നീന്തൽക്കുളത്തിലിറങ്ങിയാൽ കുറച്ചുനേരം നീന്താമെന്നല്ലാതെ എന്തു സാധിക്കുമെന്നു ചിന്തിച്ച കുട്ടനാട്ടുകാരെ സർക്കാർ ജോലികളിലേക്കു നീന്തിക്കയറ്റിയ പ്രതിഭാശാലി. 25 മീറ്റർ നീളമുള്ള ഒരു അംഗീകൃത നീന്തൽക്കുളം പോലുമില്ലാത്ത കുട്ടനാട്ടിൽനിന്ന് 40 വർഷത്തിനിടെ 262 പേർ കേന്ദ്ര-സംസ്ഥാന-വിദേശ സർക്കാർ സർവീസിലേക്കു നീന്തിക്കയറിയപ്പോൾ അതിനു പിന്നിൽ രാരിച്ചൻ മുല്ലാക്കൽ എന്ന നീന്തൽ താരത്തിന്റെ കൈയൊപ്പുണ്ടായിരുന്നു. ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ എന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്പോഴും അദ്ദേഹം സമയം കിട്ടുന്പോഴെല്ലാം നീന്തൽ പാഠങ്ങളുമായി പരിശീലക വേഷത്തിൽ സജീവമായിരുന്നു. 39 വർഷത്തെ സേവനത്തിനൊടുവിൽ മാനേജർ തസ്തികയിൽ വിരമിച്ച ശേഷം നീന്തൽക്കുളത്തിലായി ജീവിതം. അതോടൊപ്പം ഇതിനകം ഇരുനൂറ്റന്പതിലേറെ പേർക്കു പുതുജീവിതം സമ്മാനിച്ചതിന്റെ സന്തോഷവും. ഇപ്പോൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന ചമ്പക്കുളം വൈശ്യംഭാഗം മുല്ലാക്കൽ വീട്ടിൽ തോമസ്-കുഞ്ഞമ്മ ദമ്പതികളുടെ മകനാണ് ഈ പ്രതിഭാശാലി.
ജോലിയുടെ ട്രാക്കിലേക്ക്
ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ മുതൽ 2024 സ്കൂൾ നാഷണൽ മീറ്റിൽ 200 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയ അഭിനവ് (ഇന്ത്യൻ റെയിൽവേയിൽ നിയമനം നേടി) വരെ ഈ കുട്ടനാട്ടുകാരന്റെ പരിശീലനത്തിന്റെ പിൻബലത്തിൽ സർക്കാർ തൊഴിൽ നേടിയവരാണ്. നീന്തൽ പരിശീലിപ്പിക്കുക മാത്രമല്ല, ഏതൊക്കെ സർക്കാർ വകുപ്പുകളിൽ, വിഭാഗങ്ങളിൽ നീന്തൽ താരങ്ങൾക്ക് അവസരമുണ്ടെന്നു കണ്ടെത്തി അതിലേക്ക് ശിഷ്യരെ നയിക്കാൻ സമയവും അധ്വാനവും നീക്കിവയ്ക്കുന്നുവെന്നതാണ് രാരിച്ചൻ എന്ന പരിശീലകനെ വ്യത്യസ്തനാക്കുന്നത്. ശിഷ്യരുടെ ഭാവി ഭദ്രമാക്കുക തന്റെ കടമയാണെന്ന് അദ്ദേഹം പറയുന്നു.
നീന്തൽക്കുളത്തിലെ താരം
ചമ്പക്കുളം സെന്റ് മേരീസ് സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ്, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി 1984ൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജൂണിയർ ക്ലാർക്ക് ആയി ജോലിയിൽ പ്രവേശിക്കുമ്പോൾ അവിഭക്ത കേരള സർവകലാശാലയുടെ നീന്തൽരംഗത്തെ സൂപ്പർ താരമായിരുന്നു രാരിച്ചൻ. അഞ്ചു വർഷമാണ് കേരള സർവകലാശാലയെ പ്രതിനിധീകരിച്ചത്.1984ൽ സർവകലാശാലാ ക്യാപ്റ്റനായി ഒാൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നീന്തൽ മത്സരങ്ങളിൽ പങ്കെടുത്ത് റിലേയിൽ ഉൾപ്പെടെ ഏഴു മെഡലുകളാണ് നീന്തിയെടുത്തത്.
