പതിനൊന്നു വയസുകാരൻ ജിസ്മോൻ സണ്ണി ലോഗോസ് ക്വിസ് ജേതാവ് എന്നു കേട്ടപ്പോൾ അന്പരന്നവരും അദ്ഭുതപ്പെട്ടവരും നിരവധി. വർഷങ്ങളായി ക്വിസിൽ പങ്കെടുത്തുവരുന്നവരും നിരവധി ക്വിസ് മത്സരങ്ങളിലെ ജേതാക്കളും ബൈബിളിലെ പല ഭാഗങ്ങളും മനഃപാഠമാക്കിയവരുമൊക്കെ മാറ്റുരയ്ക്കുന്ന മഹാ ക്വിസ് മേളയാണ് കേരള കത്തോലിക്ക സഭയുടെ ബൈബിൾ കമ്മീഷൻ നടത്തുന്ന ലോഗോസ് ക്വിസ്.
ഈ മഹാപ്രതിഭകളെയൊക്കെ മറികടന്നാണ് സാധാരണക്കാരനായ ഒരു ബാലൻ 2024ലെ ലോഗോസ് ക്വിസ് പ്രതിഭാപട്ടം ചൂടിയിരിക്കുന്നത്. പ്രാഥമിക റൗണ്ടുകൾക്കു ശേഷം ലൈവ് ആയി നടത്തുന്ന മെഗാഫൈനലിലും മുന്നിലെത്തിയാണ് ജിസ്മോൻ സണ്ണി താരമായത്.
കുഞ്ഞു ജേതാവ്
ബൈബിളിനെ ആധാരമാക്കിയുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രശ്നോത്തരി മത്സരമെന്നറിയപ്പെടുന്ന ലോഗോസ് ബൈബിൾ ക്വിസിൽ പങ്കെടുത്ത നാലര ലക്ഷം പേരിൽ ഒന്നാമൻ. പങ്കെടുത്തവരിൽ ഭൂരിഭാഗവും ജിസ്മോനേക്കാൾ ഉയർന്ന പ്രായക്കാർ, മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികൾ, അനേകം ഉന്നതബിരുദധാരികൾ, സെമിനാരി വിദ്യാർഥികൾ, സന്യസ്തർ... ലോഗോസ് പരീക്ഷയ്ക്കുള്ള ബൈബിളറിവിൽ അവരെയെല്ലാം പിന്നിലാക്കിയായിരുന്നു പതിനൊന്നുകാരന്റെ പടയോട്ടം.
കെസിബിസി ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ബൈബിൾ ക്വിസിന്റെ 24 വർഷത്തെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ലോഗോസ് പ്രതിഭയായി ആറാം ക്ലാസ് വിദ്യാർഥിയായ ഈ മിടുമിടുക്കൻ.
2023ലെ നഷ്ടം
കേരളത്തിലും പുറത്തുമായി നാലര ലക്ഷത്തോളം പേർ പങ്കെടുത്ത ലോഗോസിന്റെ അതിരൂപതാതല മത്സരങ്ങൾക്കുശേഷം 600 പേരാണു രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽനിന്ന് ആറു പ്രായ വിഭാഗങ്ങളിലെ ജേതാക്കൾ മാറ്റുരച്ച ഗ്രാൻഡ് ഫിനാലെ റൗണ്ടിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണു ജിസ്മോൻ ലോഗോസ് പ്രതിഭയായത്.
സ്വര്‍ണ മെഡലും 65,000 രൂപ കാഷ് അവാര്‍ഡും ട്രോഫിയുമാണു ജിസ്മോനു കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ചെയര്മാന് ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ സമ്മാനിച്ചത്. ലോഗോസിൽ എ വിഭാഗത്തിലെ ജേതാവായാണു ജിസ്മോൻ ഗ്രാൻഡ് ഫിനാലെയിലെത്തിയത്.
കഴിഞ്ഞ വർഷവും ലോഗോസ് ക്വിസിന്റെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ച ആറു പേരിൽ ഒരാളായിരുന്നു ജിസ്മോൻ. 2023ൽ നഷ്ടമായ ലോഗോസ് പ്രതിഭാ കിരീടം ഇക്കുറി ഈ മിടുക്കൻ ഏറ്റുവാങ്ങിയപ്പോൾ സദസിൽ നിറഞ്ഞ കൈയടി.
