മലയാളി ഇനിയും വേണ്ടത്ര തിരിച്ചറിയാതെപോയ എഴുത്തുകാരൻ, മനഃശാസ്ത്രപണ്ഡിതൻ, അധ്യാപകൻ, അന്താരാഷ്ട്ര തലത്തിൽ ബെസ്റ്റ് സെല്ലർ ആയത് ഉൾപ്പെടെ എണ്ണം പറഞ്ഞ ഗ്രന്ഥങ്ങളുടെ കർത്താവ്, പ്രഗല്ഭരായ നൂറു വ്യക്തികളുടെ പട്ടികയിൽ ഇടംപിടിച്ചയാൾ... റവ.ഡോ. ജോ മാന്നാത്ത്
അന്താരാഷ്ട്ര രംഗത്ത് എഴുത്തുകളിലൂടെയും അക്കാദമിക പ്രാഗല്ഭ്യം വഴിയും ശ്രദ്ധേയനായ ഒരു മലയാളി അക്ഷരനഗരിയിലെത്തിയിട്ടുണ്ടെന്നും നാളെ ബംഗളൂരുവിലേക്കു മടങ്ങുമെന്നുമുള്ള വിവരം കിട്ടിയപ്പോൾ ആളെ നേരിട്ടു കാണാനാണ് സൺഡേ ദീപിക ടീം കോട്ടയം കളക്ടറേറ്റിന് ഏതിർവശത്തുള്ള മാന്നാത്ത് വീടു തേടി എത്തിയത്.
കാണാൻ പോകുന്നതിനു മുന്പ് റവ.ഡോ. ജോ മാന്നാത്ത് എസ്ഡിബി എന്നു ഗൂഗിളിൽ വെറുതെയൊന്നു സേർച്ച് ചെയ്തുനോക്കി. അദ്ഭുതം തോന്നി, മലയാളി ഇനിയും വേണ്ടത്ര തിരിച്ചറിയാതെ പോയ എഴുത്തുകാരനും മനഃശാസ്ത്ര പണ്ഡിതനും അധ്യാപകനുമായ വൈദികൻ.
അന്താരാഷ്ട്ര തലത്തിൽ ബെസ്റ്റ് സെല്ലർ ആയത് ഉൾപ്പെടെ എണ്ണം പറഞ്ഞ ഏതാനും ഗ്രന്ഥങ്ങളുടെ കർത്താവ്, അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളിലെ അധ്യാപകൻ, കലർപ്പില്ലാത്ത ആത്മീയതയുടെ ഉപാസകൻ, മനഃശാസ്ത്രത്തിൽ ആഴമേറിയ അറിവ്.
വലിയ പണ്ഡിതനും എഴുത്തുകാരനുമൊക്കെയാണെങ്കിലും ഒരു സാധാരണക്കാരനേക്കാൾ ലാളിത്യത്തോടെയുള്ള പെരുമാറ്റവും ജീവിതരീതിയും കാഴ്ചപ്പാടുകളുമൊക്കെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്ന ആരും ഒരിഷ്ടം ഹൃദയത്തിൽ സൂക്ഷിക്കാൻ കാരണമാകുന്നത്.
ഇംഗ്ലീഷിലായിരുന്നു എഴുത്തുകൾ എല്ലാംതന്നെ എന്നതാണ് ഫാ. ജോ മാന്നാത്ത് എന്ന പ്രതിഭയെ മലയാളികൾ അധികം തിരിച്ചറിയാതെ പോയതിനു പ്രധാന കാരണം.
നൂറു വ്യക്തികളുടെ പട്ടികയിൽ
1999 നവംബർ 23ന് ദീപിക അടക്കമുള്ള മലയാള പത്രങ്ങളിൽ വന്ന ഒരു വാർത്ത മാത്രം മതി, ഫാ. ജോ മാന്നാത്ത് എന്ന എഴുത്തുകാരന് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരവും ബഹുമതിയും തിരിച്ചറിയാൻ. അമേരിക്കയിലെ മാർക്വിസ് പബ്ലിക്കേഷൻസ് തയാറാക്കിയ ലോകപ്രശസ്ത വ്യക്തികളുടെ "ഹു ഈസ് ഹു' പട്ടികയിൽ മലയാളി വൈദികനും ഇടംപിടിച്ചെന്നായിരുന്നു ആ വാർത്ത.
മദ്രാസ് യൂണിവേഴ്സിറ്റി അധ്യാപകനും സലേഷ്യൻ വൈദികനുമായ ഫാ. മാന്നാത്ത് വ്യക്തിഗത നേട്ടം കൈവരിച്ച സ്വകാര്യ വ്യക്തികളുടെ പട്ടികയിലാണ് ഉൾപ്പെട്ടത്. ഇതിന്റെ അറിയിപ്പും സർട്ടിഫിക്കറ്റും മദ്രാസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. പൊകോതണ്ട രാമൻ വഴിയാണ് ഫാ. ജോ മാന്നാത്തിന് അന്നു കൈമാറിയത്.
