പാലായ്ക്കു സമീപം പ്രവിത്താനം തോട്ടുപുറത്തു വീട്ടിലെ ഒരു സായാഹ്നം. വിനായക് നിര്‍മലും മക്കളായ ഫ്രാന്‍സിസ് ലിയോയും യൊഹാനും പുസ്തക വായനയിലും സംസാരത്തിലുമാണ്. ഇതിനിടയില്‍ ഇളയ മകന് യൊഹാന്‍ അപ്പനെ പുസ്തകങ്ങളുടെ കാര്യം പറഞ്ഞ് ഒന്നു ട്രോളി. ഉടനെ വിനായകിന്റെ മറുപടി “എടാ, ഞാന്‍ ഒന്നുമല്ലെങ്കിലും പത്തറുപത് പുസ്തകങ്ങള്‍ എഴുതിയ ഒരാളല്ലേ. അങ്ങനെയങ്ങ് ട്രോളേണ്ട”. മകനെ ചൊടിപ്പിക്കാൻ പറഞ്ഞതാണെങ്കിലും എഴുതിയ പുസ്തകങ്ങൾ എത്രയെന്ന കൃത്യമായ ഒാർമ വിനായകിനും ഇല്ലായിരുന്നു. അടുത്ത പുസ്തകത്തിന്റെ കാര്യത്തിനായി ഭരണങ്ങാനും ജീവൻ ബുക്സിൽ പോകുന്പോൾ എത്ര പുസ്തകങ്ങളായി എന്നത് ഒന്നു ചോദിക്കണമെന്ന് അന്നേ മനസിൽ തീരുമാനിച്ചു.
വൈകാതെ ജീവൻ ബുക്സിൽ എത്തിയപ്പോഴാണ് പ്രസാധകനായ അച്ചൻ പറഞ്ഞത്, ഇനി ഇറങ്ങാൻ പോകുന്നത് തന്റെ നൂറാമത്തെ പുസ്തകം ആണെന്ന്. "നീ ഒന്നും അറിയുന്നില്ലെങ്കിലും...' എന്ന കൃതിയായിരുന്നു നൂറാമത്തെ പുസ്തകം. ആ പേര് അർഥവത്തായി തോന്നി. കാരണം, പുസ്തകങ്ങൾ നൂറിലെത്തിയത് വിനായകും അറിഞ്ഞിരുന്നില്ല. ഒപ്പം പുസ്തകത്തിന്റെ പേരിൽ തന്നെ ട്രോളിയ മകന് ഒരു മധുരമുള്ള ഡോസും.. കാരണം അപ്പന്റെ നൂറാമത്തെ പുസ്തകത്തിനൊപ്പം മകൻ യൊഹാൻ ജോസഫ് ബിജുവിന്റെ ആദ്യപുസ്തകവും പ്രകാശനം ചെയ്തു. അപ്പന്റെ വഴിയേ എഴുത്തിലേക്ക് ഇറങ്ങിയ യൊഹാൻ ഇനി പുസ്തകങ്ങളുടെ കാര്യം പറഞ്ഞ് ട്രോളില്ലല്ലോ... ഇതു പറയുന്പോൾ വിനായകിന്റെ മുഖത്ത് കുസൃതി നിറഞ്ഞ പുഞ്ചിരി.
നോട്ടുബുക്കിൽ തുടക്കം
വിനായക് നിര്‍മല്‍ - വായിക്കുകയും എഴുതുകയും ചെയ്യുന്നവർ എപ്പോഴെങ്കിലും ഈ പേര് കേൾക്കാതിരുന്നിട്ടില്ല. നൂറിലധികം പുസ്തകങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ എഴുത്തുകാരന്. കഴിഞ്ഞ 35 വര്‍ഷമായി അക്ഷരലോകത്തെ നിറസാന്നിധ്യം.