നൂറ്, ഇരുനൂറ് ഫ്രീസ്റ്റൈൽ, ബാക്ക് സ്ട്രോക് എന്നിവയാണ് പ്രധാന ഇനങ്ങൾ. സർക്കാർ ജോലിയിൽ പ്രവേശിച്ച ശേഷം 1984- 1987 വർഷങ്ങളിൽ പബ്ലിക് സെക്ടർ മത്സരങ്ങളിൽ പങ്കെടുത്തു നിരവധി നേട്ടങ്ങൾ കൊയ്തു. കേരളത്തിനു വേണ്ടിയും ദേശീയ മത്സരങ്ങളിലടക്കം മെഡലുകൾ നേടി.
ചെറുപ്പത്തിലെ നീന്തൽ
വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിൽ ജീവിക്കണമെങ്കിൽ കുറച്ചെങ്കിലും നീന്തൽ പഠിക്കണമെന്നു തിരിച്ചറിഞ്ഞ് നീന്താനിറങ്ങിയ രാരിച്ചനെ നീന്തൽ ഗൗരവത്തിലെടുക്കാൻ പ്രേരിപ്പിച്ചത് 1977ൽ വൈശ്യംഭാഗത്തു രൂപീകൃതമായ ബ്രദേഴ്സ് സ്പോർട്ടിംഗ് ക്ലബ്ബായിരുന്നു. നടുഭാഗം, ചമ്പക്കുളം, വൈശ്യംഭാഗം, കഞ്ഞിപ്പാടം, കരുമാടി തുടങ്ങിയ പ്രദേശങ്ങളിലുള്ള കുട്ടികൾക്കു നീന്തൽ പരിശീലനം നൽകുക എന്നതായിരുന്നു ക്ലബ്ബിന്റെ ലക്ഷ്യം. ആദ്യമായി ശാസ്ത്രീയ പരിശിലനം കിട്ടിയത് നെടുമുടിയിൽ കോമളം എന്നയാളിൽനിന്നായിരുന്നു. അവിടെത്തുടങ്ങിയ നീന്തൽക്കുതിപ്പ് ദേശീയതലത്തിൽ വരെയെത്തി. തനിക്കുണ്ടായ നേട്ടവുമായി സ്വന്തം കാര്യം നോക്കി പോകാനല്ല, കൂടെയുള്ളവരെയും നാട്ടുകാരെയുമൊക്കെ നീന്തൽക്കുളത്തിലിറക്കി നേട്ടങ്ങളുടെ വഴി കാണിച്ചുകൊടുക്കാനായി പിന്നത്തെ ശ്രമം.
പുതുതാരങ്ങൾ
ദേശീയ താരങ്ങൾ അടക്കം നിരവധി പേർ രാരിച്ചനിൽനിന്ന് നീന്തൽ പാഠങ്ങൾ സ്വന്തമാക്കി. ഇന്ത്യൻ നേവി നീന്തൽതാരവും ഇന്ത്യൻ വാട്ടർ പോളോ ടീമിന്റെ ക്യാപ്റ്റനുമായിരുന്ന സിബി ജോസഫ് ആര്യങ്കരയിൽ തുടങ്ങി നിരവധി ദേശീയ അന്തർദേശീയ താരങ്ങൾ കുട്ടനാട്ടിൽനിന്നു നീന്തിക്കയറി. ഒരു കാലത്തു കരസേനയുടെ മദ്രാസ് റെജിമെൻറിന്റെ അഭിമാനമായിരുന്ന നീന്തൽ താരങ്ങളിൽ മിക്കവരും രാരിച്ചന്റെ നേരിട്ടും അല്ലാതെയുമുള്ള മാർഗനിർദേശമനുസരിച്ചു നീന്തൽ പരിശീലിച്ചവരായിരുന്നു. ഇന്ത്യൻ റെയിൽവേ, പ്രതിരോധ സേനകൾ, ബിഎസ്എഫ്, കേരള പോലീസ്, സിആർപിഎഫ്, എഫ്സിഐ, ഐടിബിപി, സിഐഎസ്എഫ് തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഇന്ന് ഇദ്ദേഹം പരിശീലിപ്പിച്ചവർ ജോലി ചെയ്യുന്നു. കൂടാതെ വിദേശ രാജ്യങ്ങളിൽ നീന്തൽ പരിശീലകരായും ലൈഫ്ഗാർഡായും ജോലി നോക്കുന്നവരും നിരവധി.