അതേപോലെ മെൻസ ഇന്റർനാഷണലിന്റെ (Mensa International) ബ്രിട്ടീഷ് ബ്രാഞ്ചിലെ അംഗമായിരുന്നു അദ്ദേഹം. എന്താണ് മെൻസ എന്നറിയുന്പോഴാണ് അച്ചന്റെ പ്രാഗല്ഭ്യം നമുക്കു വ്യക്തമാകുന്നത്. ആഗോളതലത്തിലെ അതിബുദ്ധിമാൻമാർ ഉൾപ്പെട്ട ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് മെൻസ. ബുദ്ധിശക്തിയെ ലോകനന്മയ്ക്കു വേണ്ടി സമാഹരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന സംഘടനയാണിത്. ബുദ്ധിശക്തി പരീക്ഷണത്തിൽ 98 ശതമാനവും അതിൽ കൂടുതലും സ്കോർ നേടുന്നവർക്കാണ് ഈ സംഘടനയിൽ അംഗത്വം ലഭിക്കുന്നത്.
പിടിതരാതെ
ആഘോഷങ്ങൾക്കും പരിപാടികൾക്കും പ്രശസ്തിക്കുമൊന്നും നിന്നുകൊടുക്കാത്ത മാന്നാത്തച്ചനെ തന്ത്രപരമായി നാട്ടിലെത്തിച്ചാണ് ബന്ധുക്കൾ കഴിഞ്ഞ ദിവസം എൺപതാം പിറന്നാൾ ആഘോഷിച്ചത്. ഈ ആഘോഷത്തിനു വേണ്ടിയാണ് ബന്ധുക്കൾ ബംഗളൂരുവിൽനിന്ന് അച്ചനെ കോട്ടയത്തേക്കു വരുത്തിയത്.
നാട്ടിലെത്തി പരിപാടിക്കു സമയം ആയപ്പോഴാണ് തന്റെ എൺപതാം പിറന്നാൾ ആഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് അച്ചനു മനസിലായത്. ഒടുവിൽ പ്രിയപ്പെട്ടവരുടെ നിർബന്ധത്താൽ ആ സ്നേഹക്കൂട്ടായ്മയിൽ അച്ചനും അലിഞ്ഞു.
ഇക്കാലത്തിനിടയ്ക്ക് അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങളും വഹിച്ച പദവികളും ശ്രദ്ധേയം. റോമിലെ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദ, ബിരുദാനന്തര, ഡോക്ടറൽ ബിരുദങ്ങൾ. ഒാക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ സൈക്കോളജിയിൽ ഗവേഷണം, ഹാർവാർഡ് യൂണിവേഴ്സിറ്റി, വെസ്റ്റേൺ സ്കൂൾ ഒാഫ് തിയോളജി, ബോസ്റ്റൺ കോളജ്, പൂന ജ്ഞാനദീപ എന്നിവിടങ്ങളിൽ ഉന്നത പഠനം. കൗൺസലിംഗിൽ ഇന്ത്യയിലും യൂറോപ്പിലുമായി വിദഗ്ധ പരിശീലനം.
ഒരു പതിറ്റാണ്ടിലേറെ മദ്രാസ് യൂണിവേഴ്സിറ്റി അധ്യാപകൻ, ഷിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയൻ, ന്യൂയോർക്ക് ഫോർഡാം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രഫസർ, അസോസിയേഷൻ ഒാഫ് ക്രിസ്ത്യൻ ഫിലോസഫേഴ്സ് ഒാഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റ്, കോൺഫറൻസ് ഒാഫ് റിലിജിയസ് ഒാഫ് ഇന്ത്യ (സിആർഐ) നാഷണൽ സെക്രട്ടറി, സലേഷ്യൻ സൈക്കോളജിക്കൽ അസോസിയേഷൻ പ്രസിഡന്റ് എന്നിങ്ങനെ നിരവധി പദവികൾ അദ്ദേഹത്തെ തേടിയെത്തി.
സൈക്കോളജി, കൗൺസലിംഗ് എന്നീ മേഖലകളിലും വ്യക്തിമുദ്ര അടയാളപ്പെടുത്തി. നിരവധി വർഷങ്ങൾ തമിഴ്നാട് റീജണൽ ഡയോസിഷൻ മേജർ സെമിനാരിയിലും സലേഷ്യൻ സെമിനാരികളിലും വൈദിക വിദ്യാർഥികൾക്കു പരിശീലനം നൽകി. ബംഗളൂരുവിലെ ഡോൺ ബോസ്കോ റിന്യൂവൽ സെന്ററിൽ എൺപതാം വയസിലും തന്റെ കർമമേഖലകളിൽ സജീവമാണ് ഫാ. ജോ മാന്നാത്ത്. അദ്ദേഹം സൺഡേ ദീപികയോടു സംസാരിക്കുന്നു.
