസ് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വ്യാപകമായി ആക്ഷേപം ഉയരുന്നു.
അഡ്വ. യു.എ. ലത്തീഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇരുപതോളം പേര് മഞ്ചേരി പൊതുമരാമത്ത് റോഡ് വിഭാഗം ഓഫീസില്‍ എത്തി അതിക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്‍ജിനീയറെ ബന്ദിയാക്കുന്നതും വാതിലുകള്‍ പൂട്ടിയിട്ട് എംഎല്‍എ ഉള്‍പ്പെടെയുള്ള ലീഗ് പ്രവര്‍ത്തകര്‍ ആക്രോശിക്കുന്നതും പ്രവര്‍ത്തകരില്‍ ഒരാള്‍ ഫയലുകള്‍ വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. എന്നാല്‍ കണ്ടാല്‍ അറിയാവുന്ന നാലുപേര്‍ക്കെതിരേ മാത്രമാണ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പരാതി നല്‍കിയത്. ഇത് എംഎല്‍എയെയും ലീഗ് നേതാക്കളെയും സംരക്ഷിക്കാനുള്ള നീക്കമാണെന്ന് ജീവനക്കാര്‍ തന്നെ ആരോപിക്കുന്നുണ്ട്. പ്രതികളെ ഇതുവരെയും ചോദ്യം ചെയ്യാന്‍ പോലും പോലീസ് കൂട്ടാക്കിയില്ലെന്നും ആക്ഷേപമുണ്ട്.
സംഭവം നടന്ന ദിവസം ഓഫീസ് മേധാവിയായ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പോലീസില്‍ പരാതി നല്കാന് കൂട്ടാക്കിയിരുന്നില്ല. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടാമത്തെ ദിവസമാണ് രേഖാമൂലം പരാതി നല്‍കിയത്.
അതിക്രമിച്ചു കടന്ന മുഴുവന്‍ പേര്‍ക്കെതിരേയും നടപടി വേണമെന്നിരിക്കെ എംഎല്‍എയെയും നഗരസഭാധ്യക്ഷയെയും ലീഗ് ജില്ലാ നേതാക്കളെയും ഒഴിവാക്കി എഫ്ഐആര്‍ തയാറാക്കിയതിലും ദുരൂഹതയുണ്ടെന്നും ആരോപണം ഉയരുന്നു.
മഞ്ചേരി ജസീല ജംഗ്ഷന് മുതല്‍ നെല്ലിപ്പറമ്പ് വരെ തകര്‍ന്ന് ഗതാഗതം ദുസഹമായ റോഡ് അറ്റകുറ്റ പണി നടത്തണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എയുടെയും നഗരസഭാധ്യക്ഷയുടെയും നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ അടക്കമുള്ള ഇരുപതോളം ലീഗ് പ്രവര്‍ത്തകര്‍ മഞ്ചേരി കച്ചേരിപ്പടിയിലെ പൊതുമരാമത്ത് കാര്യാലയത്തിലേക്ക് എത്തിയത്.