ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും ഓർമിക്കാൻ ഒരുപിടി ചലച്ചിത്രസ്മരണകൾ സമ്മാനിച്ചാണ് കടന്നുപോയത്. ഹോളിവുഡ് ചരിത്രത്തിൽ അനന്യമായ സ്ഥാനം പോയ്റ്റിയേ നേടിയെടുത്തിട്ടുണ്ട്. ആദ്യമായി നായകവേഷത്തിൽ മികച്ച നടനുള്ള ഓസ്കർ നേടിയ കറുത്തവർഗക്കാരൻ എന്നതിനപ്പുറം വർണവിവേചനത്തിന്റെ മതിൽക്കെട്ടുകളെ തകർത്തു ലോകവേദികളിൽ ആദരിക്കപ്പെട്ട വ്യക്തി കൂടിയാണ് പോയ്റ്റിയേ.
1960കളിൽ രംഗത്തുവരുന്പോൾ അമേരിക്കയിൽ മാർട്ടിൻ ലൂഥർ കിംഗിന്റെ നേതൃത്വത്തിൽ പൗരാവകാശ പ്രസ്ഥാനം ചൂടുപിടിച്ചുവരുന്ന കാലമാണ്. ഹോളിവുഡിനും വർണവിവേചനത്തിന്റെ ചരിത്രമുണ്ടെന്നോർക്കുക. അവിടെ സ്റ്റീരിയോടൈപ് ചെയ്യപ്പെട്ടും പാർശ്വവത്കരിക്കപ്പെട്ടും കഴിഞ്ഞ ഒരു കാലമുണ്ട് കറുത്തവന്. 1939ൽ ഗോണ് വിത്ത് ദ വിൻഡ് എന്ന ചിത്രത്തിൽ സഹനടിയായി ഓസ്കർ നേടിയ ഹാറ്റി ഡാനിയൽ അവാർഡ് വേദിയിൽ മാത്രമല്ല, മരിച്ചപ്പോൾ സെമിത്തേരിയിൽപോലും വിവേചനത്തിനിരയായി.
പോയ്റ്റിയേ മുഖ്യവേഷം ചെയ്ത ‘ലില്ലീസ് ഓഫ് ദ ഫീൽഡ്’ പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. 1950കളിൽ ശീതസമരം ഉടലെടുത്തപ്പോൾ സോവ്യറ്റ് അധീശത്വത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കൈയടക്കിയ കിഴക്കൻ ജർമനി തുടങ്ങി മിക്ക പൗരസ്ത്യ യൂറോപ്യൻ രാജ്യങ്ങളിലും മതമർദനവും അഴിച്ചുവിടപ്പെട്ടു. 1961ൽ ബർലിൻ മതിൽ പണിയപ്പെട്ടതോടെ ശീതസമരം പുതിയ വഴിത്തിരിവിലെത്തി. ഇക്കാലത്ത് ഈസ്റ്റ് ജർമനിയിൽനിന്ന് അഭയാർഥികളായി അമേരിക്കയിലെത്തിയ കുറേ ജർമൻ സന്യാനിസിനികളുടെ ജീവിതം പശ്ചാത്തലമാക്കി വില്യം ബാരറ്റ് രചിച്ച നോവലാണ് അതേ പേരിൽതന്നെ നടനും സംവിധായകനുമായ റാൽഫ് നെൽസണ് ചലച്ചിത്രമാക്കിയത്.
അരിസോണ മരുപ്രദേശത്ത് തങ്ങൾക്ക് അനുവദിച്ചുകിട്ടിയ കുറച്ചു സ്ഥലത്ത് സ്വന്തം കൃഷിയിൽനിന്നുള്ള വരുമാനംകൊണ്ടു മാത്രം ജീവിക്കുന്ന മൂന്നു ജർമൻ കന്യാസ്ത്രീകൾ. മുഖ്യമായും സ്പാനിഷ് ഭാഷക്കാർ താമസിക്കുന്ന സ്ഥലത്ത് ഭാഷകൊണ്ടും വർഗംകൊണ്ടും ജീവിതശൈലികൊണ്ടും പാർശ്വവത്കരിക്കപ്പെട്ട ഇവരുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരികയാണ് ഹോമർ സ്മിത് എന്ന കറുത്തവർഗക്കാരനായ മുൻ പട്ടാളക്കാരൻ.
ഒരു വാസ്തുശില്പിയാകാനുള്ള മോഹവുമായി കിട്ടുന്ന പണികൾ ചെയ്ത് നടക്കുന്ന ഇയാൾ, കാറിന്റെ ആവശ്യത്തിനായി കുറച്ചു വെള്ളം തേടി വന്നതാണ്. കോണ്വന്റിന്റെ വേലി നന്നാക്കിക്കൊണ്ടിരുന്ന മദർ മേരിക്ക് ഇയാളുടെ വരവ് തന്റെ പ്രാർഥനയ്ക്കുള്ള ഉത്തരമായാണ് തോന്നിയത്. ജോലിചെയ്യാൻ കരുത്തുള്ള ഒരു പുരുഷൻ. അയാളുമായി സൗഹൃദം സ്ഥാപിച്ച മദർ അവിടെത്തന്നെ താമസിക്കാൻ അയാളെ നിർബന്ധിക്കുന്നു. തങ്ങളുടെ കെട്ടിടത്തിന്റെ മേൽക്കൂര ഇയാളെക്കൊണ്ട് നന്നാക്കിക്കാം എന്നതാണ് ഉദ്ദേശ്യം. എന്നാൽ കൂലി കൊടുക്കാൻ പണമില്ലെന്ന കാര്യം പറയുന്നില്ല.
