അപകടമേഖല; പരിയാപുരം ചീരട്ടാമല റോഡില്‍ സംരക്ഷണഭിത്തി പണിതു
1478646
Wednesday, November 13, 2024 4:52 AM IST
പെരിന്തല്‍മണ്ണ: സ്ഥിരം അപകടമേഖലയായ പരിയാപുരം ചീരട്ടാമല റോഡില്‍ സംരക്ഷണഭിത്തി യാഥാര്‍ഥ്യമായി. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ, ജില്ലാ ജഡ്ജ് സൂരജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ അപകട സാധ്യത കുറയ്ക്കുന്നതിന് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് സംഘം വിലയിരുത്തി. നിരവധി അപകടങ്ങള്‍ ഇവിടെ സംഭവിച്ചിരുന്നു. തുടര്‍ന്നാണ് സംരക്ഷണഭിത്തി പണിതത്. നാളുകള്‍ക്കു മുമ്പ്
ഇന്ധന ലോറി മറിഞ്ഞതിനെത്തുടർന്ന് ചോര്‍ച്ച ഉണ്ടായ പുതിയ വളവില്‍ സ്വകാര്യ വ്യക്തി അനുവദിച്ച സ്ഥലത്താണ് 25 ലക്ഷം രൂപ ചെലവഴിച്ച് സംരക്ഷണഭിത്തി നിര്‍മിച്ചത്. വാഹനാപകടങ്ങളെത്തുടര്‍ന്ന് നിരവധി നിവേദനങ്ങള്‍ സംഘടനകളും മറ്റും നല്‍കിയതിന്റെ ഫലമായാണ് അധികൃതര്‍ സംരക്ഷണ പദ്ധതി തുടങ്ങിയത്. ജില്ലാ ജഡ്ജ് സൂരജിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ അഥോറിറ്റി നടത്തിയ ഇടപെടലും ഫലം കണ്ടു.അതേസമയം ഈ ഭാഗത്ത് ഡീസല്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് കുടിവെള്ള പ്രതിസന്ധി പരിഹരിക്കുന്നതിനും ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനുമുള്ള ശ്രമം നടന്നുവരികയാണ്.