കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്കളുടെ നൻമകളും തിൻമകളും കുട്ടികളെ ആഴത്തിൽ സ്വാധീനിക്കും. നൻമയുടെ ചൈതന്യം ചെറുപ്പം മുതൽ മക്കളിലേക്ക് പകരാനായാൽ അവരാരും പ്രശ്നക്കാരായി മാറില്ല. രക്ഷിതാക്കളുടെ ജീവിതത്തിലെ ചെറിയ പാകപ്പിഴകളും കുറവുകളുംവരെ മക്കളെ വഴിതെറ്റിച്ചേക്കാം.
പ്ലസ് വണ്ണിനും പ്ലസ് ടുവിനും പഠിക്കുന്ന രണ്ട് ആണ്കുട്ടികൾ കഞ്ചാവ് വിൽപന കേസിൽ ഈയിടെ അറസ്റ്റിലായി. മദ്യത്തിനും കഞ്ചാവിനും അടിപ്പെട്ട ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. പതിനേഴ് വയസുള്ള മൂത്തവൻ ക്വട്ടേഷൻ ഗുണ്ടാസംഘത്തിലെ അംഗവുമാണ്.
രണ്ടു മക്കളും പഠനം അവസാനിപ്പിച്ച് നാട്ടിൽ ഭീകരത സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മക്കൾക്ക് നല്ല മാര്ഗം ഉപദേശിക്കാമോ എന്നു ചോദിച്ചാണ് അവരുടെ അമ്മ നുറുങ്ങിയ മനസോടെ നവജീവനിലെത്തിയത്. ആമുഖമായി അവരുടെ വീട്ടിലെ സാഹചര്യങ്ങളും ഇന്നലെകളിലെ സംഭവങ്ങളും പറഞ്ഞപ്പോഴാണ് തകർന്നുപോയ ദാന്പത്യത്തിന്റെ ഇരകളാണ് മക്കളെന്നും അപ്പനോടുള്ള വിദ്വേഷമാണ് മാഫിയാ കൂട്ടുകെട്ടിൽ എത്തിച്ചതെന്നും മനസിലാക്കാനായി.
മദ്യപനും അധർമിയുമായ അവരുടെ ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം കഴിയുകയാണ്. ചെറിയ പ്രായത്തിൽ മക്കളെ ഉപദേശിച്ചും സ്നേഹിച്ചും ദൈവവിശ്വാസത്തിലും ചിട്ടവട്ടങ്ങളിലും വളർത്തേണ്ട അപ്പന്റെ വഴിപിഴച്ച ജീവിതം നൽകിയ തിക്താനുഭവങ്ങളാണ് രണ്ടു മക്കളെയും തെമ്മാടികളാക്കിയത്.
മദ്യപിച്ച് ലക്കുകെട്ട് എത്തിയിരുന്ന അപ്പൻ മക്കളെ പ്രാർഥിക്കാനും പഠിക്കാനും അനുവദിക്കാതെ അത്താഴക്കഞ്ഞി വലിച്ചെറിഞ്ഞ് തല്ലി ഇറക്കിവിടുക പതിവായിരുന്നു. കാട്ടിലും പറന്പിലും കടത്തിണ്ണകളിലും മക്കൾ രാത്രി ഭയന്നുറങ്ങി. അമ്മ അയൽവീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്.
മക്കളെ സുരക്ഷിതരും നല്ലവരുമായി വളർത്താൻ ഉത്തരവാദിത്വമുള്ള അപ്പൻ അവർക്ക് ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് ഇരുവരും ക്രിമിനലുകളായി മാറിയത്.
അമ്മ കാലങ്ങളായി തൊഴിലുറപ്പുജോലിക്കു പോയാണ് ഒരു വിധം വീട് പോറ്റിയിരുന്നത്. സ്കൂളിലേക്കെന്ന പേരിൽ വീട്ടിൽനിന്നിറങ്ങുന്ന മക്കൾ വഴിവിട്ട കൂട്ടുകെട്ടുകളിൽപ്പെട്ടതോടെ തുടരെ പ്രശ്നക്കാരായി മാറി. വിശപ്പകറ്റാൻ അയലത്തെ പറന്പുകളിൽ കിട്ടുന്നതെല്ലാം അവർ മോഷ്ടിക്കും.
