ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയിലുണ്ട്. വലിയ നോന്പിന്റെ ഈ ദിവസങ്ങളിൽ ചെറുതോ വലുതോ ആയ നിരവധി നൻമകൾ ചെയ്യാൻ ഏവർക്കും ഒരുപാട് അവസരങ്ങളുണ്ട്. പണത്തിന്റെ വലിപ്പത്തിലല്ല മനസിന്റെ വിശാലതയിലാണ് നൻമയുടെ ചൈതന്യം കുടികൊള്ളുന്നത്.
നന്മ നിറഞ്ഞ കുറെയേറെ വാർത്തകൾ വായിക്കാൻ ഈയിടെ ഇടയായി. നാട്ടിക സ്കൂളിലെ വിദ്യാർഥിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാൻ കൂട്ടുകാർ മൂന്നു മാസം ബിരിയാണിയും സമ്മാനക്കൂപ്പണും ഹാൻഡ് വാഷും വിറ്റ് രണ്ടു ലക്ഷം രൂപ സമാഹരിച്ച് ബാധ്യത തീർത്തതാണ് അതിലൊന്ന്.
ഹൃദയശസ്ത്രക്രിയ നടത്താൻ കൂട്ടുകാർ പഞ്ചായത്ത് ഒട്ടാകെ കയറിയിറങ്ങി ആറു ലക്ഷം രൂപ സ്വരൂപിച്ചതാണ് മറ്റൊരു വാർത്ത. പാവപ്പെട്ട സഹപാഠികൾക്ക് നോട്ട് ബുക്കും ബാഗും കുടയും വാങ്ങാൻ വിദ്യാർഥികൾ വീടുകളിൽ കുടുക്കവച്ച് പണം സ്വരൂപിച്ചത് വേറൊരു വാർത്ത. അധ്യാപകർ റിട്ടയർമെന്റ് വേളയിൽ സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്ക് വീട് പണിതു കൊടുത്തതും മറ്റൊരു നന്മ.
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയിലുണ്ട്. വലിയ നോന്പിന്റെ ഈ ദിവസങ്ങളിൽ ചെറുതോ വലുതോ ആയ നിരവധി നൻമകൾ ചെയ്യാൻ ഏവർക്കും ഒരുപാട് അവസരങ്ങളുണ്ട്. പണത്തിന്റെ വലിപ്പത്തിലല്ല മനസിന്റെ വിശാലതയിലാണ് നൻമയുടെ ചൈതന്യം കുടികൊള്ളുന്നത്.
പുകവലിയുടെ ആസക്തിയിൽപ്പെട്ട ഒരു മെഡിക്കൽ വിദ്യാർഥി മുൻപൊരു നോന്പുകാലത്ത് വലി നിറുത്താൻ തീരുമാനമെടുത്തു. ദിവസം അൻപതു രൂപയുടെ സിഗരറ്റ് വലിച്ചിരുന്ന യുവാവ് ആ തുക പ്രത്യേകമായി കരുതിവയ്ക്കാൻ തുടങ്ങി. ഈ സദ്പ്രവൃത്തിയിൽ ആകൃഷ്ടരായ പത്ത് സഹപാഠികൾ പുകവലി നിറുത്തി പണം സ്വരൂപിച്ചു.
നോന്പ് പിന്നിടുന്പോൾ പതിനായിരത്തിലേറെ രൂപ അവർക്ക് ബാക്കിവയ്ക്കാനായി. കോട്ടയം മെഡിക്കൽ കോളജിലെ കാൻസർവാർഡിൽ അവർ പതിവായി കണ്ടിരുന്ന ഒരു രോഗിയുടെ ശസ്ത്രക്രിയാ ചെലവ് മെഡിക്കൽ വിദ്യാർഥികൾ ഏറ്റെടുത്തു. ഒരു രോഗിയെ സാന്പത്തികമായി സഹായിച്ചു എന്നതിനൊപ്പം പുകവലിയുടെ ആസക്തിയിൽ നിന്ന് വിട പറയാൻ നോന്പുകാലം ആ യുവാക്കൾക്ക് അവസരമായി.