പാലാ പ്രവിത്താനം സ്വദേശിയായ വിനായക് നിര്‍മലിന്റെ യഥാര്‍ഥ പേര് ബിജു എന്നാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍, നോട്ട് ബുക്കിലെ ബാക്കി വരുന്ന പേജുകളില്‍ വിനായക് എഴുതിത്തുടങ്ങി. ആദ്യം എഴുതിയതും കുറിച്ചതും ചുരുട്ടി ദൂരെ എറിഞ്ഞെങ്കിലും പിന്നീട് അതു നോവലുകളായി വളർന്നു. എങ്ങനെ എഴുതി എന്നു ചോദിച്ചാല്‍ വിനായകിന് ഇന്നും അറിയില്ല. വലിയ വിദ്യാസമ്പന്നമായ കുടുംബമൊന്നും ആയിരുന്നില്ല വിനായകിന്റേത്. എഴുത്തുമായി ബന്ധപ്പെട്ട വലിയ പാരമ്പര്യങ്ങളുമില്ല. അതിനാല്‍ ദൈവം തന്ന സമ്മാനമാണ് എഴുത്ത് എന്നാണ് വിനായക് വിശ്വസിക്കുന്നത്.
എഴുത്ത് എന്നുപറയുന്നതു ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു തൊഴിലായി കണക്കാക്കുന്നവര്‍ വിരളമായിരുന്ന കാലത്ത് വിനായകിനും വീട്ടില്‍നിന്നു വലിയ പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. മാത്രമല്ല, മുതിര്‍ന്നവരുടെ കണ്ണിലൂടെ നോക്കുമ്പോള്‍ പഠിക്കേണ്ട പ്രായത്തിൽ നോവലുമെഴുതി നടക്കുന്നു. അതുകൊണ്ട് ആരുമത്ര കാര്യമാക്കിയില്ല. പാലാ ടൗണിലെ മുനിസിപ്പല്‍ ലൈബ്രറിയിലെ ചാരുബഞ്ചിലിരുന്ന് ആര്‍ത്തിയോടെ വായിച്ചുതീർന്ന പുസ്തകങ്ങൾ എണ്ണമറ്റവ. പാലായിലെ സാഹിത്യ കൂട്ടായ്മയായ സഹൃദയ സമിതിയില്‍ വെട്ടൂര്‍ രാമന്നായരടക്കമുള്ള പ്രമുഖരുടെ മുമ്പില്‍ കഥകൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു വിനായകിന്റെ തുടക്കം.
ആകാശം നീലയല്ല
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ 1990ല്‍ ദീപനാളം വാരികയില്‍ പ്രസിദ്ധീകരിച്ച ആകാശം നീലയല്ല എന്ന ചെറുകഥയോടെയായിരുന്നു എഴുത്തുജീവിതത്തിന്റെ തുടക്കം. പ്രീഡിഗ്രി പഠനകാലത്ത് ദീപിക ആഴ്ചപ്പതിപ്പില്‍ "ഒരു വട്ടം കൂടി' എന്ന കഥ പ്രസിദ്ധീകരിച്ചു. എം. കൃഷ്ണന്‍നായരുടെ സാഹിത്യ വാരഫലത്തില്‍ മികച്ച കഥയായി ഇതിനെ വിശേഷിപ്പിച്ചെന്ന് അറിഞ്ഞപ്പോൾ അദ്ഭുതമായി. പ്രീ ഡിഗ്രി ക്ലാസിലെ സഹപാഠികളാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. പാലാ സെന്റ് തോമസ് കോളജിലെ മലയാളം ബിരുദ പഠനത്തിലും കാലടി ശ്രീശങ്കര സര്‍വകലാശാലയിലെ ബിരുദാനന്തര പഠനകാലത്തും നിരവധി പ്രസിദ്ധീകരണങ്ങളിലായി നിരവധി കഥകളും ലേഖനങ്ങളും നോവലുകളും പ്രസിദ്ധീകരിച്ചു.
ഭാരതീയ വിദ്യാഭവനില്നിന്നു ജേര്‍ണലിസം ഡിപ്ലോമ നേടിയ വിനായക് സ്നേഹസേന, ക്രിസ്റ്റീന്‍, സ്കൂള്‍ മാസ്റ്റര്‍ എന്നിവിടങ്ങളില്‍ ഏറെനാള്‍ ജോലി ചെയ്തു. തുടര്‍ന്ന് സണ്‍ഡേ ശാലോമില്‍ ദീര്‍ഘകാലം സബ് എഡിറ്ററായി. ഹൃദയവയല് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലും ജോലി നോക്കി. 1997ല്‍ ജീവന് ബുക്സ് പുറത്തിറക്കിയ "പുതിയ കീര്‍ത്തനങ്ങള്‍' എന്ന നോവലെറ്റായിരുന്നു ആദ്യ പുസ്തകം. ഇതിനിടയില്‍ ചെറിയ ഒരു അപകടമുണ്ടായി ഏറെക്കാലം വിശ്രമിക്കേണ്ടി വന്നു.
