പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച്ചു, പുളിപ്പില്ലാതായി എന്നൊക്കെയാണ് പ്തറിനു നിഘണ്ടുക്കൾ നൽകുന്ന അർഥം. നോമ്പാരംഭിക്കുന്നതിനു മുന്പ് വിശ്വാസികൾ അതുവരെ തുടർന്ന ഒരു പ്രത്യേക രീതിയിലുള്ള ജീവിതം അവസാനിപ്പിച്ചു മറ്റൊന്നിലേക്കു കടന്നു പോകുന്ന ഒരു പുതിയ ആരംഭത്തിന്റെ ദിനം എന്നു വ്യാഖ്യാനിക്കാമെന്നു ഡോ. ജോർജ് കുരിക്കൂർ അഭിപ്രായപ്പെടുന്നു.
പേത്തുർത്ത: നമ്മിൽ മിക്കവർക്കും പരിചയമുള്ള വാക്കാണിത്. നോമ്പാരംഭിക്കുന്നതിന്റെ തലേ ദിവസത്തെ വിളിക്കുന്ന പേരാണ് പേത്തുർത്ത. പ്രധാനപ്പെട്ട സുറിയാനി ഭാഷാ നിഘണ്ടുക്കളിൽ ഈ പദം കാണാനില്ല. പേത്തുർത്ത എന്ന പദത്തിന്റെ ഉദ്ഭവത്തെക്കുറിച്ചു വ്യത്യസ്തങ്ങളായ വീക്ഷണങ്ങൾ ഉണ്ട്.
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച്ചു, പുളിപ്പില്ലാതായി എന്നൊക്കെയാണ് പ്തറിനു നിഘണ്ടുക്കൾ നൽകുന്ന അർഥം. നോമ്പാരംഭിക്കുന്നതിനു മുന്പ് വിശ്വാസികൾ അതുവരെ തുടർന്ന ഒരു പ്രത്യേക രീതിയിലുള്ള ജീവിതം അവസാനിപ്പിച്ചു മറ്റൊന്നിലേക്കു കടന്നു പോകുന്ന ഒരു പുതിയ ആരംഭത്തിന്റെ ദിനം എന്നു വ്യാഖ്യാനിക്കാമെന്നു ഡോ. ജോർജ് കുരിക്കൂർ അഭിപ്രായപ്പെടുന്നു.
സുറിയാനി ഭാഷയിലെ ബെസ്രാത്ത എന്ന പദത്തിൽനിന്നു മലബാറിൽ രൂപപ്പെട്ടതാണ് പേത്തുർത്ത എന്നും മറ്റു ചിലർ വാദിക്കുന്നുണ്ട്. കുറ്റിക്കാട്ട് പൗലോസ് കത്തനാർ 1899ൽ എറണാകുളം സെന്റ് ജോസഫ്സ് അച്ചുകൂടത്തിൽനിന്നു പ്രസിദ്ധീകരിച്ച സുറിയാനി വ്യാകരണ പ്രവേശികയിൽ ബെസ്രാത്ത എന്ന വാക്കിനു ജീവനുള്ള മാംസങ്ങൾ എന്നാണ് അർഥം നല്കിയിരിക്കുന്നത്. സുറിയാനി ക്രിസ്ത്യാനികൾ അവരുടെ കഴിവിനൊത്തവണ്ണം ആർഭാടത്തോടെ സമ്യദ്ധമായി ഭക്ഷണം കഴിക്കുന്ന ദിവസം കൂടിയാണ് പേത്തുർത്ത.
കുന്നുപോലെ ഭക്ഷണം ശേഖരിക്കുന്ന നാൾ എന്നുള്ള അർഥത്തിൽ നോമ്പിന്റെ തലേദിവസത്തിന് "പേത്തുർത്ത'' എന്നു പേരു വന്നിരിക്കുന്നതായി കോനാട്ട് മാത്തൻ മല്പാൻ എഴുതിയ ഒരു ലേഖനത്തിൽ പറയുന്നു. നോന്പ് ആരംഭിക്കുന്നതിന്റെ തലേന്നു വീടുകളിൽ അവശേഷിക്കുന്ന മത്സ്യ-മാംസാദികളെല്ലാം കഴിച്ചുതീർത്ത് നോന്പിനായി ഒരുങ്ങുന്ന പാരന്പര്യമാണ് പേർത്തുർത്തയ്ക്ക് ഉണ്ടായിരുന്നത്. ഇത്തരം ഭക്ഷണങ്ങൾ പാകം ചെയ്യുന്ന പാത്രങ്ങളും മറ്റും നോന്പ് തീരുംവരെ കഴുകി മാറ്റിവയ്ക്കുമായിരുന്നു. കാലക്രമത്തിൽ ഈ ദിനം പ്രത്യേക ഭക്ഷണങ്ങളൊക്കെ ഒരുക്കി ആഘോഷമാക്കുന്ന രീതി വന്നു.
ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളിൽ ഈ ദിവസം ’ശുദ്ധമാന കിംകിസീസിമാ എന്ന ഞായറാഴ്ച’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. കിംകിസീസിമാ (Quinquagesima) എന്ന ലത്തീൻ പദത്തിന്റെ അർഥം അമ്പതാമത്തെ ദിവസം എന്നാണ്. ഉയിർപ്പു തിരുനാളിന്റെ അമ്പതു ദിവസം മുമ്പിലത്തെ ഞായർ എന്ന നിലയിലാണ് ഈ ഞായർ ഇപ്രകാരം വിളിക്കപ്പെടുന്നത്.
മാത്യു ആന്റണി