ജില്ലയിലെ മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനത്തില്‍ കുറവ്
1478968
Thursday, November 14, 2024 5:32 AM IST
നിലമ്പൂര്‍: വയനാട് ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞു. മൂന്ന് നിയോജക മണ്ഡലങ്ങളിലായി 64.98 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ആകെ 6,45,755 വോട്ടര്‍മാരില്‍ 4,19,620 പേര് വോട്ടു രേഖപ്പെടുത്തി. 1,97,501 പുരുഷന്മാരും (61.67 ശതമാനം) 2,22,118 സ്ത്രീകളും (68.23 ശതമാനം) ഒരു ട്രാന്‍സ്ജെന്‍ഡറുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഏറനാട് മണ്ഡലത്തില്‍ 69.42 ഉം നിലമ്പൂരില്‍ 61.91 ഉം വണ്ടൂരില്‍ 64.43 ഉം ശതമാനം പോളിംഗ് രേഖപ്പെടുത്തി. മൂന്നിടങ്ങളിലും കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനം കുറഞ്ഞു.
നിലമ്പൂരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 73.48 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
2019 ല്‍ 80.27 ശതമാനം എന്ന ഉയര്‍ന്ന പോളിംഗില്‍ നിന്നാണ് തുടര്‍ന്ന് വന്ന രണ്ട് തെരഞ്ഞെടുപ്പുകളിലായി 14 ശതമാനത്തോളം കുറഞ്ഞത്. രാവിലെ തന്നെ മന്ദഗതിയിലാണ് പോളിംഗ് തുടങ്ങിയത്. കനത്ത പോളിംഗ് നടക്കുന്ന ബൂത്തുകളില്‍ പോലും രാവിലെ പോളിംഗ് കുറവായിരുന്നു. ആദ്യനാല് മണിക്കൂറില്‍ ഇരുപത് ശതമാനമായിരുന്നു. എന്നാല്‍ ഉച്ചക്ക് മുമ്പ് 35 ശതമാനത്തിലെത്തി. ഉച്ചയ്ക്ക് ശേഷം പ്രതീക്ഷിച്ചത്ര പോളിംഗ് കൂടിയതുമില്ല. വയനാട് ലോക്സഭാ മണ്ഡലത്തിലുള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയമസഭ മണ്ഡലങ്ങളിലെല്ലാം പോളിംഗില്‍ ആവേശം കുറവായി കാണപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിടങ്ങളിലും ശതമാനം കുറഞ്ഞു.
വണ്ടൂരില്‍ 73.17ഉം ഏറനാട് 76.11 ഉം ആയിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോളിംഗ്. അതേസമയം പോളിംഗിലെ കുറവ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് മുന്നണികള്‍. പ്രിയങ്ക ഗാന്ധിയുടെ വിജയം സുനിശ്ചിതമായതിനാല്‍ എതിര്‍പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ട് ചെയ്തില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. എന്നാല്‍ രാഹുല്‍ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ച് വയനാടിനെ ഒഴിവാക്കി ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയതില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുള്ള അമര്‍ഷമാണ് പോളിംഗ് കുറയാനിടയാക്കിയതെന്ന് എല്‍ഡിഎഫും വിലയിരുത്തുന്നു. പോളിംഗിലെ കുറവ് ബാധിക്കില്ലെന്ന് എന്‍ഡിഎയും അഭിപ്രായപ്പെടുന്നു.
അതേസമയം മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ക്രമസമാധാന പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അമരമ്പലം പഞ്ചായത്തിലെ ഒരു ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനാല്‍ അല്പ സമയം പോളിംഗ് മുടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ കാഞ്ഞിരത്തിങ്ങല്‍ മദ്രസയിലെ ഏഴാം നമ്പര്‍ ബൂത്തില്‍ ഫസ്റ്റ് പോളിംഗ് ഓഫീസര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പകരം ആളെ വച്ച് വോട്ടെടുപ്പ് തുടര്‍ന്നു. മണ്ഡലത്തിലെ പ്രമുഖ വോട്ടര്‍മാരെല്ലാം വോട്ട് രേഖപ്പെടുത്തി. പി.വി. അബ്ദുള്‍ വഹാബ് എംപി രാവിലെ ഏഴ് മണിയോടെ നിലമ്പൂര്‍ ഗവണ്മെന്റ് മോഡല്‍ യുപി സ്കൂളില്‍ കുടുംബ സമേതം വോട്ട് രേഖപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് നിലമ്പൂര്‍ മാങ്കുത്ത് ജിഎല്‍പി സ്കൂളിലെ ബൂത്തില്‍ ഉച്ചക്ക് ഒന്നരയോടെ വോട്ട് രേഖപ്പെടുത്തി.
ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്, അവശ്യ സര്‍വീസ് ജീവനക്കാര്‍ എന്നിവരുടെ വിഭാഗത്തില്‍ ഏറനാട് മണ്ഡത്തില്‍ 969 പേരും നിലമ്പൂരില്‍ 942 ഉം വണ്ടൂരില്‍ 863 ഉം പേരാണ് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഹോം വോട്ടിംഗ് ആയിരുന്നു.