ഒരു നീന്തൽക്കുളമെങ്കിലും
വെള്ളത്തിന്റെ നാടായ കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിൽ ഒരിടത്തുപോലും 25 മീറ്റർ നീളമുള്ള ഒരു നീന്തൽക്കുളം ഇല്ല എന്നതാണ് ഇന്നും അദ്ദേഹത്തിന്റെ സങ്കടം. പുഴകളുടെയും തോടുകളുടെയും അരികിൽ മുളകെട്ടി തിരിച്ച താത്കാലിക നീന്തൽ പരിശീലനകേന്ദ്രങ്ങളിലൂടെ വളർന്നു വന്നവരാണ് രാരിച്ചനും പിൻഗാമികളും. അംഗീകൃത നീന്തൽകുളങ്ങളും സൗകര്യങ്ങളും ലഭ്യമായാൽ ദേശീയ, അന്തർദേശീയ താരങ്ങൾ ഇനിയും ഈ നാട്ടിൽനിന്നുണ്ടാകുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. കാരണം, കുട്ടനാട്ടിലെ ആളുകളുടെ ശരീരപ്രകൃതിതന്നെ നീന്തലിനു ചേർന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മലിനമായ വെള്ളത്തിൽ പോലും പരിശീലനത്തിന് ഇറങ്ങേണ്ട സ്ഥിതിയാണ് കുട്ടനാട്ടിൽ. ആലപ്പുഴയിൽ ഒരു നീന്തൽക്കുളമുണ്ടെങ്കിലും അവിടേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും നിർമാണത്തിലെ അപാകതയും പലരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.
ആലപ്പുഴ ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ രാരിച്ചന്റെ സ്വപ്നം കുട്ടനാട്ടിലെ നാലു പഞ്ചായത്തുകളിലെങ്കിലും 25 മീറ്റർ നീളത്തിൽ ശാസ്ത്രീയ നീന്തൽക്കുളങ്ങൾ നിർമിക്കുക എന്നതാണ്. റെയിൽവേയിൽ ചീഫ് റിസർവേഷൻ സൂപ്പർവൈസറായ ബീന പീറ്റർ ആണ് ഭാര്യ. ബീന മുൻ അന്തർദേശീയ അത്ലറ്റും സാഫ് ഗെയിംസ്, ലോക ജൂണിയർ അത്ലറ്റിക് മീറ്റ് എന്നിവയിൽ പങ്കെടുത്തിട്ടുള്ള താരവുമാണ്. മക്കൾ: ഡോ. ടോം തോമസ്, ഫാർമക്കോളജിസ്റ്റായ പീറ്റ് തോമസ്. ഇനിയും കൂടുതൽ പേരെ നീന്തലിലൂടെ ജീവിതവിജയത്തിലേക്കു നയിക്കാനുള്ള രാരിച്ചന്റെ പരിശ്രമങ്ങളിൽ കുടുംബവും ഒപ്പമുണ്ട്.
ആന്റണി ആറിൽചിറ, ചമ്പക്കുളം