വൈദിക ജീവിതത്തിലേക്കുള്ള യാത്ര?
സത്യത്തിൽ ഞാൻ ചെറുപ്പം മുതൽ ആഗ്രഹിച്ചുവന്ന് വൈദികനായ ആളല്ല. പത്താം ക്ലാസിൽ പഠിക്കുന്പോൾ പോലും വൈദികനാകണമെന്ന ചിന്തയൊന്നും എന്റെ മനസിൽ ഉണ്ടായിരുന്നില്ല. സലേഷ്യൻ വൈദികരുടെ സ്കൂളിലും ഹോസ്റ്റലിലും പഠനത്തിനായി പോയതോടെയാണ് ആ ജീവിതശൈലി എന്നെ ആകർഷിച്ചത്. ക്രിസ്തുവിന്റെ ഒരു പുരോഹിതന് ഈ സമൂഹത്തിൽ കുറെയേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. മൂല്യപ്രതിബദ്ധമായ സലേഷ്യൻ വൈദികരുടെ ജീവിതം വലിയ പ്രചോദനമായി മാറി.
ഇന്നും മനസിൽനിന്നു മായാത്ത ഓർമ?
ഡോൺ ബോസ്കോ സ്കൂൾ പ്രിൻസിപ്പലായിരുന്ന ഏബ്രഹാം പാണംപാറയച്ചന്റെ ചിത്രം ഇന്നും മനസിലുണ്ട്. മികച്ച സ്കൂൾ ആയിരുന്നതിനാൽ സ്കൂളിൽ അഡ്മിഷൻ നേടാൻ വലിയ തിരക്കായിരുന്നു. ഇതിനിടയിൽ അവസാനം ഒരു സീറ്റിലേക്ക് രണ്ടു പേർ അഡ്മിഷനു വന്നു. ഒന്ന് മറ്റൊരു സ്കൂളിലെ പ്രിൻസിപ്പലിന്റെ മകൻ, മറ്റേയാൾ തീരെ പാവപ്പെട്ട ഒരു കുടുംബത്തിലെ കുട്ടി.
മാർക്കും മെറിറ്റും നോക്കിയാൽ പ്രിൻസിപ്പലിന്റെ മകനായിരുന്നു അഡ്മിഷൻ കിട്ടേണ്ടത്. എന്നാൽ, പാവപ്പെട്ട കുട്ടിക്ക് അഡ്മിഷൻ നൽകാനായിരുന്നു അച്ചന്റെ തീരുമാനം. തന്റെ മകന് അഡ്മിഷൻ തരാതിരുന്നത് അനീതിയല്ലേയെന്ന് ആ പ്രിൻസിപ്പൽ അച്ചനോടു ചോദിച്ചു.
"താങ്കൾ സ്വാധീനമുള്ള ആളായതിനാൽ ഇവിടെ അഡ്മിഷൻ കിട്ടിയില്ലെങ്കിലും മറ്റേതെങ്കിലും മികച്ച സ്കൂളിൽ അഡ്മിഷൻ വാങ്ങാൻ കഴിയും. എന്നാൽ, ഈ പാവപ്പെട്ട കുട്ടിക്ക് ഞാൻ അഡ്മിഷൻ നൽകിയില്ലെങ്കിൽ ഇതോടെ അവന്റെ പഠനം തീരും... ഇതായിരുന്നു അച്ചന്റെ മറുപടി. ആ പ്രിൻസിപ്പലും അതു ശരിവച്ചു. ഇത്തരം മാനുഷിക മുഖങ്ങൾ നഷ്ടമാകാതെ പരിരക്ഷിക്കണം. അതാണ് ഒരു പുരോഹിതന്റെ ദൗത്യം.
അച്ചന്റെ ഉന്നതപഠനമൊക്കെ സൈക്കോളജിയുമായി ബന്ധപ്പെട്ടതാണല്ലോ? നമ്മുടെ നാട്ടിലെ മാനസികാരോഗ്യം?
മാനസികാരോഗ്യരംഗത്ത് സമൂഹം കൂറെക്കൂടി ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. ഞാൻ ഇതുമായി ബന്ധപ്പെട്ട് ഏറെ എഴുതിയിട്ടുണ്ട്. കൗൺസലിംഗുകളും പരിശീലനങ്ങളും നൽകിയിട്ടുണ്ട്. പ്രസംഗങ്ങളല്ല, പ്രായോഗിക സഹായമാണ് ആളുകൾക്കു പലപ്പോഴും വേണ്ടത്. അതു കിട്ടാതെ വരുമ്പോഴാണ് ആത്മഹത്യ പോലുള്ള പ്രശ്നങ്ങൾ പെരുകുന്നത്.
