രണ്ടു മുതിർന്ന വ്യക്തികൾ പുനർവിവാഹം ചെയ്തു പുതിയൊരു കുടുംബജീവിതം നയിക്കാൻ തുടങ്ങിയാൽ സമൂഹം എങ്ങനെ പ്രതികരിക്കുമെന്നതാണ് അഭിജിത്ത് അശോകൻ സംവിധാനം ചെയ്ത ‘ജനനം 1947 പ്രണയം തുടരുന്നു' എന്ന പടത്തിന്റെ കഥാതന്തു. ചിത്രത്തിലെ നായികയ്ക്കു ശബ്ദം നൽകി മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള 2024ലെ സംസ്ഥാന പുരസ്കാരം നേടിയ സുമംഗല സുനിലിന്റെ വാക്കുകളിലൂടെ...
ആളില്ലാതെ വന്നപ്പോൾ
ഒരു അഡ്വർടൈസിംഗ് കമ്പനിയിൽ പ്രോഗ്രാം കോ ഒാർഡിനേറ്ററായി ജോലി ചെയ്തിരുന്ന കാലത്താണു ഡബ്ബിംഗ് ഫീൽഡിലേക്ക് അപ്രതീക്ഷിതമായി എത്തിയത്. വോയ്സ് ആർട്ടിസ്റ്റുകളെ വിളിച്ചു പരസ്യങ്ങൾക്കുവേണ്ടി അവരുടെ ശബ്ദം റിക്കാർഡ് ചെയ്യുന്നതും എന്റെ ജോലിയുടെ ഭാഗമായിരുന്നു. ആ ഇടയ്ക്കാണ് റേഡിയോ സ്റ്റേഷനിലേക്ക് അടിയന്തരമായി എത്തിക്കേണ്ടിയിരുന്ന ഒരു പരസ്യത്തിനു ഡബ്ബ് ചെയ്യാൻ വോയ്സ് ആർട്ടിസ്റ്റിനെ വിളിച്ചിട്ടു കിട്ടാതെ വന്നത്. കൂടുതൽ ആലോചിക്കാൻ സമയമില്ലാത്തതിനാൽ ആ പരസ്യത്തിനു പറയേണ്ട വാചകങ്ങൾ ഞാൻ തന്നെ പറഞ്ഞു. പരസ്യം കേട്ട കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ ഞാൻ നന്നായി ചെയ്തിട്ടുണ്ടല്ലോയെന്ന് അഭിപ്രായപ്പെട്ടു.
പ്രക്ഷേപണം ചെയ്യപ്പെട്ടതു ശ്രദ്ധിച്ചവരും കൂട്ടുകാരുമെല്ലാം ശബ്ദം കൊള്ളാമെന്ന് എന്നോടു പറയുകയും ചെയ്തു. ഈ ഫീൽഡിൽ എനിക്കു നല്ല ഭാവിയുണ്ടെന്നു പലരും അഭിപ്രായം പറഞ്ഞു. അപ്രതീക്ഷിതമായി വന്നുചേർന്ന ഒരു അവസരം അങ്ങനെ ഒരു വഴിത്തിരിവായി മാറി! ആ ലളിതമായ തുടക്കമാണ് ഇന്നു "ജനനം 1947 പ്രണയം തുടരുന്നു' എന്ന പടത്തിലെ പ്രധാന കഥാപാത്രമായ ലീലാ സാംസൺ മാഡത്തിനു (പ്രശസ്ത തമിഴ് നർത്തകി) ശബ്ദം നൽകി സംസ്ഥാന പുരസ്കാരമെന്ന ഭാഗ്യത്തിലേക്ക് എത്തിയത്.