വചനസായാഹ്നങ്ങൾ
കോതമംഗലം രൂപതയിലെ വാഴക്കുളം ബത്ലേഹം ഹോളി ഫാമിലി ഇടവകയിൽ ചാത്തംകണ്ടത്തിൽ സണ്ണിയുടെയും സിസിലിയുടെയും ഏകമകനാണ് ജിസ്മോൻ. സ്കൂൾ വിട്ടെത്തിയാൽ വൈകുന്നേരങ്ങളിലെ വചനവായന ജിസ്മോനു ശീലമാണ്. സന്പൂർണ ബൈബിൾ ക്രമത്തിൽ വായിച്ചുതീർക്കുകയെന്ന ദൗത്യം അടുത്തിടെ വിജയകരമായി പൂർത്തിയാക്കി. പരമാവധി വചനഭാഗങ്ങൾ സാധിക്കുന്ന സമയത്തെല്ലാം വായിക്കുന്നതിനു ജിസ്മോന്റെ ഇഷ്ടങ്ങളിലുണ്ട്. സന്ധ്യാപ്രാർഥനയിലും ഉറക്കെ ബൈബിൾ വായിക്കുന്നതും ജിസ്മോൻതന്നെ.
ചെറുപ്പം മുതൽ ജിസ്മോനെ വചനം വായിച്ചുകേൾപ്പിക്കാനും വായിപ്പിക്കാനും കുടുംബാംഗങ്ങൾ പ്രത്യേക താത്പര്യമെടുത്തു. എല്ലാ ദിവസവും പള്ളിയിൽ കുർബാനയ്ക്കു പോകുന്ന ജിസ്മോൻ ഇടവകാംഗങ്ങൾക്കെല്ലാം പ്രിയങ്കരൻ.
എന്താണ് ലോഗോസ് മാജിക്?
ലോഗോസ് പോലെ, ഫൈനൽ റൗണ്ട് കടുകട്ടിയായൊരു ബൃഹത് ക്വിസ് മത്സരത്തിൽ ചെറുപ്രായത്തിൽ ഗ്രാൻഡ് ഫിനാലേയിലേക്കെത്താനും ഒന്നാമതെത്താനും കഴിഞ്ഞതിന്റെ രഹസ്യം?
ചോദ്യം കേട്ട ജിസ്മോന്റെ മുഖത്തു തീർത്തും നിഷ്കളങ്കമായൊരു പുഞ്ചിരി, ശേഷം ലളിതമായ ഉത്തരം- ഒരു മാജിക്കുമില്ല, ബൈബിൾ നിരന്തരം വായിച്ചു, പ്രാർഥനയോടെ ആവർത്തിച്ചു വായിച്ചു, പലതും മനഃപാഠമാക്കി... അനുബന്ധ പുസ്തകങ്ങൾ വായിച്ചു പഠിച്ചതും നേട്ടമായി.
സന്പൂർണ ബൈബിളിനു പുറമേ, കെസിബിസി ബൈബിൾ കമ്മീഷൻ നൽകിയ ബൈബിൾ പഠനത്തിന് ആമുഖം, ബൈബിളും കേരളവും എന്നീ ഗ്രന്ഥങ്ങളും ലോഗോസിൽ മികച്ച പ്രകടനം നടത്താൻ സഹായിച്ചെന്നു ജിസ്മോൻ.
ലോഗോസ് ബൈബിൾ ക്വിസിന്റെ ചരിത്രത്തിൽ അത്രമേൽ അതുല്യപ്രതിഭാ വിലാസത്തോടെ മത്സരിച്ചു ജയിച്ച ജിസ്മോൻ സണ്ണി, ഈ ക്വിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രചോദനമാണെന്നു കെസിബിസി ബൈബിൾ സൊസൈറ്റി സെക്രട്ടറി റവ.ഡോ. ജോജു കോക്കാട്ടിന്റെ അഭിനന്ദനം.
സ്കൂളിലെ താരം
കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് സ്കൂളിലാണ് ജിസ്മോൻ ഇപ്പോൾ പഠിക്കുന്നത്. പ്രസംഗത്തിലും ക്വിസ് മത്സരങ്ങളിലും സ്കൂളിലെ താരമാണ്. അധ്യാപകൻ മേജോ ജോസിന്റെ ശിക്ഷണത്തിലൂടെ സംസ്കൃതം പ്രഭാഷണത്തിൽ ഉപജില്ലയിലും ഒന്നാം സ്ഥാനക്കാരനായി. കെസിഎസ്എല്ലിന്റെ ക്വിസ് ഉൾപ്പടെയുള്ള വിവിധ മത്സരങ്ങളിലും തിളങ്ങി.
മാനേജർ റവ.ഡോ. മാനുവൽ പിച്ചളക്കാട്ട്, പ്രധാനധ്യാപിക ഷീബ മാത്യു, അധ്യാപകർ, കൂട്ടുകാർ എന്നിവരെല്ലാം ജിസ്മോന്റെ മികവിനു പിന്തുണയേകുന്നു. സാന്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിൽനിന്നുള്ള ജിസ്മോന്റെ പഠനച്ചെലവുകൾ സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തിട്ടുണ്ട്.
കേരളസഭയുടെ വചനധാരകളിൽ അതുല്യപ്രതിഭയായി തിളങ്ങിയ ഈ മിടുമിടുക്കൻ, ബൈബിൾ പഠിക്കുന്നവർക്കെല്ലാം പുതിയ പ്രചോദനമാണ്.
സിജോ പൈനാടത്ത്