ഹയർ പെൻഷൻ തുടർനടപടികൾ നിർത്തിവച്ചിരിക്കുകയാണെന്നും ഇനി ഡൽഹി ഹെഡ് ഓഫീസിൽനിന്ന് അറിയിപ്പ് വന്നാൽ മാത്രമേ ഡിമാൻഡ് നോട്ടീസ് അയയ്ക്കൽ, അരിയർ തുക കൊടുക്കൽ തുടങ്ങിയ വർക്കുകൾ ആരംഭിക്കുകയുള്ളുവെന്നും കൊച്ചി പിഎഫ് ഓഫീസിൽ അരിയർ തുക കിട്ടാത്തവരും ഡിമാൻഡ് ലെറ്റർ കിട്ടാത്തവരും അന്വേഷിച്ചു ചെല്ലുന്പോൾ പറയുന്നു. അരിയർ തുക കിട്ടാനും ഡിമാൻഡ് നോട്ടീസ് ലഭിക്കാനും കുറച്ചു താമസം ഉണ്ടെന്നും പറഞ്ഞു വിടുന്നു. പക്ഷേ പിഎഫ് അസോസിയേഷൻ ഈ കാര്യം ചോദിച്ചപ്പോൾ അങ്ങനെയല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇപ്പോൾ ചില പത്രങ്ങൾ ഈ കാര്യം റിപ്പോർട്ട് ചെയ്തത് ഇത് ശരിയാണെന്നു തന്നെയാണ്.
ഹയർ പെൻഷൻ തുടർ നടപടികൾ നിർത്തിവയ്ക്കാൻ കാരണം, ധാരാളം കേസുകൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലും മറ്റും നടക്കുന്നുണ്ട് എന്നതിനാലാണ്. ഡിമാൻഡ് ലെറ്റർ ലഭിക്കാത്തവർ അത് ലഭിക്കാൻവേണ്ടിയും, പ്രോ റാറ്റ സ്കീം പ്രകാരം ഹയർ പെൻഷൻ കണക്കുകൂട്ടുന്നതിനെതിരേയും കേസ് കോടതികളിൽ നടക്കുന്നുണ്ട്. ഹരിയാന ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി പെൻഷൻകാർക്ക് ലഭിച്ചിട്ടുണ്ട്.
2014നു ശേഷമുള്ളത് 60 മാസത്തിനും 2014 നു മുന്പുള്ളത് 12 മാസത്തെ ആവറേജ് നോക്കിയുമാണ് ഇപ്പോൾ ഹയർ പെൻഷൻ കണക്കാക്കുന്നത്. സുപ്രീംകോടതി വിധിയിൽ പോലും പ്രൊ റാറ്റ സ്കീം പ്രകാരം ഹയർ പെൻഷൻ കണക്കു കൂട്ടാൻ പറഞ്ഞിട്ടില്ല. പെൻഷൻകാർക്ക് ഹയർ പെൻഷൻ കുറവു കിട്ടാൻ ഇപിഎഫ്ഒ സ്വന്തം ഇഷ്ടപ്രകാരം കണ്ടുപിടിച്ച സൂത്രമാണിത്. ഇങ്ങനെ രണ്ടായി ഹയർ പെൻഷൻ കൂട്ടിയില്ലെങ്കിൽ പെൻഷനിൽ വർധന വരും. അനുകൂല വിധി വന്നാൽ ഇപ്പോൾ ഹയർ പെൻഷൻ കൊടുത്തവരുടെ പിപിഒ വീണ്ടും പരിഷ്കരിക്കേണ്ടിവരും. ഹയർ പെൻഷൻ തുടർനടപടികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണം.
ബി.പി. തോമസുകുട്ടി കളമശേരി, എറണാകുളം