വോയ്സ് ഡബ്ബിംഗ് പാഷൻ
പതിനേഴു വർഷമായി വോയ്സ് ഡബ്ബിംഗ് രംഗത്തു സജീവമാണ്. വോയ്സ് ആർട്ടിസ്റ്റിന്റെ ജോലി തുടക്കത്തിൽ കഷ്ടപ്പാടുള്ളതായി തോന്നിയിരുന്നെങ്കിലും ഇന്ന് അതൊരു പാഷനായി മാറിയിരിക്കുന്നു. കഥാപാത്രത്തിന്റെ ആകാരത്തിനു പറ്റിയ ശബ്ദത്തിലാണ് സംസാരിക്കേണ്ടത്. അങ്ങനെയല്ലെങ്കിൽ വോയ്സ് ആർട്ടിസ്റ്റ് പരാജയപ്പെടും. കൂടാതെ കഥാപാത്രത്തിന്റെ വൈകാരികത യാഥാർഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ അളവിൽ ശബ്ദത്തിൽ പ്രകടമാക്കണം. പരിചയക്കുറവു മൂലം തുടക്ക കാലങ്ങളിൽ ഈ മേഖലയിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
ശബ്ദം ശരിയാക്കിയെടുക്കാൻ ചിലപ്പോൾ മൂന്നും നാലും ടേക്കുകൾ വരെ ആവശ്യമായി വന്നിട്ടുണ്ട്. വീട്ടിൽ സിനിമകൾ പ്ലേ ചെയ്തു, ശബ്ദം മ്യൂട്ടാക്കി, നടിയുടെ ഡയലോഗ് അഭിനയത്തോടൊപ്പം പറഞ്ഞു പരിശീലിക്കുമായിരുന്നു. ചുണ്ടുകളുടെ ചലനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കഥാപാത്രങ്ങളുമായി പെട്ടെന്നുതന്നെ പൊരുത്തപ്പെട്ടുപോകാൻ ഈ പതിവ് വളരെ സഹായിച്ചിട്ടുണ്ട്. സൗണ്ട് എൻജിനിയർമാരും പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ പ്രവർത്തിക്കുന്ന പലരും ഡബ്ബിംഗ് വേളയിൽ വളരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
കഠിനാധ്വാനം
ലീലാ സാംസൺ തമിഴ് കലർന്ന മലയാളത്തിലാണു സംസാരിച്ചിരുന്നത്. സ്വാഭാവികമായും അഭിനയിക്കുമ്പോൾ ഉച്ചാരണത്തിൽ അത്ര ശ്രദ്ധിക്കാൻ അഭിനേത്രിക്കു കഴിയില്ലല്ലോ, ഭാവങ്ങൾക്കാണല്ലോ അവർ പ്രാധാന്യം കൊടുക്കുക. അതേസമയം, വോയ്സ് ആർട്ടിസ്റ്റ് മലയാള പദങ്ങളുടെ ഉച്ചാരണം യാതൊരു പിഴവുമില്ലാതെ പറയണം. ഇക്കാരണത്താൽ സ്ക്രിപ്റ്റ് ശരിയായ രൂപത്തിൽത്തന്നെ ഡെലിവർ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. പലതവണ പറഞ്ഞു കേട്ടുനോക്കി നന്നാക്കിയെടുക്കുകയായിരുന്നു.
സഹപ്രവർത്തകരുടെ സഹായം ഏറെയുണ്ടായിരുന്നു. ലീലാ സാംസൺ അവതരിപ്പിക്കുന്ന ഗൗരി ടീച്ചർ എന്ന കഥാപാത്രമായി മാറാൻ ഞാൻ ഏകദേശം നാലു ദിവസത്തെ സമയമെടുത്തു. ഓരോ വാക്കും തനതായ രീതിയിൽത്തന്നെ പഠിച്ചുണ്ടാക്കി പറയാൻ അത്രയും സമയം എനിക്കു വേണ്ടിവന്നു. ഗൗരി ടീച്ചറുടെ സംഭാഷണങ്ങളെല്ലാം ആത്മസംഘർഷങ്ങൾ നിറഞ്ഞതാണ്.
പ്രണയത്തിനു പ്രായമില്ല
ഡബ്ബിംഗിനിടയിൽ ചില രംഗങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ഗൗരി ടീച്ചറും ജയരാജ് ചേട്ടൻ അവതരിപ്പിക്കുന്ന ശിവൻ എന്ന നായക കഥാപാത്രവും തമ്മിലുള്ള ചില വർത്തമാനങ്ങൾ പ്രണയത്തിന്റെ തീവ്രത കാണിക്കുന്നു. എഴുപതു കഴിഞ്ഞ ദമ്പതിമാർ ടീനേജിലുള്ള കമിതാക്കളെപ്പോലെ സംസാരിക്കുന്നതു കേൾക്കുന്ന ഞാനുൾപ്പെടെയുള്ള പ്രേക്ഷകർക്കു ബോധ്യപ്പെടും പ്രണയമെന്ന വികാരത്തിനു പ്രായമൊരു പ്രതിബന്ധം ആകുന്നില്ലെന്ന്! ഗൗരി ടീച്ചർ വൃദ്ധസദനത്തിലെ അന്തേവാസിയും ശിവൻ അവിടത്തെ അടുക്കള ജീവനക്കാരനുമായിരുന്നു.
പ്രണയമെന്ന അവസ്ഥയിലൂടെ കടന്നുപോകാത്തവരായി ആരുമില്ല; എന്റേതും പ്രണയവിവാഹമായിരുന്നു. എഴുപതു കഴിഞ്ഞ നായികയും നായകനും പരസ്പരമുള്ള പ്രണയം വ്യക്തമാക്കാൻ ശരിക്കും പാടുപെടുന്നുണ്ട്. ആ സമയങ്ങളിലെല്ലാം എന്റെ ശബ്ദം മുഖേന, അറുപത്തിയൊന്നുകാരിയായ ഞാനും പതിനെട്ടുകാരിയായി മാറുകയായിരുന്നു! പ്രണയ സന്ദർഭങ്ങൾ പൊലിപ്പിച്ചെടുക്കണമായിരുന്നല്ലോ. വളരെ ആസ്വദിച്ചു ചെയ്ത ഒരു വർക്കാണ് ‘ജനനം 1947 പ്രണയം തുടരുന്നു'വിലെ ഡബ്ബിംഗ്.