അവരോടൊപ്പം അത്താഴം കഴിക്കുന്ന സ്മിത്തിന് അവിടത്തെ അല്പാഹാരം തീരെ പിടിച്ചില്ല. എത്രയും വേഗം സ്ഥലം വിടാൻ ആഗ്രഹിച്ച അയാളെ കൗശലവും നിശ്ചയദാർഢ്യവുംകൊണ്ട് മേരി അവിടെത്തന്നെ നിർത്തുന്നു. അയാളുടെ ശിക്ഷണത്തിൽ ഇംഗ്ലീഷ് പഠിക്കുന്നതിനൊപ്പം അവിടെ ഒരു കപ്പേള പണിയാനുള്ള ചുമതലയും നിർബന്ധിച്ച് ഏല്പിക്കുകയാണ്. തുടർന്നുവരുന്ന സംഭവങ്ങളിലൂടെ വെളിവാകുന്നത് രണ്ടു ശക്തമായ വ്യക്തിത്വങ്ങൾക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളും തീർക്കുന്ന രസകരമായ അനുഭവങ്ങളാണ്.
പണിക്കൂലി തരാത്ത, താങ്ക് യു പോലും പറയാതെ എപ്പോഴും ദൈവത്തിനു മാത്രം നന്ദി പറയുന്ന കന്യാസ്ത്രീയോട് ബൈബിൾ വചനംകൊണ്ടാണ് ഹോമർ പ്രതികരിക്കുന്നത്. ജോലിക്കാരൻ തന്റെ കൂലിക്ക് അർഹനാണ് (ലൂക്ക 10:7). മദറിനു മറുപടിയുണ്ട്. മലയിലെ പ്രസംഗത്തിൽനിന്നുള്ള ഉദ്ധരണി, വയലിലെ ലില്ലികൾ എങ്ങനെ വളരുന്നുവെന്നു നോക്കുക തുടങ്ങിയ ബൈബിൾ വചനങ്ങൾ. തന്റെ പണം മുടക്കി നല്ല ഭക്ഷണം വാങ്ങിക്കൊടുക്കുന്ന ഹോമറോട് പള്ളി പണിയാൻ ഇഷ്ടിക വാങ്ങാനുള്ളത് എന്തിനാണ് പാഴാക്കുന്നതെന്നാണു ചോദ്യം.
ഞായറാഴ്ച കുർബാനയ്ക്ക് ദൂരെ പട്ടണത്തിൽ പോകാൻ ഹോമറെ ക്ഷണിക്കുന്നത് അയാളുടെ കാറിൽ പോകാമെന്ന വിചാരത്തിലാണ്. താൻ ബാപ്റ്റിസ്റ്റ് സഭക്കാരനാണെന്ന് ഓർമിപ്പിച്ചുകൊണ്ട് ഹോമർ പോകുന്നു. ടൗണിലെ ഹോട്ടൽ ഉടമസ്ഥൻ ജുവാൻ ഹോമറുടെ സുഹൃത്താണ്. അയാളുടെ അഭിപ്രായത്തിൽ ഭൂമിയിൽ ചെയ്യുന്ന നന്മപ്രവൃത്തികളൊക്കെ പരലോകത്തേക്കുള്ള ഇൻഷ്വറൻസാണ്. അവിടത്തെ ബിൽഡിംഗ് കോണ്ട്രാക്ടർ ആഷ്റ്റണ് ഹോമറിന് ഒരു ജോലി കൊടുക്കുന്നു. ജോലിക്കൊപ്പംതന്നെ കപ്പേളയുടെ പണിയും ഹോമർ തന്റെ വാസ്തുശില്പ സാമർഥ്യം മുഴുവൻ ഉപയോഗിച്ച് പൂർത്തിയാക്കുന്നു. ആദ്യം ഈ സംരംഭത്തിൽ സഹകരിക്കാതിരുന്ന ആഷ്റ്റണും ഒപ്പം നാട്ടുകാരും അയാൾക്കൊപ്പം ചേരുകയാണ്.
കഥയുടെ പ്രധാനഭാഗത്ത് ഹോമർ കന്യാസ്ത്രീകളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനൊപ്പം ഒരു ബാപ്റ്റിസ്റ്റ് കീർത്തനവും പഠിപ്പിക്കുന്നുണ്ട്. കഥയുടെ പ്രമേയത്തെ വെളിവാക്കുന്ന ഒരു സീക്വൻസായി ഇതിനെ കരുതാം. തന്റെ ദൗത്യം പൂർത്തിയാക്കി, തനിക്കു കരുതിവച്ച ബഹുമതി സ്വീകരിക്കാൻ കാത്തുനിൽക്കാതെ പ്രസ്തുത ഗീതത്തിലെ ആമ്മേൻ പാടിക്കൊണ്ട് അയാൾ നിഷ്ക്രമിക്കുകയാണ്.
വംശീയ സംഘർഷങ്ങളും ശീതസമരവും നിഴൽ പരത്തിയ കാലഘട്ടത്തിൽ സ്നേഹസൗഹൃദങ്ങളുടെ കുളിർകാറ്റനുഭവമാണ് ലില്ലീസ് ഓഫ് ദ ഫീൽഡ്. മികച്ച നടനുള്ള ഓസ്കർ, മികച്ച നടിക്കുള്ള നോമിനേഷൻ, കൂടാതെ ബർലിൻ, ഗോൾഡൻ ഗ്ലോബ് തുടങ്ങിയ വേദികളിലും ഉന്നത ബഹുമതികൾ ഈ ചിത്രം നേടിയെടുത്തു.
ജിജി ജോസഫ് കൂട്ടുമ്മേൽ