ഇത്തരം പ്രശ്നങ്ങൾ മറികടക്കാൻ സാധാരണക്കാരെ സഹായിക്കേണ്ട വൈദികരും സന്യസ്തരും പോലും ആത്മഹത്യപോലുള്ളവയിൽ വീണു പോകുന്നുണ്ടല്ലോ..?
ഏതു രംഗത്തുള്ളവരെയും ഇത്തരം പ്രശ്നങ്ങൾ പിടികൂടാം. കാരണം മാനസികാരോഗ്യം കുറയുന്ന സമൂഹത്തിന്റെ പരിച്ഛേദമാണ് ഇവരെല്ലാം. ഡിപ്രഷൻ നിരക്ക് വല്ലാതെ വർധിക്കുന്നുണ്ട്. ശാരീരിക രോഗങ്ങൾക്കും മറ്റു പലതിലും നമ്മൾ കരുതലും പരിഹാരവും ചെയ്യും. എന്നാൽ, ഒരു വ്യക്തിയുടെ ഇമോഷൻ മാനേജ്മെന്റിന് പലപ്പോഴും സഭയിലും വേണ്ടത്ര പ്രായോഗിക സംവിധാനങ്ങളില്ല എന്നു തോന്നിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ അച്ചൻ എത്ര ഭാഷകൾ പഠിച്ചു?
എട്ടു ഭാഷകൾ പഠിക്കാൻ കഴിഞ്ഞു. ഇംഗ്ലീഷ്, ഇറ്റാലിയൻ, ലാറ്റിൻ, ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, തമിഴ്, മലയാളം എന്നിവ കൈകാര്യം ചെയ്യാനറിയാം. എഴുത്ത് എല്ലാംതന്നെ ഇംഗ്ലീഷിലാണ്. നിരവധി വർഷങ്ങൾ മദ്രാസ് അതിരൂപതയുടെ ന്യൂ ലീഡർ മാസികയുടെ എഡിറ്ററായിരുന്നു. കഴിഞ്ഞ 35 വർഷമായി അതിൽ ഞാൻ എഴുതുന്ന കോളമുണ്ട്. ജീവിതം, ഇമോഷൻ തുടങ്ങിയ വിഷയങ്ങളൊക്കെ ഇതിൽ എഴുതാറുണ്ട്.
ജീവിതത്തിലെ വലിയ പ്രചോദനം?
മാതാപിതാക്കൾ. പാലാ മാന്നാത്ത് അഡ്വ.എം.എ. തോമസിന്റെയും മറിയാമ്മയുടെയും ഇളയ മകനായി ജനിക്കാൻ കഴിഞ്ഞത് ഭാഗ്യമായി. സി.പി. രാമസ്വാമി അയ്യരുമായിട്ടുപോലും സൗഹൃദമുണ്ടായിരുന്ന അപ്പൻ എല്ലാക്കാര്യത്തിലും തികഞ്ഞ മാതൃകയായിരുന്നു. തന്റെ ബന്ധങ്ങൾ ഉപയോഗിച്ചു നിരവധി പേരെ സഹായിക്കുമായിരുന്നു. കുടുംബമാണ് ഒരാളുടെ യഥാർഥ മൂല്യപാഠശാല.
ഒരു മണിക്കൂർ നീണ്ട സംഭാഷണം കഴിഞ്ഞ് അച്ചന്റെ ബന്ധു ടോമി മാന്നാത്തിന്റെ വീട്ടിൽനിന്ന് ഇറങ്ങുന്പോൾ അച്ചന്റെ മറുപടികൾ കേട്ടിരുന്ന എസ്ബി കോളജ് മുൻ അധ്യാപകനും ബന്ധുവുമായ പ്രഫ. ജിജി കൂട്ടുമ്മേലും ഭാര്യ പ്രഫ. രേഖാ മാത്യൂസും അച്ചനെഴുതിയ ഏതാനും പുസ്തകങ്ങളുമായി വന്നു.
You Surprised me (യുഎസ് എഡിഷൻ), The Mystery of Me, A Closer Look; Happiness Right Now; A Radical Love, A Path of light, It''s Him എന്നിവയാണ് ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ. അതിൽത്തന്നെ യു സർപ്രൈസ്ഡ് മീ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി. ആ പുസ്തകത്തിന്റെ പേരുപോലെതന്നെ പരിചയപ്പെടുന്നവരെ അദ്ഭുതപ്പെടുത്തുന്ന മനുഷ്യസ്നേഹി!
ജോൺസൺ പൂവന്തുരുത്ത്