കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്രമുഖ എൻജിനിയറിംഗ് കോളജിലെ നാല് സഹപാഠികൾ നഗരത്തിൽ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്.
പഠനം കൂടുതൽ സുഗമമാകുമെന്ന് രക്ഷിതാക്കളെ ധരിപ്പിച്ച് വാടകവീട്ടിൽ താമസം തുടങ്ങിയെങ്കിലും അവിടെ കിട്ടിയ സ്വാതന്ത്ര്യം ദുരുപയോഗിക്കാനേ ഇടയായുള്ളു. ഓരോരുത്തർക്കും പഠിക്കാൻ ഓരോ മുറിയുണ്ടായിരുന്നെങ്കിലും കാർപോർച്ചിൽ ഒരുമിച്ചു കൂടിയുള്ള കളിചിരികൾക്കു മാത്രമായിരുന്നു സമയം.
സന്പന്ന കുടുംബങ്ങളിൽനിന്നുള്ള നാലു പേർക്കും ഈ സർവസ്വാതന്ത്യം അടിച്ചുപൊളിക്കാനുള്ളതായി. വർത്തമാനത്തിന് വിഷയങ്ങൾ കുറഞ്ഞതോടെ അതിനേക്കാൾ രസകരമായ വിനോദമായി അവർക്ക് ചീട്ടുകളി. കളിക്ക് ആവേശവും രസവും പകരാൻ കൂടെ മദ്യപാനവും. ആദ്യമൊക്കെ ജയിക്കുന്ന ടീമിന് ഒരു കുപ്പി മദ്യം എന്നതായിരുന്നു പന്തയം. ഏതു ടീം ജയിച്ചാലും മദ്യം നാലു പേർകൂടി കഴിക്കുന്നതിനാൽ ആർക്കും നഷ്ടവും തോൽവിയുമില്ലെന്ന ചിന്ത.
പഠനം ഉഴപ്പിയെങ്കിലും കളി ഉഴപ്പാതിരിക്കാൻ വൈകാതെ പണം വച്ചുള്ള പലയിനം ചീട്ടുകളി തുടങ്ങി. തോൽവി സംഭവിച്ചാൽ അടുത്ത കളിയിൽ എങ്ങനെയും ജയിക്കണമെന്ന ചിന്തയേയുള്ളു. തോൽവിയെന്നത് ചോരത്തിളപ്പുള്ള പ്രായത്തിൽ ഒരാൾക്കും അംഗീകരിച്ചുകൊടുക്കാവുന്നതല്ലല്ലോ. കോളജിൽപോക്കുതന്നെ പല ദിവസങ്ങളിലും നിലച്ചു. വീട്ടിൽനിന്നു കിട്ടിയിരുന്ന പണം അപ്പാടെ കുടിക്കും കളിക്കുമായി മാറ്റിവച്ചു. ചില നേരങ്ങളിൽ ഭക്ഷണംപോലുംമുടങ്ങി.
പണം തികയാതെ വന്നപ്പോൾ പണയം വച്ചായി കളിയും കുടിയും. സ്വർണമാലയും മോതിരവും പണയത്തിലായി. ചില ദിവസങ്ങളിൽ കളിയിൽ തോൽവി, ചിലപ്പോൾ ജയം. സ്ഥിരമായ ജയത്തിനുവേണ്ടി നാലുപേരും ചീട്ടുകളിയിൽ മാത്രം ശ്രദ്ധവച്ചു. പണത്തിനുള്ള വകതേടി രണ്ടുപേർ അവരുടെ ബൈക്കുകൾ പണയം വച്ചു. ഒരാൾ കാർ പണയപ്പെടുത്തി. ഒരാൾ മാല വിറ്റു.
ഇതിനിടെ സെമസ്റ്റർ പരീക്ഷകൾ പലതു കടന്നുപോയി. ഹാജർ കുറവിന്റെ പേരിൽ ചില പരീക്ഷകൾ എഴുതാനായില്ല. എഴുതിയ വിഷയങ്ങൾക്കെല്ലാം ദയനീയമായി തോറ്റു. സപ്ലിമെന്ററി പരീക്ഷകൾ ആവർത്തിച്ച് എഴുതിയിട്ടും ജയമുണ്ടായില്ല. കോളജിൽനിന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തിൽ മക്കളുടെ തോൽവിയുടെ കാരണം അന്വേഷിച്ചെത്തിയ രക്ഷിതാക്കൾ പരീക്ഷയിലെ തോൽവി മാത്രമല്ല ജീവിതത്തിലെ പരാജയവും നശിച്ച സ്വഭാവങ്ങളും കൂടി അറിഞ്ഞ് ആകെ തകർന്നുപോയി. രണ്ടാം വർഷത്തോടെ എൻജിനിയറിംഗ് പഠനം അവസാനിപ്പിച്ച് ഇവരിൽ രണ്ടുപേരെ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയ്ക്കു കൊണ്ടുവന്നു.
പഠിച്ചു നേടുന്നതിനേക്കാൾ കളിച്ചുനേടുകയെന്ന ചിന്തയിൽ ആണ്ടുപോയ കുട്ടികളുടെ കണക്കുകൂട്ടലുകൾ തന്നെ തകർന്നുകഴിഞ്ഞിരുന്നു. ലഹരിയുടെ ആസക്തിയിൽനിന്ന് മോചിതരാകുന്പോഴും എല്ലാം വിറ്റുകളഞ്ഞതിന്റെയും പഠിച്ചുനേടാൻ അവസരമില്ലെന്നതിന്റെയും ചിന്ത വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു. എൻജിനയറായി മടങ്ങിവരാൻ വീട്ടുകാർ കാത്തിരുന്ന മക്കൾ പഠനം നിറുത്തി ഇപ്പോൾ സ്വന്തം വീടുകളിൽ കഴിയുന്നു. നിരാശയുടെ മാനസികാവസ്ഥയിലേക്ക് ഈ മക്കൾ വീണുപോകുമോ എന്നതാണ് ഭയപ്പെടേണ്ടത്.
ഹോസ്റ്റലുകളിൽ തോന്ന്യാസം നടക്കാതെ വരുന്പോൾ വാടക വീടുകളിലും പെയിംഗ് ഗസ്റ്റായും താമസിക്കുന്ന ഒട്ടേറെ കുട്ടികൾ നശിച്ചുപോകുന്ന സംഭവങ്ങൾ വേറെയുമുണ്ട്. പഠനകാലത്ത് ശിക്ഷയും ശിക്ഷണവും പ്രധാനമാണ്. അച്ചടക്കവും ആത്മസംയമനവും അത്യാവശ്യമാണ്. രക്ഷിതാക്കളുടെ ശ്രദ്ധ ഒരിക്കലും ഇല്ലാതാകരുത്. അപക്വമായ പ്രായത്തിൽ മക്കളെ കയറൂരി വിടുന്ന രക്ഷിതാക്കൾക്ക് പിന്നീട് ഏറെ ദുഃഖിക്കേണ്ടിവരും.
സിസ്റ്റർ ഡോ. ജോവാൻ ചുങ്കത്ത് എംഎംഎസ്