എഴുത്തുകൊണ്ട് ജീവിക്കണം എന്ന തീരുമാനവും നിശ്ചയവും അതിനായുള്ള സ്വപ്നവുമുണ്ടായിരുന്ന വിനായക് നീണ്ട ഇടവേളയ്ക്കു ശേഷം 2005ല്‍ "രണ്ടു പേര്‍ക്കിടയിലൊരു പുഴയുണ്ട്' എന്ന കൃതിയോടെ വായനയുടെ ലോകത്ത് ശ്രദ്ധേയനായി.
പുതിയ വിഷയങ്ങളിലേക്കും സമകാലിക ജീവിതങ്ങളിലേക്കും എഴുത്തിനെ എത്തിച്ചുകൊണ്ടാണ് വിനായക് വായനക്കാരെ നേടിയത്. ഈ പുസ്തകമാണ് ഏറെ അഭിനന്ദനങ്ങൾ നേടിത്തന്നത്. ഈ പുസ്തകം പുറത്തിറക്കാൻ പബ്ലീഷർമാർ ആദ്യം തയാറല്ലായിരുന്നു എന്നതാണ് രസകരമായ വസ്തുത. വിറ്റുപോകുമെന്ന് ഉറപ്പില്ലത്രേ. ഒടുവിൽ പ്രിന്റിംഗ് കൂലി തവണകളായി കൊടുക്കാമെന്ന വ്യവസ്ഥയിൽ പുസ്തകം പ്രസിദ്ധീകരിച്ചു. എന്നാൽ, പുറത്തിറങ്ങി രണ്ടു മാസം കഴിഞ്ഞപ്പോൾ മുഴുവൻ കോപ്പിയും വിറ്റുപോയി. പിന്നീട് ഇന്നേവരെ പുസ്തകമിറക്കാൻ വിനായകിനു പണം മുടക്കേണ്ടി വന്നിട്ടില്ല.
വേറിട്ട ശൈലി
മഴ അപ്പോഴും പെയ്തുതോര്‍ന്നിരുന്നില്ല, കടല്‍ ഒരു പര്യായമാണ്, പുകമഞ്ഞില്‍ മറയാത്ത മുഖങ്ങള്‍, ശീര്‍ഷകമില്ലാത്ത വിചാരങ്ങള്‍, പറയാതെ പോകുമ്പോള്‍ അറിയാതെ പോകുന്നത് എന്നിങ്ങനെ ശ്രദ്ധിക്കപ്പെട്ട കൃതികൾക്കുതാഴെ വിനായക് നിർമൽ എന്ന പേര് തെളിഞ്ഞു.
ജീവിതം, സ്നേഹം, വീട്, പ്രകൃതി, കുട്ടികൾ, ആത്മീയത... അങ്ങനെ വിനായകിന്റെ എഴുത്തുകളിൽ കടന്നുവരാത്ത വിഷയങ്ങളില്ല.
മരണത്തെക്കുറിച്ചു മലയാളത്തില്‍ ഇറങ്ങിയതില്‍ ഏറ്റവും സുന്ദരമായ കൃതി വിനായകിന്റേതാണ്, നിദ്ര.