ഇത്തരത്തിൽ മദ്യപാനത്തിനും ആഡംബരത്തിനും വലിയ തോതിൽ പണം ചെലവഴിക്കുന്ന എത്രയോ പേർ നമ്മുടെയിടയിലുണ്ട്. ഒരു വ്യക്തിയ്ക്ക് മനംമാറ്റമുണ്ടായി മദ്യമോ മയക്കുമരുന്നോ ഉപേക്ഷിച്ചാൽ നിരവധി കൂട്ടുകാരെ ആ സമൂഹ തിൻമയിൽനിന്ന് മോചിപ്പിക്കാൻ കഴിയും.
ഇത്തരത്തിൽ ഓരോ വ്യക്തിയും സമൂഹത്തിൽ നന്മയുടെ വലിയ സന്ദേശം പകരുന്നവരായി മാറണം. നന്മ ചെയ്യാൻ തയാറാകുന്പോൾ നാം നിരവധിയായ തിൻമകളിൽനിന്ന് മോചിതരാകുന്നു എന്നതാണ് പ്രസക്തമായ കാര്യം.
വലിയ നോന്പിലെ അൻപതു ദിവസവും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി ആ പണം കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ കുഞ്ഞുങ്ങൾക്ക് റൊട്ടി വാങ്ങിക്കൊടുക്കാൻ വിനിയോഗിച്ചിരുന്ന ഒരു നിര നഴ്സിംഗ് വിദ്യാർഥിനികളെ അടുത്തു കാണാനിടയായിട്ടുണ്ട്.
അറിഞ്ഞുകൊണ്ട് ചെയ്യുന്ന ഓരോ നൻമയ്ക്കും അതിന്റെ പതിൻമടങ്ങ് പ്രതിഫലം ദൈവം തരുമെന്നത് തീർച്ചയാണ്. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി ആ തുക കുഞ്ഞുങ്ങളുടെ വിശപ്പകറ്റാൻ മനസുകാണിച്ച നഴ്സിംഗ് വിദ്യാർഥിനികൾ ഏറെപ്പേരും ഇപ്പോൾ വിദേശരാജ്യങ്ങളിൽ വലിയ സാന്പത്തിക ഭദ്രതയിൽ കഴിയുന്നു. അവരിൽ കുറേപ്പേർ സർക്കാർ സർവീസിൽ ആരോഗ്യവകുപ്പ് ജീവനക്കാരായി സേവനം ചെയ്യുന്നു.
കുഞ്ഞുമക്കളെവരെ പരോപകാരികളാക്കി മാറ്റാനുള്ള പരിശീലനവും ഉപദേശവും മാതാപിതാക്കൾ നൽകണം. സ്വാർഥത വലിയൊരു തിൻമയാണ്. എനിക്ക് ചെയ്യാനാവുന്ന കൃപ ആവുംവിധം മറ്റൊരാൾക്ക് ഇരുചെവിയറിയാതെ ചെയ്യാനായാൽ അതു വലിയ കൃപയും പുണ്യവുമാണ്.
ഒരു വ്യക്തിയിൽ തുടങ്ങുന്ന നൻമപ്രവൃത്തി പലയിടങ്ങളിലായി അനേകായിരം പേരെ നൻമയിലേക്ക് നയിക്കും. നാട്ടിക സ്കൂളിലെ കുട്ടികൾ സഹപാഠിക്കായി കൈകോർത്തത് വരുംനാളിൽ നിരവധി സ്കൂളുകളിലെ വിദ്യാർഥികൾ മാതൃകയാക്കുന്പോൾ സംസ്ഥാനത്തുതന്നെ അതൊരു വലിയ സംഭവമായി മാറും.
പല സ്കൂളുകളിൽ നിന്നും കുട്ടികളുടെ സംഘം പൊതിച്ചോറുമായി കോട്ടയം മെഡിക്കൽ കോളജിൽ രോഗികളെ സന്ദർശിക്കാൻ വരുന്നത് കാണാറുണ്ട്. വിശപ്പിന്റെ വില അറിയാനും രോഗികളുടെ വേദനകൾ കാണാനും ഇടയാകുന്ന കുട്ടികളിൽ കരുണയുടെ മനസ് ഉളവാകാൻ ഈ പരോപകാര പ്രവൃത്തികൾ ഇടവരുത്തും.
അധാർമിക വാർത്തകൾക്കു പകരം നാട്ടികയിലേതുപോലുള്ള ശുഭസൂചകമായ വാർത്തകൾ നമ്മുടെ മാധ്യമങ്ങളിൽ കൂടുതലായി വന്നിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുപോകുന്നു.
പി.യു. തോമസ്, നവജീവൻ