മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപിക്കുമായിരുന്നു. ഇതുകേട്ടാണ് മെഹ്താബ് പിച്ചവച്ചതും ഉറങ്ങിയതുമൊക്കെ. ഉൗട്ടുന്പോഴും ഉറക്കുന്പോഴുമൊക്കെ കേട്ട റാഫി ഗാനങ്ങളോടു കൊച്ചു മെഹ്ത്താബ് വേഗം ചങ്ങാത്തം കൂടി.
കൊച്ചിക്കാരി മെഹ്താബ് അസീമിന് ബാല്യം മുതൽ പാട്ടുകളോട് തീരാത്ത കന്പമാണ്. അതും അനശ്വരഗായകൻ മുഹമ്മദ് റാഫിയുടെ ഹിറ്റുകൾ. ഇതറിഞ്ഞ മുത്തച്ഛൻ ഷക്കീൽ സേഠ് കൊച്ചുമകളെ സംഗീതം പഠിക്കാൻ അയച്ചു.
സംഗീതവും ആലാപനവും ഹരമായതോടെ പതിനേഴാം വയസിൽ പത്തു ഭാഷകളിൽ പാടുന്ന വിസ്മയമായി മാറിയിരിക്കുന്നു മെഹ്ത്താബ്. അത്യപൂർവമായ ഈ നേട്ടത്തിന് റാഫി രത്ന പുരസ്കാരം മെഹ്താബിനു സ്വന്തമായി. ഇന്ത്യയിൽ ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗായികയാണ് മെഹ്താബ് അസീം.
റാഫി ഗാനങ്ങളോടു കൂട്ടുകൂടിയ ബാല്യം
തലമുറകളെ വിസ്മയിപ്പിച്ച മുഹമ്മദ് റാഫിയുടെ അടുത്ത സുഹൃത്തായിരുന്നു മെഹ്താബിന്റെ അമ്മയുടെ മുത്തച്ഛൻ ദാവൂദ് സേഠ്. ഉറുദുവിൽ ആഴത്തിൽ പാണ്ഡിത്യമുള്ളയാൾ. അദ്ദേഹത്തിന്റെ മകനായ ഷക്കീൽ സേഠിനും സംഗീതത്തിൽ വലിയ താൽപര്യം.
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപിക്കുമായിരുന്നു. ഇതുകേട്ടാണ് മെഹ്താബ് പിച്ചവച്ചതും ഉറങ്ങിയതുമൊക്കെ. ഉൗട്ടുന്പോഴും ഉറക്കുന്പോഴുമൊക്കെ കേട്ട റാഫി ഗാനങ്ങളോടു കൊച്ചു മെഹ്ത്താബ് വേഗം ചങ്ങാത്തം കൂടി.
അഞ്ചാം വയസു മുതൽ മെഹ്താബ് റാഫി ഗാനങ്ങൾ പാടിത്തുടങ്ങി. കൊച്ചുമകളുടെ സംഗീതവാസനയിൽ അഭിമാനിച്ച ഷക്കീൽ സേഠ് മെഹ്താബിനെ കർണാടക സംഗീതം പഠിപ്പിക്കാൻ ഫോർട്ടുകൊച്ചിയിലെ അധ്യാപകൻ വർഗീസ് മാസ്റ്ററുടെ അടുത്തയച്ചു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ മൂന്നു വർഷം പരിശീലനം നേടി. കൂടാതെ മുഹമ്മദ് റാഫി ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിൽ ബോളിവുഡ് ഹിന്ദുസ്ഥാനി സംഗീതപരിശീലനവും നടത്തി.