ഷീലാമ്മയ്ക്കും ശബ്ദം നൽകി
സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഷീലാമ്മ. അതുകൊണ്ട് അവരുടെ ശബ്ദം യാതൊരു വ്യത്യാസവുമില്ലാതെ അനുകരിക്കാൻ സാധിച്ചില്ലെങ്കിൽ കേട്ടതു ഷീലാമ്മയുടെ ശബ്ദമല്ലെന്നു പ്രേക്ഷകർ ഉടനെ പറയും! എന്നാൽ, ‘അമ്മച്ചിക്കൂട്ടിലെ പ്രണയകാലം' എന്ന പടത്തിനു വേണ്ടി ഷീലാമ്മയ്ക്ക് എത്താൻ കഴിയാതെ വന്നപ്പോൾ, ശബ്ദം നൽകിയതു ഞാനാണ്. പടം കണ്ട ശേഷം ഷീലാമ്മ ഫോണിൽ വിളിച്ചു എന്നെ അഭിനന്ദിച്ചു. “അസ്സലായിട്ടുണ്ട്, എന്റെ ശബ്ദം തന്ന” എന്നു അവർ പറഞ്ഞു! ആറു പതീറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തിൽ ആദ്യമായി ഒരാൾ ഷീലാമ്മയ്ക്കു വേണ്ടി ഡബ്ബ് ചെയ്യുകയായിരുന്നു!
ആ അഭിനന്ദനം വിലയേറിയ പുരസ്കാരമാണ്. നിലമ്പൂർ ആയിഷയുടെ ജീവിതം ആസ്പദമാക്കി 2023ൽ ഇറങ്ങിയ ‘ആയിഷ'യിൽ പല ദൃശ്യങ്ങളിലും പരസ്പരം സംസാരിക്കുന്ന രണ്ടു കഥാപാത്രങ്ങൾക്ക് വേറിട്ട ശബ്ദം നൽകിയതും മറക്കാനാവില്ല. മോണകൾ ചേർത്തുപിടിച്ചു സംസാരിച്ചിരുന്ന സുബ്ബലക്ഷ്മി ചേച്ചിക്കു നിരവധി സിനിമകളിലും സീരിയലുകളിലും ശബ്ദം നൽകി. കമൽ സംവിധാനം ചെയ്ത ‘ആമി'യിൽ 90 വയസുള്ള വള്ളി എന്ന കഥാപാത്രത്തിനു ശബ്ദം നൽകിയതും വേറിട്ടൊരു അനുഭവമായിരുന്നു.
രഞ്ജിലാൽ ദാമോദരൻ സംവിധാനം ചെയ്ത്, 2006ൽ തിയറ്ററുകളിലെത്തിയ ‘എന്നിട്ടും' ആണ് വോയ്സ് നൽകിയ പ്രഥമ ചലച്ചിത്രം. ഇതുവരെ നൂറിലേറെ പടങ്ങളിലെ കഥാപാത്രങ്ങൾക്കു ശബ്ദം നൽകി. ടെലിവിഷൻ സീരിയലുകളിലെ നടിമാർക്കു വേണ്ടിയും ഡബ്ബ് ചെയ്തു. 2024ൽ ശബ്ദം നൽകിയ പടങ്ങളിൽ ചിലതാണു "മലയാളി ഫ്രം ഇന്ത്യ'യും "ഗുരുവായൂർ അമ്പലനടയിലും'. "മലയാളി ഫ്രം ഇന്ത്യ'യിൽ രണ്ടു കഥാപാത്രങ്ങൾക്കു ശബ്ദം നൽകിയിട്ടുണ്ട്.
കുടുംബ പശ്ചാത്തലം
എറണാകുളം ജില്ലയിലെ കാക്കനാട് പാലച്ചുവടിലാണ് താമസം. ഭർത്താവ് കെ.ജി. സുനിൽ. സനൂപ് കൃഷ്ണനും ശ്രീകുമാറും മക്കൾ. സുനിൽ ടാറ്റയിലായിരുന്നു മുമ്പു ജോലി ചെയ്തിരുന്നത്. വിആർഎസ് എടുത്തു കടവന്ത്രയിൽ പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസി നടത്തിവരുന്നു. പിതാവ് ഹാസ്യസാഹിത്യകാരനും ഹാസ്യചിത്രകാരനുമായിരുന്ന കാർട്ടൂണിസ്റ്റ് സുകുമാർ, കഴിഞ്ഞ വർഷം അന്തരിച്ചു.
വിജയ് സിയെച്ച്