പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്കിലെ കുടുസുമുറികളിലൊന്നിൽ കഴിയുന്ന മൂന്നു കുട്ടികൾ. അവരുടെ അച്ഛൻ ജയിലിലാണ്. അമ്മ മരിച്ചുപോയി. സംരക്ഷിക്കാൻ മുത്തശ്ശി മാത്രമേയുള്ളു. കൂരയുടെ മുൻവശത്ത് റോഡും പിൻവശത്ത് റെയിൽവേ പാളവും. അയൽവീടുകളിൽ അടുക്കളജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനംകൊണ്ട് പേരക്കുട്ടികളെ പോറ്റുകയാണ് വല്യമ്മ.
സ്കൂൾ തുറക്കലിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ചെറിയ സഹായങ്ങളുമായി ചേരിയിലെത്തിയപ്പോൾ കാണാനായത് ഇത്തരത്തിൽ നിസഹായരായി കഴിയുന്ന നിരവധി കുട്ടികളുടെ ദൈന്യതയാണ്. സ്കൂൾ ബാഗ്, നോട്ട്ബുക്ക്, ചോറ്റുപാത്രം, കുട തുടങ്ങി ആവശ്യങ്ങളുടെയും ആവലാതികളുടെയും നടുവിലാണ് ഇവരേറെയും. രക്ഷിതാക്കളുടെ ജീവിത തകർച്ചയും ലഹരി ഉപയോഗവും തൊഴിലില്ലായ്മയുമൊക്കെയാണ് മക്കളെ ഈ സാഹചര്യത്തിലെത്തിച്ചത്. അച്ഛന്റെയും അമ്മയുടെയും സംരക്ഷണത്തിലും പ്രോത്സാഹനത്തിലും വളരുന്ന കുട്ടികൾ മിക്ക ചേരികളിലും വിരളമാണുതാനും.
അനാഥത്വം വലിയൊരു നൊന്പരമാണെന്ന് തിരിച്ചറിയുന്നത് ഇതുപോലുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുഞ്ഞുങ്ങളെ അടുത്തറിയുന്പോഴാണ്. പലർക്കും അച്ഛനില്ല, അമ്മയില്ല, കൂടപ്പിറപ്പുകളില്ല, ബന്ധുക്കളില്ല. അരാജകത്വത്തിൽ വളരുന്ന മക്കൾ ഭാവിയിൽ നല്ലവരും മിടുക്കരുമായി മാറുക എളുപ്പമല്ല. സന്പന്നരും ദരിദ്രരും തമ്മിലെ വേർതിരിവ് സമൂഹത്തിൽ ഇപ്പോഴും ഏറെ ആഴത്തിലുണ്ടെന്ന് മനസിലാക്കാം.
സാന്പത്തിക ഭദ്രതയുള്ളവരുടെ മക്കൾ പെരുമയുള്ള സ്കൂളുകളിൽ പഠിക്കുന്പോൾ ലഭ്യമായ സാഹചര്യങ്ങളിൽ ഒതുങ്ങി പഠിക്കാൻ പോകുന്നവരാണ് കോളനികളിലെ കുട്ടികൾ. ആദിവാസി സമൂഹങ്ങളിലും വനാന്തരങ്ങളിലും പുറന്പോക്കുകളിലുമൊക്കെ വളരുന്ന കുട്ടികൾക്കും പരിമിതികൾ മാത്രമേയുള്ളു. മെച്ചപ്പെട്ട പഠന സാഹചര്യവും സംരക്ഷണവും പ്രോത്സാഹനവും ലഭിച്ചാൽ ഇവരിൽ പലരും ഉന്നത നിലയിൽ എത്താൻ കഴിവും സാധ്യതയുമുള്ളവരുമാണ്.
എന്നാൽ ജീവിതസാഹചര്യം പലരേയും, ഏറിയാൽ പത്താം ക്ലാസിനുപരിയായ ഒരു ലോകത്തിലേക്കും ജീവിതഭദ്രതയിലേക്കും എത്തിക്കില്ലെന്നത് ഏറെ ദുഃഖകരമാണ്. ശിക്ഷണവും ചിട്ടയായ പരിശീലനവുമില്ലാതെ വളരുന്ന കുട്ടികളിൽ പലരും ചെറിയ പ്രായത്തിൽതന്നെ കുറ്റവാസനകളിലേക്കു തിരിയാൻ സാഹചര്യമുണ്ട്. മാതാപിതാക്കളിൽനിന്ന് കുട്ടികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ കരുതലാണ് സുരക്ഷ. സുരക്ഷ എന്ന വാക്കിൽ രക്ഷയും വാത്സല്യവും കരുതലും സാന്ത്വനവുമൊക്കെ ഉൾപ്പെടുന്നുണ്ട്.
ഇവയൊന്നും ലഭിക്കാൻ സാഹചര്യമില്ലാത്ത കുട്ടികൾ കൈനീട്ടുന്നത് ഏതാനും നോട്ടുബുക്കുകൾക്കോ ഒരു കുടയ്ക്കോ വേണ്ടിയാണ്. ചിലരാവട്ടെ കൈനീട്ടുന്നത് അൽപം ഭക്ഷണസാധനങ്ങൾക്കുവേണ്ടിയാണ്.
ദൈവത്തിന്റെ ദാനമാണ് ഭദ്രതയെന്നിരിക്കെ പല കാരണങ്ങളാൽ കരുതൽ ലഭിക്കാതെ പോകുന്ന കുട്ടികൾക്ക് ഒരു കൈ സഹായം നൽകാൻ സാധിച്ചാൽ അതു വലിയ പുണ്യകർമമാണ്. പാഠപുസ്തകവും യൂണിഫോമും സ്കൂളിൽനിന്ന് സൗജന്യമായി കിട്ടിയാൽ തീരുന്നതല്ല സ്കൂൾ തുറക്കലിന്റെ ചെലവുകൾ. ദാരിദ്ര്യവും അരാചകത്വവും നിറഞ്ഞ ഒട്ടേറെ കുട്ടികൾ ഇക്കാലത്ത് ചുറ്റുപാടുകളിലുമുണ്ടെന്നിരിക്കെ സാധിക്കുന്ന സഹായം അവർക്കു നൽകാൻ മനസുണ്ടാകണം.
സംരക്ഷണമില്ലാത്ത കുട്ടികൾ വഴിതെറ്റുന്നതിനും പിന്നാക്കം പോകുന്നതിനും അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം മക്കൾക്ക് അവർ താൽപര്യപ്പെടുന്ന വിലയേറിയ പഠനസാമഗ്രികൾ വാങ്ങുന്പോൾ ചേരികളിലെയും അഗതിമന്ദിരങ്ങളിലെയും ആരോരുമില്ലാത്ത മക്കൾക്കുകൂടി ഒരു പഠനസമ്മാനം നൽകാനായാൽ അതൊരു വലിയ സദ്പ്രവൃത്തിയാണ്.
പി.യു. തോമസ്, നവജീവൻ