പത്താം വയസു മുതൽ മെഹ്താബ് സ്റ്റേജുകളിൽ പാടാൻ തുടങ്ങി. ഇപ്പോൾ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്കു, കന്നട, ഉറുദു, മറാഠി, പഞ്ചാബി, അറബി ഭാഷകളിൽ മെഹ്താബ് മനോഹരമായി ഗാനങ്ങൾ ആലപിക്കും. ഷക്കീൽ സേഠ് ഓരോ പാട്ടുകളുടെയും അർഥവും ഭാവവും പറഞ്ഞുകൊടുത്താണ് മറ്റു ഭാഷാ ഗാനങ്ങൾ മെഹ്്താബ് ആലപിക്കുന്നത്.
സിനിമയിലേക്ക്
സ്റ്റേജ് ഷോകളിൽ ഹിന്ദി ഗാനാലാപനത്തിലൂടെ മെഹ്താബ് ഇഷ്ടഗായികയായി പേരെടുത്തു. വിസ്മയം ജനിപ്പിച്ച സംഗീതത്തിലൂടെ സിനിമയിൽ പാടാനും അവസരം ലഭിച്ചു. അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയിൽ ശ്രേയാ ജയദീപിനൊപ്പം യറുശലേം നായകാ.... എന്ന ഗാനം പാടുന്പോൾ മെഹ്താബ് ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്നു.
തുടർന്ന് ഇട്ടിമാണി, കാമുകി എന്നീ സിനിമകളിൽ കോറസ് പാടി. മാർക്കോസ്, റംല ബീഗം, കണ്ണൂർ ഷെറീഫ് എന്നിവർക്കൊപ്പം സ്റ്റേജുകളിൽ മെഹ്താബ് ഗാനങ്ങൾ ആലപിച്ചു. നാല് ആൽബങ്ങളും ചെയ്തു. അതിൽ ദിൽകി ബാത്തേം എന്ന ആൽബം ഉടൻ റിലീസാകും. ഇടവ ബഷീറിനൊപ്പമാണ് ആദ്യ ആൽബത്തിൽ പാടിയത്.
റാഫി സിംഗർ പുരസ്കാരം
മെഹത്താബ് പാടുന്നതെല്ലാം മുത്തച്ഛൻ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെയാണ് മുംബൈ മുഹമ്മദ് റാഫി ഫാൻസ് അസോസിയേഷനിൽ നിന്ന് ഒരു ഫോണ്‍കോൾ എത്തുന്നത്.
ബെസ്റ്റ് റാഫി സിംഗർക്കായി റാഫി കുടുംബത്തിന്റെ സാന്നിധ്യത്തിൽ മുഹമ്മദ് റാഫി ഫാൻസ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള റാഫി രത്ന പുരസ്കാരത്തിന് മെഹ്താബിനെ നാമനിർദേശം ചെയ്തിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്. വൈകാതെ സംഘാടക ടീം കൊച്ചിയിലെത്തി അഭിമുഖവും ആലാപനവും നടത്തി. രണ്ടാഴ്ച കഴിഞ്ഞ് ഈ സമുന്നത പുരസ്കാരത്തിന് മെഹ്താബ് തെരഞ്ഞെടുക്കപ്പെട്ടതായി അറിയിപ്പും വന്നു.
ഇന്ത്യയിൽ നിന്ന് റാഫി രത്ന അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ, കേരളത്തിലെ ആദ്യ വ്യക്തി എന്നീ ബഹുമതികൾ സ്വന്തമായി. മുംബൈയിലായിരുന്നു അവാർഡ്ദാനം. റാഫി കുടുംബത്തോടൊപ്പം ഒരു ദിവസം അവിടെ താമസിക്കാനുള്ള അവസരവും മെഹ്താബിനു ലഭിച്ചു.
ഫോർട്ടുകൊച്ചി ഇഎംജിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനിയാണ് മെഹ്താബ്. തോപ്പുംപടി ചുള്ളിക്കൽ സ്വദേശിയായ മെഹ്താബിന്റെ പിതാവ് അസീം സേഠ് ബിസിനസുകാരനാണ്. മാതാവ് സോണി അസീം. അനുജത്തി മെഹ്നാസ് പ്ലസ് വണിനു പഠിക്കുന്നു.
സീമ മോഹൻലാൽ