രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള്ള അവസരമാക്കി മാറ്റണം. അയൽവാസിയുടെ വീട്ടിൽ വിഭവങ്ങളില്ലെങ്കിൽ ഒരു നേരം അവർക്കുകൂടി ഭക്ഷണം ഒരുക്കിക്കൊടുക്കണം.
വലിയ നോയന്പിന്റെ അർഥവും ആഴവും അനുഭവിച്ചറിഞ്ഞ് വ്യത്യസ്തമായ ദാനധർമം നടത്തിയ പത്തു യുവസൃഹൃത്തുക്കൾ. വലിയ സാന്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങളിൽനിന്നുള്ള കൂലിവേലക്കാരായ ഈ ചെറുപ്പക്കാർ നോയന്പുകാലത്ത് രണ്ട് സദ്കർമങ്ങളാണ് ചെയ്തത്.
പത്തുപേരും ഇക്കഴിഞ്ഞ മാസങ്ങളിൽ രോഗികൾക്ക് രക്തദാനം നടത്തി. ഇതിനൊപ്പം അനാഥയായ വൃദ്ധയ്ക്ക് സർക്കാർ അനുവദിച്ച വീടിന്റെ പണികൾക്ക് ഒരാഴ്ചയിലേറെ ശ്രമദാനം ചെയ്തു. പണംകൊണ്ടു മാത്രമല്ല സേവനംകൊണ്ടും ദാനധർമം ചെയ്ത് സായൂജ്യരാകാം എന്നതിന് ഇതിൽപരം വേറെ എന്തിരിക്കുന്നു.
സഹായത്തിന്റെയും പങ്കുവയ്ക്കലിന്റെയും കാരുണ്യത്തിന്റെയും സന്ദേശം ഇവരുടെ സദ്പ്രവൃത്തികളിൽ വ്യക്തമാണ്. മുടക്കം വരാതെ വിശുദ്ധ കുർബാനയിൽ പങ്കെടുത്തും ആത്മീയ അനുഷ്ഠാനങ്ങൾ നിർവഹിച്ചും വലിയ നോയന്പിനെ ചൈതന്യവത്താക്കിയ ഈ യുവാക്കളെ വാക്കുകളിൽ അഭിനന്ദിച്ചാൽ മതിയാവില്ല.
രക്ഷകനായ യേശുവിന്റെ അന്ത്യദിനങ്ങൾ പൂർണമായും പങ്കുവയ്ക്കലുകളുടേതായിരുല്ലോ. സ്വജീവനും മാംസവും രക്തവും അവിടുന്ന് ലോകജനതയുടെ രക്ഷയ്ക്കായി സമർപ്പിച്ചു. ശിഷ്യൻമാർക്കൊപ്പം നടത്തിയ അന്ത്യ അത്താഴം ഉദാത്തമായൊരു പങ്കുവയ്ക്കലായിരുന്നു.
ഗത്സമെൻ മുതൽ കാൽവരി വരെയുള്ള വേദനയുടെ മണിക്കൂറുകളിൽ സഹനത്തിന്റെയും ക്ഷമയുടെതുമായ നിരവധി നിമിഷങ്ങൾ. ഒറ്റുകാരൻ യൂദാസിനോടും തള്ളിപ്പറഞ്ഞ പത്രോസിനോടും ഓടിമറഞ്ഞ മറ്റു ശിഷ്യരോടും ചാട്ടവാറിനടിച്ചവരോടും അപമാനിച്ചവരോടും വസ്ത്രം കീറിയെടുത്തവരോടും അവിടന്ന് ക്ഷമിച്ചു.
ഭാരപ്പെട്ട കുരിശുമായുള്ള കാൽവരി യാത്രയിൽ മാത്രമല്ല മരണത്തിന്റെ നിമിഷം വരെ തന്നെ സ്നേഹിച്ചവരെയും നിന്ദിച്ചവരെയും ഹൃദയത്തോടു ചേർത്തുനിറുത്തി. തള്ളിപ്പറഞ്ഞ പത്രോസിനെത്തന്നെ നേതാവും താക്കോൽസൂക്ഷിപ്പുകാരനുമാക്കി. തിരുമുഖം തുടച്ച വെറോനിക്കയെയും കുരിശുചുമക്കാൻ സഹായിച്ച കെവുറീൻകാരൻ ശിമയോനെയും കുരിശിൻചുവട്ടിലെ മേരിമാരെയും അവിടന്ന് സ്വന്തം വേദന മറന്ന് ആശ്വസിപ്പിച്ചു, അനുഗ്രഹിച്ചു. നല്ലകള്ളന് മാത്രമല്ല ലോകത്തിനു മുഴുവൻ അവിടന്ന് കുരിശിൽകിടന്നു നിത്യരക്ഷ നൽകി.