പ്രൈമറി ക്ലാസിൽ പഠിക്കുന്ന കാലത്തുതന്നെ മോഷണക്കേസിൽ പിടിക്കപ്പെട്ടു. മക്കളുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് സമാധാനം പറയാൻ അമ്മ പോലീസ് സ്റ്റേഷനിലും അയൽവീടുകളിലും കയറി മടുത്തു. അവസാനം സ്കൂളിലെ അധ്യാപകരും കൈയൊഴിഞ്ഞു.
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്കളുടെ നൻമകളും തിൻമകളും കുട്ടികളെ ആഴത്തിൽ സ്വാധീനിക്കും. നൻമയുടെ ചൈതന്യം ചെറുപ്പം മുതൽ മക്കളിലേക്ക് പകരാനായാൽ അവരാരും പ്രശ്നക്കാരായി മാറില്ല. രക്ഷിതാക്കളുടെ ജീവിതത്തിലെ ചെറിയ പാകപ്പിഴകളും കുറവുകളുംവരെ മക്കളെ വഴിതെറ്റിച്ചേക്കാം.
അപ്പന്റെ വഴിവിട്ട ജീവിതത്തിൽ രണ്ട് ആണ്മക്കൾ മാത്രമല്ല ഒരു കുടുംബംതന്നെ അന്യാധീനപ്പെട്ടിരിക്കുന്നു. വാർധക്യത്തിൽ മക്കളിൽനിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷിച്ച അമ്മ ഇന്ന് അനാഥയായി വ്യാകുലപ്പെട്ടു കഴിയുന്നു. ദിവസവും പല കേസുകളിൽപ്പെടുന്ന മക്കളെ അന്വേഷിച്ച് വീട്ടിലെത്തുന്ന പോലീസുകാരോട് സമാധാനം പറഞ്ഞു മടുത്തു. തെമ്മാടിമക്കളുടെ അമ്മ എന്ന ആക്ഷേപം എവിടെച്ചെന്നാലും കേൾക്കുന്നു. അടുക്കളജോലിക്കുപോലും അയൽക്കാർ വിളിക്കില്ലാത്ത ഗതികേടിലാണ് ഈ സാധു സ്ത്രീ.
മക്കളുടെ നശിച്ച പോക്കിൽ ഉള്ളുരുകി ഹൃദയവേദനയിൽ കഴിയുന്ന ഒട്ടേറെ രക്ഷിതാക്കളെ പലപ്പോഴും കാണാറുണ്ട്, അവരുടെ ആകുലതകൾ കേൾക്കാറുണ്ട്. കുടുംബം എന്ന ദേവാലയത്തിൽ നന്മയുടെയും വിശുദ്ധിയുടെയും ജീവിതബലി അർപ്പിക്കാൻ ഓരോ അപ്പനും അമ്മയ്ക്കും സാധിക്കണം. അവരുടെ സഹനബലിയാവണം മക്കളുടെ ആത്മീയവും ബൗദ്ധികവും ഭൗതികവുമായ എല്ലാ വളർച്ചകൾക്കും നിമിത്തമാകേണ്ടത്.
സ്വന്തം കുറ്റങ്ങളെയും കുറവുകളെയും തിരുത്താതെ മക്കളെ ഇക്കാലത്ത് ഉപദേശിച്ചതുകൊണ്ട് കാര്യമില്ല. തിൻമകളുടെയും തെറ്റുകളുടെയും ദൂഷിതവലയത്തിൽപ്പെടാതെ മക്കളെ സുരക്ഷിതരാക്കാൻ മാതാപിതാക്കൾ കണ്ണും കാതും കൂർപ്പിച്ചിരിക്കേണ്ട കാലമാണിത്.
പി.യു. തോമസ്, നവജീവൻ