പൊതുമരാമത്ത് കാര്യാലയത്തില്‍ അതിക്രമം; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു
1467719
Saturday, November 9, 2024 6:25 AM IST
മഞ്ചേരി: പൊതുമരാമത്ത് ഓഫീസിലേക്ക് അതിക്രമിച്ചു കയറി എക്സിക്യൂട്ടീവ് എന്‍ജിനിയറെ തടഞ്ഞുവച്ചതിനും ഓഫീസ് പ്രവര്‍ത്തനം സ്തംഭിപ്പിച്ചതിനും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ മഞ്ചേരി പോലീസ് കേസെടുത്തു. പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സി.എച്ച്. അബ്ദുള്‍ ഗഫൂര്‍ നല്കിയ പരാതിയിലാണ് കേസ്. ഇക്കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം.
മഞ്ചേരി ജസീല ജംഗ്ഷന് മുതല്‍ നെല്ലിപ്പറമ്പ് വരെ തകര്‍ന്ന് ഗതാഗതം ദുസഹമായ റോഡ് അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ടാണ് അഡ്വ.യു.എ. ലത്തീഫ് എംഎല്‍എയുടെയും നഗരസഭാധ്യക്ഷയുടെയും നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ അടക്കമുള്ള പതിനഞ്ചോളം ലീഗ് പ്രവര്‍ത്തകര്‍ മഞ്ചേരി കച്ചേരിപ്പടിയിലെ പൊതുമരാമത്ത് കാര്യാലയത്തിലേക്ക് എത്തിയത്. ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെ ചിലര്‍ ബഹളം വയ്ക്കുകയും മേശപ്പുറത്തുള്ള ഫയലുകള്‍ വലിച്ചെടുക്കുകയും ചെയ്തു. ഇവര്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്തു. അക്രമം പാടില്ലെന്നും ശാന്തരാകണമെന്നുമുള്ള എംഎല്‍എയുടെ ആവശ്യം ചെവിക്കൊള്ളാന്‍ പ്രവര്‍ത്തകര്‍ തയാറായില്ലെന്നും ആക്ഷേപമുണ്ട്.
എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രതിഷേധക്കാരുടെ ആവശ്യം അറിയിച്ചെങ്കിലും ചീഫ് എന്‍ജിനിയര്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിരാകരിക്കുകയായിരുന്നു. ഇതിനിടെ റോഡ് മെയിന്റനന്‍സ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനിയറെയും അസിസ്റ്റന്റ് എന്‍ജിനിയറെയും വിളിച്ചു വരുത്തി. അറ്റകുറ്റപ്പണി നടത്താനുള്ള ഫണ്ട് മാത്രമാണുള്ളതെന്നും മുഴുവനായും ബിഎംബിസി ചെയ്യാന്‍ സാധിക്കില്ലെന്നും ഇവരും അറിയിച്ചതോടെ സമരക്കാരായ ലീഗ് പ്രവര്‍ത്തകര്‍ പ്രകോപനപരമായായിരുന്നു പ്രതികരിച്ചത്.
ഓഫീസിന്റെ വാതിലടക്കുകയും ബഹളം തുടരുകയും ചെയ്തു. രണ്ട് മണിക്കൂറോളം നീണ്ട ബഹളത്തിനൊടുവില്‍ മറ്റൊരു റോഡ് നവീകരിക്കുന്നതിനായി നീക്കിവച്ച ഫണ്ടുപയോഗിച്ച് ഞായറാഴ്ച പ്രവൃത്തി നടത്താമെന്ന് എന്‍ജിനിയര്‍ സമ്മതിച്ചതായി അവകാശപ്പെട്ട് സമരം അവസാനിപ്പിക്കുകയായിരുന്നു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽനിന്ന് കണ്ടാലറിയാവുന്ന അഞ്ചോളം പേരെ പ്രതി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍ പറഞ്ഞു.
കേസെടുത്ത നടപടി
പ്രതിഷേധാര്‍ഹം: മുസ്ലിം ലീഗ്
മഞ്ചേരി: മഞ്ചേരിയിലെ ജനങ്ങള്‍ക്ക് വേണ്ടി മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധത്തിനെതിരേ പോലീസ് കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി. എഡിഎമ്മിനെ മരണത്തിലേക്ക് തള്ളിവിട്ട ദിവ്യക്കെതിരേ കേസെടുക്കാന്‍ മടിച്ച പോലീസ്, പക്ഷേ മഞ്ചേരിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാന്‍ യാതൊരു മടിയും കാണിച്ചില്ല. പ്രതിഷേധത്തിനിടെ രണ്ട് തവണ പോലീസ് എത്തിയിട്ടും യാതൊരുവിധ പ്രശ്നവും ഇല്ലെന്ന് പറഞ്ഞ് എന്‍ജിനിയര്‍ തന്നെയാണ് അവരെ മടക്കി അയച്ചത്. പിന്നീട് സിപിഎമ്മിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തില്‍ മുസ്ലിം ലീഗ് മുന്നില്‍ തന്നെ ഉണ്ടാകുമെന്നും കേസെടുത്ത് പ്രതിഷേധങ്ങളെ ഒതുക്കാനാകില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.