ഗാഗുൽത്തായും അതിനപ്പുറം കല്ലറവരെയും നീളുന്ന വ്യഥകളെ ഹൃദയത്തിൽ സ്വാംശീകരിച്ച് പശ്ചാത്തപിച്ച് പാപമോചനം നേടിയ അനുഭവമായിരുന്നു വലിയ നോന്പ്. അൻപതു ദിവസം പ്രാർഥനയുടെയും ഉപവാസത്തിന്റെയും ചൈതന്യത്തിൽ ചെയ്ത നൻമകൾ ദൈവതിരുമനസിനു മുന്നിലെ നിക്ഷേപങ്ങളാണ്. യേശു കാണിച്ചതന്ന പങ്കുവയ്ക്കലിന്റെ ചൈതന്യമാണ് ഇന്നത്തെ ഈസ്റ്റർ സുദിനത്തിലുമുണ്ടാവേണ്ടത്.
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള്ള അവസരമാക്കി മാറ്റണം. അയൽവാസിയുടെ വീട്ടിൽ വിഭവങ്ങളില്ലെങ്കിൽ ഒരു നേരം അവർക്കുകൂടി ഭക്ഷണം ഒരുക്കിക്കൊടുക്കണം.
ഒരുക്കുക മാത്രമല്ല അവരെക്കൂടി വിളിച്ചുചേർത്ത് പങ്കുവച്ചു ഭക്ഷിക്കാനായാൽ അതൊരു മഹനീയ മാതൃകയാണ്. ഗുരുവും നാഥനുമായ യേശു വെണ്കച്ച അരയിൽചുറ്റി ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിനോളം വലിയ എളിമയുടെ ശുശ്രൂഷ വേറെയുണ്ടായിട്ടില്ല.
ഈസ്റ്ററിന് വിശേഷാൽ വിഭവങ്ങൾ വാങ്ങാൻ പണമില്ലാത്തവർക്ക് പണമോ സാധനങ്ങളോ വാങ്ങിക്കൊടുക്കാനായാൽ നോയന്പനുഷ്ഠാനം ഒരു നൻമ പ്രവൃത്തിയിൽ പൂർത്തിയാകും. ദരിദ്രനായ അൽവാസിയെക്കൂടി ഒപ്പംവിളിച്ചു ഭക്ഷിക്കാനായാൽ പങ്കവയ്ക്കലിന്റെ ചൈതന്യമായി മാറും.
ഈ കുറിപ്പിന്റെ തുടക്കത്തിൽ പരിചയപ്പെട്ട ചെറുപ്പക്കാർ ഈസ്റ്റർ എങ്ങനെ ആഘോഷിക്കുമെന്നുകൂടി കേൾക്കുക. ഒരു അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് ഇന്ന് അവർ ഈസ്റ്റർ മുട്ട സമ്മാനിക്കും. അഗതികൾക്കു ശുശ്രൂഷ ചെയ്തശേഷം അവർക്കൊപ്പം പ്രാതൽ കഴിക്കും. അഗതികൾക്കുള്ള ഉച്ചഭക്ഷണം പാചകം ചെയ്തുകൊടുത്തശേഷമേ അവർ വീടുകളിലേക്കു മടങ്ങു.
ഇക്കാലത്തും ഈസ്റ്ററിനെ മഹത്വീകരിക്കുന്ന നൻമയുടെ കതിരുകൾ വീശുന്ന മക്കൾ നമുക്കൊപ്പമുണ്ടെന്നോർക്കുന്പോൾ ഹൃദയത്തിൽ സന്തോഷം നിറയും. ഇത്തരം നൻമകളുടെ അനുഭവമാണ് ഈസ്റ്ററിന്റെ ചൈതന്യം. നിത്യരക്ഷയുടെയും പ്രത്യാശയുടെയും ദൈവാനുഭവം ഏവർക്കും പ്രാർഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
പി.യു. തോമസ്, നവജീവൻ