വിശുദ്ധരുടെ ജീവചരിത്രങ്ങളുടെ ശ്രേണിയില്‍ ഇടം പിടിച്ച ശ്രദ്ധേയ രചനകളാണ് നോവല്‍ രൂപത്തില്‍ എഴുതിയ വിശുദ്ധ അലോഷ്യസ് ഗോണ്‍സാഗ, മറിയം ത്രേസ്യയുടെ ജീവിതകഥയായ ക്രൂശിതന്റെ സ്നേഹിത, ഫ്രാന്‍സിസ് സേവ്യറിന്റെ ജീവിതം പറയുന്ന കടല്‍ കടന്നെത്തിയ സ്നേഹം , കൊച്ചുത്രേസ്യയുടെ മാതാപിതാക്കളെക്കുറിച്ചെഴുതിയ വിശുദ്ധ കുടുംബം, ജോണ്‍ ഇരുപത്തിമൂന്നാമനെക്കുറിച്ചുള്ള അവന്റെ പേര് യോഹന്നാന് എന്നാണ് എന്നിങ്ങനെ വിശുദ്ധരെക്കുറിച്ചു നിരവധി പുസ്തകങ്ങൾ. മറിയവും യൗസേപ്പും വിനായകിന്റെ കൃതികളിൽ ഇടംപിടിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയും അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസും തമ്മിലുള്ള താരതമ്യപഠനമാണ് ഫ്രാന്‍സിസ് അന്നും ഇന്നും. അങ്ങനെ ആത്മീയ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ. സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളിലേക്കുള്ള സഞ്ചാരം. നോവലിനും കഥാ സമാഹാരത്തിനും പുറമേ നാലു പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചെറുകഥകളിലൂടെയാണ് തുടക്കം. നോവലെറ്റ്, നോവൽ എന്നിങ്ങനെ അതു വളർന്നു. വിധവകളുടെ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും കാണിച്ചുതരുന്ന വൈധവ്യം പോലൊരു കൃതി മലയാളത്തില്‍ മറ്റൊന്നില്ലെന്നു പറയാം.
അന്ത്യമണിക്കൂറിന്റെ അടയാളങ്ങള്‍, ക്രിസ്തുവിന്റെ രണ്ടാം വരവിനെ ബൈബിള്‍പശ്ചാത്തലത്തില്‍ വിശദീകരിക്കുന്ന പുസ്തകമാണ്. 101 ചോദ്യങ്ങള്‍ സാധാരണക്കാരുടെ ആത്മീയ സംശയങ്ങള്‍ക്ക് സാധാരണക്കാരന്റെ ഭാഷയില്‍ മറുപടി നൽകുന്ന കൃതിയാണ്.
നോവല്‍, ചെറുകഥ, ലേഖനം, ആത്മീയം, സാഹിത്യം, സിനിമ, ജീവചരിത്രം, ബാലസാഹിത്യം, വിവര്‍ത്തനം ഇങ്ങനെ വൈവിധ്യമായ മേഖലകളിൽ കൈയൊപ്പ് ചാർത്തിയ എഴുത്തുകാർ തന്നെ ചുരുക്കം. വിനായകിന്റെ 100-ാമത്തെയും മകന് യൊഹാന്റെ ആദ്യത്തെയും പുസ്തകത്തിന്റെ പ്രകാശനം കഴിഞ്ഞ സെപ്റ്റംബര്‍ 28നു ഭരണങ്ങാനം അസീസി ആര്‍ക്കേഡില്‍ നടന്നു.
യൊഹാന്റെ ആദ്യ പുസ്തകം
യൊഹാന്‍ ജോസഫ് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉദ്ധരണികളും ചെറിയ വാചകങ്ങളും നോട്ടു ബുക്കില്‍ കുറിച്ചിരുന്നു. എഴുത്തിനോടും വായനയോടും ചെറുപ്പത്തിലേ താത്പര്യം പ്രകടിപ്പിച്ചിരുന്ന മകനെ വിനായക് പ്രോത്സാഹിപ്പിച്ചു. കുറിക്കുന്ന കഥകള്‍ നോവലായി അവതരിപ്പിക്കാന്‍ യോഹനു പ്രത്യേക കഴിവുണ്ടായിരുന്നു. ആദ്യ കുറിപ്പുകള്‍ 28 അധ്യായങ്ങളുണ്ടായിരുന്നു. ഭാഷാപരമായ തെറ്റുകളും മറ്റും തിരുത്തി യൊഹാന്റെ കഥ "മിഷന് ടു എ മിസ്റ്റീരിയസ് വില്ലേജ്' എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്. സഹോദരന് ഫ്രാന്‍സിസാണ് ബുക്കിന്റെ കവറും ചിത്രീകരണവും തയാറാക്കിയത്. അധ്യാപികയായ ഷീജ ഭർത്താവിന്റെയും മകന്റെയും എഴുത്തിന് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്.
ജിബിൻ കുര്യൻ