ലൈസന്‍സ് നല്‍കിയില്ല; അങ്ങാടിപ്പുറത്ത് വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്
1478971
Thursday, November 14, 2024 5:32 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ വ്യാപാരികള്‍ പുതുക്കാന്‍ നല്കിയ ലൈസന്‍സ് യഥാസമയം ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു. ഗ്രാമപഞ്ചായത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 165 വ്യാപാരികളുടെ ലൈസൻസിന് അപേക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍ അഞ്ച് മാസങ്ങള്‍ പിന്നിട്ടിട്ടും 62 ലൈസന്‍സുകള്‍ മാത്രമാണ്
ഈ കാലയളവിനുള്ളില്‍ പഞ്ചായത്ത് അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരെ നിരവധി തവണ സമീപച്ചുവെങ്കിലും യാതൊരു നടപടിയുമായില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജബ്ബാര്‍ പറഞ്ഞു. ബാക്കിയുള്ള വ്യാപാരികള്‍ക്ക് നല്‍കാനുള്ള 103 ലൈസന്‍സുകള്‍ 16 നകം ലഭിച്ചില്ലെങ്കില്‍ 21 ന് അങ്ങാടിപ്പുറത്തെ മുഴുവന്‍ വ്യാപാരികളെയും പങ്കെടുപ്പിച്ച് പഞ്ചായത്ത് ഓഫീസിന്റെ മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുവാന്‍ വ്യാപാരി വ്യവസായി അങ്ങാടിപ്പുറം യൂണിറ്റ് തീരുമാനിച്ചു.
അങ്ങാടിപ്പുറം യൂണിറ്റ് എക്സിക്യൂട്ടീവ് യോഗത്തിലാണ് വ്യാപാരികള്‍ തീരുമാനം കൈകൊണ്ടത്. വ്യാപാരികളുടെ ലൈസന്‍സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് വ്യാപാരികള്‍ നിവേദനം നല്കി. അതേസമയം സമരം ഇല്ലാതെ തന്നെ വ്യാപാരികളുടെ പ്രശ്നം പരിഹരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍ അറിയിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് പാതിരി, ട്രഷറര്‍ അഷ്റഫ് വാക്കാട്ടില്‍, ജോയിന്റ് സെക്രട്ടറി ടി.കെ. സക്കീര്‍ ഹുസൈന്, വി.ജെ. ആന്റ്ണി , കെ.ടി. ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.